'ചങ്ക്സി'ലെ 'ജോളി മിസ്'; ബിഗ് ബോസിലേക്ക് ഒരു മത്സരാര്‍ഥി കൂടി
നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കര്‍ ആണ് 18-ാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്‍ത 'ചങ്ക്സ്' എന്ന ചിത്രത്തില്‍ രമ്യ അവതരിപ്പിച്ച 'ജോളി മിസ്' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലേക്ക് പുതിയ രണ്ട് മത്സരാര്‍ഥികള്‍ കൂടി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതുതായി രണ്ടു പേരെയാണ് അവതാരകനായ മോഹന്‍ലാല്‍ ഇന്നലെ ഷോയിലേക്ക് ക്ഷണിച്ചത്. മോഡലും പിജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസ് ആയിരുന്നു ഈ വാരാന്ത്യത്തിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എയ്ഞ്ചലിനു പിന്നാലെ മറ്റൊരാളുടെ പേര് കൂടി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.
നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കര്‍ ആണ് 18-ാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്‍ത 'ചങ്ക്സ്' എന്ന ചിത്രത്തില്‍ രമ്യ അവതരിപ്പിച്ച 'ജോളി മിസ്' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. അടുത്ത സുഹൃത്ത് കൂടിയായ ജ്യേഷ്ഠത്തി മുംബൈയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു. പഠിക്കുന്ന കാലത്തുതന്നെ പഠനത്തേക്കാള്‍ നൃത്തവും മിമിക്രിയുമൊക്കെയായിരുന്നു രമ്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നതെന്ന് അച്ഛന്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്തും വെട്ടിത്തുറയുന്ന പ്രകൃതമാണ് തന്‍റേതെന്നാണ് രമ്യ സ്വയം വിലയിരുത്തുന്നത്. "ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും. അതാണ് എന്‍റെ ക്യാരക്ടര്‍", രമ്യ പറയുന്നു. ബിഗ് ബോസ് പോലെയൊരു ഷോയിലേക്കുള്ള അവസരം വലിയ ആഗ്രഹമായിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു അവര്‍. രമ്യയുടെ ആദ്യത്തെ റിയാലിറ്റി ഷോയുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. രണ്ടാഴ്ചത്തെ എപ്പിസോഡുകള്‍ കണ്ടതിനു ശേഷം ഹൗസിലേക്ക് എത്തുന്ന രമ്യയോട് പുറത്തെ കാര്യങ്ങള്‍ അകത്ത് പറയരുതെന്ന ഉപദേശം നല്‍കിയാണ് മോഹന്‍ലാല്‍ അയച്ചത്.