2.5 കോടിയോ 35 കോടിയോ? 'ഭ്രമയുഗ'ത്തിന്‍റെ യഥാര്‍ഥ ബജറ്റ് എത്ര? ഒടുവില്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം
മലയാളം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമയുഗം. സമീപകാലത്ത് പരീക്ഷണസ്വഭാവമുള്ള ഏറ്റവുമധികം ചിത്രങ്ങളുടെ ഭാഗമായ മമ്മൂട്ടി പുതിയ ചിത്രത്തിലും ചില പ്രത്യേകതകള്‍ കരുതിവച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ചുരുക്കം പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെത്തന്നെ ഇതിനകം ഹൈപ്പ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ള ചിത്രമാണ് ഇത്. ബ്ലാക്ക് ആന്‍ഡ‍് വൈറ്റ് ഹൊറര്‍ ത്രില്ലര്‍ എന്നതുതന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രചരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.
സിനിമയ്ക്ക് വേണ്ടിവന്ന മുടക്കുമുതലിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രമായതുകൊണ്ട് വലിയ ചിലവ് ആയിട്ടില്ലെന്നും 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമേ ഉള്ളൂവെന്നുമൊക്കെ പരിഹാസം ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന് 20 കോടി മുതല്‍ 35 കോടി വരെ ചെലവ് ആയിട്ടുണ്ടെന്നും പോസ്റ്റുകള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു പോസ്റ്റിന് താഴെ നിര്‍മ്മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര തന്നെ യഥാര്‍ഥ കണക്ക് വെളിപ്പെടുത്തി രംഗത്തെത്തി. 27.73 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണ് ഇതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രമയുഗം.
ALSO READ : വര്‍ഷം തുടങ്ങിയിട്ട് 38 ദിവസം; രണ്ട് 300 കോടി ക്ലബ്ബ് ചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമ!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം