'ഒക്ടോബര്‍ 2നും 3നും എന്ത് സംഭവിച്ചു'? 'ദൃശ്യം 2' ഹിന്ദി ടീസര്‍ നാളെ

ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്

drishyam 2 hindi remake teaser releasing tomorrow ajay devgn

ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതത് ഭാഷകളില്‍ ഇവയെല്ലാം വിജയങ്ങളുമായിരുന്നു. എഴ് വര്‍ഷത്തിനിപ്പുറം വന്‍ ഹൈപ്പോടെയെത്തിയ ദൃശ്യം 2 പ്രേക്ഷകസ്വീകാര്യത നേടിയെടുക്കുന്നതില്‍ വിജയിച്ചിരുന്നു. പിന്നാലെ പ്രഖ്യാപിക്കപ്പെട്ട തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളില്‍ തെലുങ്കും കന്നഡവും ഇതിനകം പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുകയുമാണ്. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ നാളെ പുറത്തുവിടും.

ഒരു പോസ്റ്ററിനൊപ്പമാണ് ടീസര്‍ നാളെ എത്തുന്നുവെന്ന വിവരം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അജയ് ദേവ്‍​ഗണ്‍ അവതരിപ്പിച്ച വിജയ് സാല്‍​ഗോന്‍കറും കുടുംബവുമാണ് പോസ്റ്ററില്‍. മലയാളം, തെലുങ്ക് പതിപ്പുകള്‍ ഡയറക്റ്റ് ഒടിടി റിലീസുകള്‍ ആയിരുന്നെങ്കില്‍ കന്നഡ റീമേക്ക് തിയറ്റര്‍ റിലീസ് ആയിരുന്നു. ഹിന്ദി പതിപ്പും തിയറ്റര്‍ റിലീസ് ആണ്. നവംബര്‍ 18 ആണ് തീയതി. അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. 

ALSO READ : 'പൊന്നിയിന്‍ സെല്‍വനും' 'ചുപ്പി'നും കാനഡയില്‍ ഭീഷണി; സ്ക്രീനുകള്‍ വലിച്ചുകീറുമെന്ന് ഇമെയില്‍ സന്ദേശം

ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അജയ് ദേവ്‍ഗണ്‍ പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios