'എആര്‍എം എത്തി, കിഷ്‌കിന്ധ കാണ്ഡം എപ്പോ എത്തും': സുപ്രധാന അപ്ഡേറ്റ്
ടൊവിനോയുടെ അജയന്‍റെ രണ്ടാം മോഷണം ഒടിടി റിലീസ് കഴിഞ്ഞതിന് പിന്നാലെ, ആസിഫ് അലിയുടെയും അപർണ ബാലമുരളിയുടെയും കിഷ്കിന്ധ കാണ്ഡവും ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസംബറിൽ ഡിസ്നി ഹോട്ട്‌സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
കൊച്ചി: അജയന്‍റെ രണ്ടാം മോഷണം ഒടിടി റിലീസ് കഴിഞ്ഞ ദിവസമാണ് ഡിസ്നി ഹോട്ട്‌സ്റ്റാറിൽ നടന്നത്. ഈ ടൊവിനോ ചിത്രം മികച്ച രീതിയില്‍ പ്രേക്ഷക അഭിപ്രായം നേടുന്നതിനിടെ ഈ ചിത്രത്തിനൊപ്പം തീയറ്റര്‍ റിലീസായി എത്തിയ ആസിഫ് അലിയുടെയും അപർണ ബാലമുരളിയുടെയും കിഷ്‌കിന്ധ കാണ്ഡം ഒടിടി റിലീസിന് ഒരുങ്ങുന്നു.
ആസിഫ് അലി അപർണ ബാലമുരളി എന്നിവര്‍ക്കെതിരെ വിജയരാഘവൻ പ്രധാന വേഷത്തിൽ എത്തുന്ന മിസ്റ്ററി-ത്രില്ലറായ കിഷ്കിന്ധ കാണ്ഡം ഡിസംബറിൽ ഡിസ്നി ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ കിഷ്കിന്ധ കാണ്ഡം ഒടിടി റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമ 2024 ഡിസംബറിലോ റിലീസ് ചെയ്യുമെന്നാണ് സൂചനകൾ കാരണം നവംബര്‍ ആദ്യത്തില്‍ തന്നെ ടൊവിനോയുടെ വലിയ ചിത്രമായ അജയന്‍റെ രണ്ടാം മോഷണം എത്തിയതിനാല്‍ അടുത്തമാസം മാത്രമായിരിക്കും വലിയൊരു മലയാള ചിത്രം എത്തുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഷകളിലായി വലിയ ചിത്രങ്ങള്‍ ഹോട്ട്സ്റ്റാറില്‍ എത്തിയിരുന്നു. ഇതോടെ കിഷ്കിന്ധ കാണ്ഡം റിലീസ് ഡിസംബറിലെ ഉണ്ടാകൂ എന്നാണ് വിവരം. രണ്ട് മാസത്തിലേറെ തിയറ്ററുകളിൽ പ്രദർശിപ്പിച്ച കിഷ്കിന്ധ കാണ്ഡം ഓണം റിലീസ് ചിത്രങ്ങളില്‍ അപ്രതീക്ഷിത ഹിറ്റായിരുന്നു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ എത്തുന്നതോടെ ചിത്രം പാന്‍ ഇന്ത്യൻ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന കേരള രാജ്യന്തര ചലച്ചിത്രോത്സവത്തിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും മറ്റ് ദക്ഷിണ ഭാഷകളിലും സ്ട്രീം ചെയ്യാനും ലഭ്യമാകും.
ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും ബാഹുല്‍ രമേശ് ആണ്. ഛായാഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്.
ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ്.
തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു, ഒടുവില്‍ ഒടിടിയില്‍, ചിത്രം വൻ ഹിറ്റാകുന്നു, പ്രതികരണങ്ങള്‍ പുറത്ത്
ആകെ നേടിയത് 500 കോടിയിലധികം, ഒടിടിയിലും ആ വമ്പൻ ഹിറ്റ് പ്രദര്‍ശനത്തിന്