മുൻചിത്രങ്ങളിൽ നിന്നും വ്യത്യസ്‍തം, ഇമോഷണല്‍ ത്രില്ലറുമായി ടിനു പാപ്പച്ചന്‍; കൈയടി നേടി 'ചാവേർ'
ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവന ശ്രമങ്ങളും
ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേർ ഇന്ന് തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഇമോഷണൽ ത്രില്ലറാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങളും കൈയടി നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
ടിനു പാപ്പച്ചൻ ചിത്രങ്ങളിലെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് ചെറിയൊരു നിരാശ നേരിടേണ്ടി വരുമെങ്കിലും സംവിധായകൻ്റെ തനതായ മേക്കിങ്ങ് ശൈലി തെല്ലൊന്നുമല്ല പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം നൽകുന്നതിൽ പങ്ക് വഹിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ആകാംക്ഷയുടെയും ഉദ്വേഗത്തിൻ്റെയും ഒരു നൂലിൽ കൂടിയാണ് ചിത്രം കൊണ്ടുപോകുന്നത്. അതിൽ വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥയാണ് ചാവേര്‍ എന്ന ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ മനോജ് കെ യു, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനവും കാഴ്ച വച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക