Asianet News MalayalamAsianet News Malayalam

'ഒടിടിയില്‍ വരാന്‍ പോകുന്ന കമന്‍റുകള്‍ എനിക്ക് ഊഹിക്കാം'; 'ബിഗ് ബെന്‍' സംവിധായകന് പറയാനുള്ളത്

"സ്വന്തം ജീവിതത്തിന്‍റെ ഏഴെട്ട് വർഷങ്ങൾ കടന്നുപോയതു ഞാൻ പോലും അറിഞ്ഞില്ല"

big ben movie director bino augustine about his efforts behind first movie
Author
First Published Jul 3, 2024, 9:12 AM IST

സിനിമയെന്ന മോഹം സാക്ഷാത്കരിക്കാനായി കഠിനപ്രയത്നം നടത്തുന്ന നിരവധി പേരുണ്ട്. എന്നാല്‍ മുന്നിലെത്തുന്ന പ്രതിസന്ധികളെയും മാനസിക പ്രയാസങ്ങളെയുമൊക്കെ തട്ടിമാറ്റി പ്രയത്നം തുടരുന്ന ഒരു ചെറിയ ശതമാനത്തിന് മുന്നില്‍ മാത്രമാണ് അവസാനം വാതില്‍ തുറക്കപ്പെടുക. ഇപ്പോഴിതാ ബിഗ് ബെന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബിനോ അഗസ്റ്റിന്‍ ആദ്യ സിനിമയിലേക്ക് എത്താന്‍ താന്‍ നടന്ന വഴികളെക്കുറിച്ച് പറയുകയാണ്. ഒപ്പം കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം വരുമ്പോഴും പ്രേക്ഷകര്‍ കാര്യമായി എത്തുന്നില്ലെന്ന വാസ്തവവും അദ്ദേഹം സൂചിപ്പിക്കുന്നു. കാണണമെന്നുള്ളവര്‍ എത്രയും വേഗം തിയറ്ററുകളില്‍ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പ് ആയ സിനിഫൈലില്‍ ഇട്ട പോസ്റ്റിലാണ് ബിനോ അഗസ്റ്റിന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 

ബിനോ അഗസ്റ്റിന്‍റെ കുറിപ്പ്

സുഹൃത്തുക്കളേ, ഞാൻ ബിനോ അഗസ്റ്റിൻ. ഒരു യുകെ പ്രവാസിയാണ്. ഇപ്പൊ നാട്ടിൽ ഒരു സിനിമ ചെയ്തു. 'ബിഗ്‌ ബെൻ' എന്നാണ് പടത്തിന്റെ പേര്. അതിന് മുൻപായി കുറച്ച് കാര്യങ്ങൾ പറയണമെന്ന് തോന്നി. പ്രതീക്ഷ പോയ ആർക്കെങ്കിലും ഒരു കടുകുമണിയോളം പ്രചോദനമായെങ്കിലോ? സിനിമ കാണുന്നതേ പാപമെന്ന് കരുതുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ഉണ്ടായ ഞാൻ 15 വയസ് തൊട്ട് സിനിമ സ്വപ്നം കാണുന്നതിന്റെ പ്രശ്നങ്ങൾ സങ്കല്പിക്കാവുന്നതല്ലേ. 

അങ്ങിനെ 30 വർഷത്തോളം... ആലോചിച്ചു നോക്കിക്കേ, ഇത്രയും കാലത്തോളം സിനിമയെന്ന സ്വപ്നത്തെ ഉള്ളിലിട്ടു മറ്റുജോലികൾ ചെയ്തു ജീവിക്കുക, അവസാനം വീട്ടുകാരെ മൈൻഡ് ചെയ്യാതെ രണ്ടും കൽപ്പിച്ചു സ്വപ്നങ്ങൾക്കു പിന്നാലെ ഞാൻ ഇറങ്ങാൻ തീരുമാനിക്കുന്നു. കട്ട സപ്പോർട്ടായി ഭാര്യ മാത്രം. അങ്ങനെ ഏതാണ്ട് ഒരു ദശാബ്ദക്കാലം സിനിമയെന്ന ചക്രവ്യൂഹത്തിൽ കയറാനായി കൊച്ചിയിലൂടെ തേരാ പാരാ നടന്നു. യുകെയിലൊക്കെ ഭാര്യയും ഭർത്താവും കൂടി ജോലിചെയ്താലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടാണ്. ആ സമയത്താണ് എന്റെയീ പരിപാടി. അങ്ങനെ രണ്ടും മൂന്നും ആഴ്ച അവധിയെടുത്തു ഞാൻ വരും. കുറെ പണം ചിലവാകും, ലീവ് തീരും, തിരിച്ചു കേറി പോകും. ഇത് തന്നെയായീ കൊറേ വർഷത്തെ "ലൂപ്പ്" പരിപാടി.

