ഭഗവന്ത് കേസരി വമ്പൻ ഹിറ്റ്, സംവിധായകന് നിര്‍മാതാവിന്റെ സമ്മാനമായി കാര്‍, വില 1.30 കോടി
നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത് കേസരിയുടെ സംവിധായകന് നിര്‍മാതാവിന്റെ സമ്മാനം.
നന്ദമുരി ബാലകൃഷ്‍ണ നായകനായെത്തി ഹിറ്റായ ചിത്രമാണ് ഭഗവന്ത് കേസരി. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. നന്ദമുരി ബാലകൃഷ്‍ണയുടെ ഹാട്രിക് വിജയമായി ചിത്രം മാറി. സംവിധായകൻ അനില്‍ രവിപുഡിക്ക് ബാലയ്യ ചിത്രത്തിന്റെ നിര്‍മാതാവ് ടൊയോട്ട വെല്‍ഫയര്‍ ബ്രാൻഡിന്റെ പുതിയ മോഡല്‍ കാര്‍ സമ്മാനമായി നല്‍കിയതാണ് പുതിയ റിപ്പോര്‍ട്ട്.
അനില്‍ രവിപുഡിക്ക് ഏകദേശം 1.30 കോടി രൂപയോളം വിലയുള്ള കാറാണ് നിര്‍മാതാവ് സമ്മാനമായി നല്‍കിയിരിക്കുന്നത്. ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് 88.55 കോടി രൂപ ഭഗവന്ത് കേസരി നേടിയിരുന്നു. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 1.90 കോടി രൂപയും നേടിയെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് ഭഗവന്ത് കേസരി 14.05 കോടി രൂപയും ആകെ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
ഭഗവന്ത് കേസരി ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഹിന്ദി പതിപ്പിനും നന്ദമൂരി ബാലകൃഷ്‍ണ തന്നെ ഡബ്‍ ചെയ്‍തിരിക്കുന്നത് പ്രേക്ഷകരുടെ പ്രശംസയ്‍ക്കും കാരണമായിട്ടുണ്ട് ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായി അനില്‍ രവിപുഡി സംവിധാനം ചെയ്‍ത ഭഗവന്ത് കേസരി ഹാട്രിക് വിജയ ചിത്രമായി മാറുകയും ചെയ്‍തതിനാല്‍ യുവ നായകൻമാരും അമ്പരക്കുകയാണ്.
ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തില്‍ എന്നും ഭഗവന്ത് കേസരി കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാളിന് പുറമേ അര്‍ജുൻ രാംപാലും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ഭഗവന്ത് കേസരി കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ബാലയ്യയുടെ ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ബാലയ്യ നായകനായ ഒരു വണ്‍മാൻ ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരും ഭഗവന്ത് കേസരി ഒന്നാകെ ഏറ്റെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read More: മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക