'വലിയ ചന്ദനാദി ബെസ്റ്റാ, ഓർമശക്തി കൂടും', മാരാർക്ക് മുന്നിൽപ്പെട്ട രാമൻ നായർ, ടി പി മാധവന്റെ ആ വേഷങ്ങൾ

കാലമെത്ര കഴിഞ്ഞാലും ആ കഥാപാത്രങ്ങളിലൂടെ ടി പി മാധവൻ പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുക തന്നെ ചെയ്യും. 

late actor tp madhavan filmography, narasimham

രു കാലഘട്ടത്തിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടനായിരുന്നു ടി പി മാധവൻ. നടൻ മധുവുമായുള്ള അടുപ്പത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അദ്ദേഹം ഇതിനോടകം അഭിനയിച്ചു തീർത്തത് അറുന്നൂറോളം സിനിമകള്‍. മധു തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനൊപ്പവും അദ്ദേഹം ബി​ഗ് സ്ക്രീനിലെത്തി. കാര്യസ്ഥനായി, അച്ഛനായി, അമ്മാവനായി, മാനേജരായി, ​ഗുമസ്ഥനായി അങ്ങനെ പല പല വേഷങ്ങൾ. 

ഒരു പക്ഷേ മലയാളികൾക്ക് ടി പി മാധവൻ എന്ന് പറയുമ്പോൾ ആദ്യം മനസിൽ വരുന്നത് ഒരു സംഭാഷണം ആയിരിക്കും. 'വലിയ ചന്ദനാദി ബെസ്റ്റാ, ഓർമശക്തി കൂടും' എന്നതാണ് ആ സംഭാഷണം. മോഹൻലാൽ നായകനായി എത്തിയ നരസിം​ഹം എന്ന സിനിമയിലെ ഡയലോ​ഗ് ആണിത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാർ കോടതിയില്‍ കത്തിക്കയറിയപ്പോൾ പെട്ട് പോയത് രാമൻ നായർ ആയിരുന്നു. സാക്ഷിക്കൂട്ടിൽ പരിഭ്രാന്തനായി നിന്ന ആ രാമൻ നായരെ മറക്കാന്‍ മലയാളികള്‍ക്ക് എങ്ങനെ സാധിക്കും. 

പേരു പോലും അത്രകണ്ട് പ്രസക്തമല്ലാത്ത വേഷങ്ങളിലും ടി പി മാധവൻ അഭിനയിച്ചിട്ടുണ്ട്. അത്തരത്തിലൊരു സിനിമയായിരുന്നു നാടോടിക്കാറ്റ്. ദാസനും വിജയനും കറുത്ത കണ്ണടയും വച്ച് ഓഫീസ് മേധാവിക്കരികിൽ നിന്നപ്പോഴും മുന്നിൽ ടി പി മാധവൻ എന്ന അതുല്യ കലാകാരൻ ആയിരുന്നു. അത്തരത്തിൽ ചെറുതും വലുതുമായ ഒട്ടനവധി സിനിമകളിൽ അദ്ദേഹം മലയാളികൾക്ക് മുന്നിലെത്തി. 

പത്രപ്രവർത്തകനായി കരിയർ ആരംഭിച്ച ടിപി മാധവൻ നാല്പതാമത്തെ വയസിലാണ് സിനിമയിൽ എത്തുന്നത്. കാമം ക്രോധം മോഹം ആയിരുന്നു ആദ്യ സിനിമ. രാഗം എന്ന സിനിമയിൽ അദ്ദേഹം ശ്രദ്ധനേടി. മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, വിയറ്റ്‌നാം കോളനി തുടങ്ങി ഒട്ടനവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങളിൽ എത്തി. സിനിമകള്‍ക്ക് ഒപ്പം തന്നെ സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. കാലമെത്ര കഴിഞ്ഞാലും ആ കഥാപാത്രങ്ങളിലൂടെ ടി പി മാധവൻ പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുക തന്നെ ചെയ്യും. 

നടൻ ടി പി മാധവൻ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios