ഒറ്റ ഓവര്‍, മൂന്ന് പന്തുകളും വിക്കറ്റിലെത്തിച്ച് ഋഷി, ബിഗ് ബോസിലെ ഗെയിം ചേഞ്ചര്‍ ആവുമോ?
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ടണല്‍ ടീം പോയിന്‍റ് ടേബിളില്‍ മറ്റ് ടീമുകളേക്കാള്‍ ഏറെ മുന്നിലെത്തിയിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാം വാരത്തിലൂടെ മുന്നോട്ട് നീങ്ങുകയാണ്. അടുത്ത വാരത്തിലെ ക്യാപ്റ്റന് ചില സവിശേഷ അധികാരങ്ങളുണ്ടെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. പവര്‍ ടീമിനെയും മറ്റ് മൂന്ന് ടീമുകളെയും തീരുമാനിക്കാനുള്ള അധികാരമാണ് അത്. അതിനാല്‍ത്തന്നെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതിലേക്ക് നടന്ന വിവിധ മത്സരങ്ങളില്‍ പവര്‍ ടീമും നിലവിലെ ക്യാപ്റ്റനുമൊക്കെ പങ്കെടുക്കണമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ടണല്‍ ടീം പോയിന്‍റ് ടേബിളില്‍ മറ്റ് മൂന്ന് ടീമുകളേക്കാള്‍ ഏറെ മുന്നിലെത്തിയിരുന്നു. മറ്റ് മൂന്ന് ടീമുകള്‍ക്കും രണ്ട് പോയിന്‍റുകള്‍ വീതമായിരുന്നെങ്കില്‍ ടണല്‍ ടീമിന്‍റെ നേട്ടം ആറ് പോയിന്‍റ് ആയിരുന്നു. അതിനാല്‍ത്തന്നെ ക്യാപ്റ്റനെ കണ്ടെത്താനുള്ള അവസാന മത്സരം ടണല്‍ ടീം അംഗങ്ങള്‍ക്ക് മാത്രമാണെന്നും ബിഗ് ബോസ് അറിയിച്ചു. സൂപ്പര്‍ ഓവര്‍ എന്ന് പേരിട്ടിരുന്ന മത്സരത്തില്‍ ബാറ്റര്‍ ഇല്ലാത്ത വിക്കറ്റില്‍ ഒരോവറില്‍ പരമാവധി തവണ പന്ത് വിക്കറ്റില്‍ കൊള്ളിക്കുകയാണ് വേണ്ടിയിരുന്നത്.
ഋഷി, നോറ, അഭിഷേക് ശ്രീകുമാര്‍, റസ്മിന്‍ എന്നിവരാണ് ടണല്‍ ടീമില്‍ ഉള്ളത്. തങ്ങളുടെ റൂമില്‍ വച്ച് നടത്തിയ പ്ലാനിംഗില്‍ നോറയെ വിജയിപ്പിക്കാനായി ശ്രമിക്കാമെന്ന് ഇവര്‍ തീരുമാനിച്ചിരുന്നു. അതുപ്രകാരം ആദ്യം ബൗള്‍ ചെയ്ത അഭിഷേക് മനപ്പൂര്‍വ്വം പന്തെറിഞ്ഞ് വിക്കറ്റില്‍ കൊള്ളിക്കാതെയിരുന്നു. എന്നാല്‍ രണ്ടാമത് ബൗള്‍ ചെയ്ത നോറയ്ക്ക് വിക്കറ്റൊന്നും എടുക്കാനായില്ല. മൂന്നാമത് ബൗള്‍ ചെയ്ത റസ്മിന്‍ എറിഞ്ഞ ഒരു പന്ത് വിക്കറ്റില്‍ കൊള്ളുകയും ചെയ്തു. നാലാമതെത്തിയ ഋഷിക്ക് മൂന്ന് വിക്കറ്റുകള്‍ ലഭിച്ചു. അങ്ങനെ ഗെയിം ചേഞ്ചര്‍ ആയേക്കാവുന്ന ഒന്‍പതാം വാരത്തിലെ ക്യാപ്റ്റന്‍ സ്ഥാനം ഋഷിക്ക് ലഭിക്കുകയും ചെയ്തു.