'കട്ട് ചെയ്ത 18 മിനുട്ട് കാണുമോ?': 'മെയ്യഴകന്‍' ഒടിടി റിലീസ് ഡേറ്റ് ഔദ്യോഗികമായി, ചോദ്യവുമായി പ്രേക്ഷകര്‍
അരവിന്ദ് സ്വാമിയും കാർത്തിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മെയ്യഴകൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ട്രിം ചെയ്ത പതിപ്പാകും ഒടിടിയിൽ എത്തുക.
ചെന്നൈ: അരവിന്ദ് സ്വാമിയും കാര്‍ത്തിയും പ്രധാന കഥാപാത്രങ്ങളായതാണ് മെയ്യഴകൻ. അരവിന്ദ് സ്വാമി ചിത്രം 51 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. ചിത്രം എപ്പോഴായിരിക്കും ഒടിടിയില്‍ എന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. മെയ്യഴകൻ ഇപ്പോള്‍ ഒടിടി സ്ട്രീമിംഗ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്.
ചിത്രം തീയറ്ററില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. 96 എന്ന ചിത്രത്തിന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മെയ്യഴകൻ. നടന്‍ സൂര്യയും ജ്യോതികയും നയിക്കുന്ന 2ഡി എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിച്ചത്. വളരെക്കാലത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന ഒരാള്‍ നേരിടുന്ന വൈകാരിക പ്രതിസന്ധികളും കണ്ടുമുട്ടുന്ന ആളുകളും എല്ലാമാണ് ചിത്രത്തിന്‍റെ കാതല്‍.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്. ശ്രീ ദിവ്യ, സ്വാതി, രാജ് കിരണ്‍, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
കഴിഞ്ഞ സെപ്തംബര്‍ 27നാണ് ചിത്രം റിലീസായത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഒക്ടോബര്‍ 27ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ ഒടിടി റിലീസാകും. നേരത്തെ വന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഒക്ടോബര്‍ 25ന് നെറ്റ്ഫ്ലിക്സില്‍ എത്തും എന്നാണ് പറഞ്ഞിരുന്നത്.
നേരത്തെ ചിത്രം തീയറ്ററില്‍ എത്തി രണ്ട് ദിവസത്തിന് ശേഷം അതിലെ ചില ഭാഗങ്ങള്‍ അണിയറക്കാര്‍ നീക്കം ചെയ്തിരുന്നു. ചിത്രത്തിന്‍റെ വലിയ ദൈര്‍ഘ്യം ഒരു പ്രശ്നമായി പ്രേക്ഷകരില്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് എത്തി. പ്രേക്ഷകരുടെ ഈ പരിഭവം ന്യായമെന്ന് കണ്ടാണ് ചിത്രത്തില്‍ നിന്ന് 18 മിനിറ്റ് രംഗങ്ങള്‍ നീക്കം ചെയ്തത്.
നേരത്തെ 2 മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഇനി 2.39 മിനിറ്റ് ആയി കുറഞ്ഞു. ട്രിം ചെയ്ത പതിപ്പാണോ ഇനി നെറ്റ്ഫ്ളിക്സില്‍ എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
'അടിപൊളി പാര്‍ട്ടി സോംഗ്': കങ്കുവയിലെ 'യോലോ' ഗാനം ഇറങ്ങി, വൈറല്‍ !