അങ്ങനെ സ്വന്തം ജീവിതത്തിന്റെ ഏഴെട്ടു വർഷങ്ങൾ കടന്നുപോയതു ഞാൻ പോലും അറിഞ്ഞില്ല. യുകെയിലെ എന്നെ അറിയാവുന്നവർ എന്നെ വട്ടനെന്നും, ങാ സിനിമയെന്തായെന്നും ചോദിച്ചു ചൊറിഞ്ഞു കൊണ്ടിരുന്നു. മാനസികമായി വിഷമിച്ച സമയമായിരുന്നു. എന്റെ എല്ലാ പരിശ്രമങ്ങളും നിർത്തുന്നതിനെക്കുറിച്ചു ആലോചിച്ചു. പത്തു തവണ വായിച്ച ആൽക്കെമിസ്റ് എടുത്തു കത്തിച്ചു കളയാൻ തോന്നിയ നേരം. ജീവിതത്തിൽ എന്തേലുമൊന്നു നേടണമെന്ന് ഒരു സ്വപ്നമോ ആഗ്രഹമോ ഇല്ലാത്തവരെ ഞാൻ സൂഷ്‌മം വീക്ഷിച്ചു. അവരൊക്കെ എന്ത് ഹാപ്പിയാണ്. ഞാൻ മാത്രം ഏതോ ലോകത്തു കിളി പോയപോലെ. എന്റെ മനസിലൂടെ യുദ്ധത്തിൽ തോറ്റ രാജാവ് ഗുഹയിലിരുന്നു വലയുണ്ടാക്കാൻ ചിലന്തി ചാടുന്ന ചാട്ടമൊക്കെ കാണുന്നത് ഓർമവന്നു. ആയിടയ്ക്കാണ് സ്വന്തം നാട്ടുകാരനായ സന്തോഷ് കുളങ്ങരയുടെ  ഒരു വീഡിയോ കാണുന്നത്. "സ്വന്തം ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒക്കെ കെട്ടിപ്പൂട്ടിവച്ചു മേലേക്ക് ചെന്നിട്ടെന്നാ ചെയ്യാനാ", ഞാനും ചിന്തിച്ചു, നേരാണല്ലോ. അവിടെ ഭയങ്കര സെറ്റപ്പാന്ന കരകമ്പിയല്ലാതെ അനുഭവിച്ചറിഞ്ഞ ഒരാളേം കണ്ടിട്ടില്ല. ഞാൻ വീണ്ടും അടുത്ത ലീവിട്ടു. നേരെ കൊച്ചിക്ക്. 

