Sabitta George : 'അവനടുത്തേക്ക് അച്ഛനും പോയി'; അച്ഛന്റെ ഓര്‍മ്മയില്‍ സബിറ്റ
ചക്കപ്പഴം താരം സബിറ്റ ജോര്‍ജിന്‍റെ അച്ഛന്‍ അന്തരിച്ചു.
ചക്കപ്പഴം (Chakkappazham) താരം സബിറ്റ ജോര്‍ജ്ജിന്റെ (Sabitta george) അച്ഛന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയിലായിരുന്നു അദ്ദേഹം. അച്ഛന്റെ ആശുപത്രി വാസത്തെ കുറിച്ച് പറഞ്ഞ് സബിറ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അച്ഛന്റെ മരണ വാര്‍ത്തയും നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. അച്ഛനും മകന്റെ അടുത്തേക്ക് പോയി, ഞാന്‍ അവിടെ എത്തും വരെ രണ്ട് പേരും എന്നെ നോക്കുക എന്നാണ് സബിറ്റ കുറിച്ചത്.
ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു, കൈകൾ മുറുകെപ്പിടിച്ചു. ഇപ്പോൾ നമ്മൾ അത് അവർക്കു വേണ്ടി ചെയ്യുന്നു. പ്രാർത്ഥനകൾ തുടരണേ.. ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനകൾക്ക നന്നി.- എന്നായിരുന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് സബിറ്റ കുറിച്ചത്.
ഒടുവിൽ അച്ഛൻ യാത്രയായി എന്നും സബിറ്റ അറിയിച്ചു. വൈകാരികമായി എഴുതിയ ഒരു കുറിപ്പിലൂടെ ആയിരുന്നു ആരാധകരോടായി സബിറ്റ ഇക്കാര്യം അറിയിച്ചത്. 'എന്റെ മകൻ മാക്‌സിനൊപ്പം ചേരുന്നതിൽ അച്ഛൻ സന്തുഷ്ടനാണെന്ന് എനിക്കറിയാം, മുത്തച്ഛനും ചെറുമകനും അവിടെ അതിശയകരമായ ചില ബന്ധങ്ങൾ ആസ്വദിക്കാൻ പോവുകയാണ്. ഞാൻ നിങ്ങളെ രണ്ടുപേരെയും അവിടെവച്ച് കാണുന്നതുവരെ എന്നെ കണ്ടുകൊണ്ടിരക്കുക'.. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
പ്രേക്ഷകപ്രീതി നേടിയ ചക്കപ്പഴം എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് സബിറ്റ ജോര്‍ജ് എന്ന നടി മലയാളികള്‍ക്ക് പരിചിതയാകുന്നത്. ഹാസ്യപ്രധാനമുള്ള പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിലാണ് സബിറ്റ പരമ്പരയില്‍ എത്തുന്നത്. സോഷ്യല്‍മീഡിയയില്‍ വ്യക്തിപരമായ വിശേഷങ്ങളും കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട് സബിറ്റ.
മകൻ മാക്സവെല്ലിനെ കുറിച്ച്
അഞ്ച് വര്‍ഷം മുമ്പ് തന്നെ വിട്ടുപോയ മകന്‍ മാക്‌സ് വെല്ലിന്‍റെ ഓര്‍മ്മ പങ്കുവയ്ക്കാറുണ്ട് എന്നും സബിറ്റ. 'ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അവന് പതിനേഴ് വയസ് തികഞ്ഞേനെ. സ്വർഗ്ഗത്തില്‍ ഇരുന്ന് എന്‍റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവുമെല്ലാം കാണുന്നുണ്ടെന്ന് അമ്മയ്ക്കറിയാം. ഒരുപാട് മിസ് ചെയ്യുന്നു.' എന്നായിരുന്നു അടുത്തിടെ സബിറ്റ കുറിച്ചത്. ആദ്യ പ്രസവ സമയത്ത് യുഎസ്സിലായിരുന്നു സബിറ്റ. ആദ്യത്തെ പ്രസവമായിരുന്നതിനാല്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിമായിരുന്നെങ്കിലും, ആശുപത്രിക്കാരുടെ ചില കൈപ്പിഴകള്‍ കാരണം മകന്‍ ഭിന്ന ശേഷിയോടെ ജനിച്ചു എന്നാണ് സബിറ്റ മകനെക്കുറിച്ച് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ആശുപത്രിക്കാരുടെ അനാസ്ഥ കാരണം, വയറിന് പുറത്ത് എത്തുന്നതിന് മുന്നേതന്നെ പൊക്കിള്‍ മുറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. മൂന്ന് ദിവസത്തെ ആയുസ്സു മാത്രമേ കുഞ്ഞിനുണ്ടാവൂ എന്ന് വിധിയെഴുതിയെങ്കിലും സെറിബ്രല്‍ പാള്‍സി (cerebral palsy) എന്ന അവസ്ഥയോടെ മാക്‌സ് വെല്‍ പന്ത്രണ്ട് വര്‍ഷം സബിറ്റയ്‌ക്കൊപ്പമുണ്ടായിരുന്നു.