ലണ്ടനിലെ കൊടുംതണുപ്പത്തുനിന്നും കൊച്ചിയിലെ ചൂടിലെത്തിയ എനിക്കതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. അങ്ങനെ ഇത് ഞാൻ ചെയ്തിരിക്കും, ഇല്ലാതെ ഞാൻ പിന്മാറില്ല എന്ന ഒറ്റയാൾ പോരാട്ടത്തിന്റെ ഫലമായി ഞാൻ 2023 ൽ മലയാള സിനിമയുടെ ചക്രവ്യൂഹം ഭേദിച്ചു. വലിയ മോട്ടിവേഷനോ ആളായെന്നോ അല്ല, എന്റെ ഒരു അനുഭവമായിട്ടെടുത്താ മതി. ഇനി സിനിമയെക്കുറിച്ച് അൽപ്പം. ഡോൾബി അറ്റ്മോസിൽ നിങ്ങള്‍ക്കിതിന്‍റെ പശ്ചാത്തല സംഗീതം അനുഭവിക്കാം. അതും ദൃശ്യം, മെമ്മറീസ്, ദൃശ്യം 2 അങ്ങനെ കൊറേ അധികം സിനിമ ചെയ്ത അനിൽ ജോൺസന്റെ സംഗീത സംവിധാനത്തിൽ. മണിയറയിലെ അശോകന്റെ വിഷ്വൽ ബ്യൂട്ടി ഒരുക്കിയ സജാദ് കാക്കുവാന് ക്യാമറ. അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ ജോർജ്, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷ സാരംഗ് കൂടാതെ ഒട്ടനവധി ഹോളിവുഡ് താരങ്ങളും ഉണ്ടാകും. നല്ലോണം കട്ട പണിയെടുത്ത സ്ക്രിപ്റ്റാണ്. കാരണം ചുമ്മാ ഒരു പടം ചെയ്യാനല്ല ഞാൻ ഇക്കണ്ട കാലം അലഞ്ഞത്. ഏകദേശം ഒരു നാല്‍പതാമത്തെ ഡ്രാഫ്റ്റ് ആണ് ഷൂട്ട് ചെയ്തത്. ഞാൻ ഒരു സിനിമ എങ്ങനെ തിയേറ്ററിൽ കാണണമെന്നാഗ്രഹിക്കുന്നുവോ അതാണ് ഞാൻ നിങ്ങൾക്കുവേണ്ടി തരുന്നത്. യുകെയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചെയ്ത കഥയാണ്. ഇതിൽ കണ്ടന്റാണ് താരം. ഒപ്പം നിങ്ങളിത് വരെ കാണാത്ത യുകെയുടെ ഭംഗി അനമോർഫിക്ക് ഫ്രെയിമിലൂടെ ഞാൻ കാണിക്കാം. കാരണം നിങ്ങളുടെ കൊച്ചിയാണ് എനിക്കു ലണ്ടൻ. ഞാൻ എന്തൊക്കെ തല കുത്തി മറിഞ്ഞിട്ടുണ്ടെന്നു പറഞ്ഞാലും സിനിമയുടെ അവസാന വാക്ക്, അത് നിങ്ങൾ പ്രേക്ഷകരാണ്! എല്ലാ റിവ്യൂക്കാരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇഷ്ടപെട്ടതു പറയാം, കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കാം. പടം അടുത്ത തിയറ്ററുകളിലുണ്ട്. I assure the content and quality! നിങ്ങൾ വിദേശത്ത് എന്നേലും പോകാൻ ആഗ്രഹിക്കുന്നവരാണോ, അല്ലേൽ നിങ്ങളുടെ കുടുംബത്തിൽ ആരേലും വിദേശത്തുണ്ടെങ്കിൽ കണ്ടുനോക്ക്. അതുപോലെ ആര്‍ട്ടിസ്റ്റ് വാല്യൂ അല്ല, തിരക്കഥയാണ് പടത്തിന്റെ ബാക്ക് ബോൺ എന്ന് ഞാൻ വിശ്വസിക്കുന്നു. 

നന്ദിപൂർവ്വം
ബിനോ അഗസ്റ്റിൻ

കുറിപ്പിന് താഴെ ഒരു കമന്‍റ് കൂടി അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. അത് ഇങ്ങനെയാണ്- "പടം ഉറപ്പായും കാണാന്‍ ആ​ഗ്രഹിക്കുന്നവര്‍ ഇന്നോ നാളെയോ തന്നെ കാണുക. ആശംസകള്‍ മാത്രം ചിലപ്പോഴൊക്കെ വര്‍ക്ക് ആവില്ല. അടുത്ത ദിവസങ്ങളില്‍ ഒരുപക്ഷേ ഇത് തിയറ്ററില്‍ത്തന്നെ കണ്ടേക്കില്ല എന്ന സത്യം കൂടി ഞാന്‍ തുറന്നുപറയുന്നു. ഒടിടിയില്‍ വരാന്‍ പോകുന്ന കമന്‍റുകള്‍ നല്ലോണം എനിക്ക് ഊഹിക്കാന്‍ പറ്റും. നന്ദി".

ALSO READ : യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി 'കനകരാജ്യം'; ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios