ആരാവും ബിഗ് ബോസ് ടൈറ്റില്‍ വിജയി? രജിത്ത് കുമാര്‍ പറയുന്നു
സീസണ്‍ 5 വോട്ടിംഗ് അവസാന ഘട്ടത്തില്‍, വിജയിയെ ഞായറാഴ്ച അറിയാം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിജയിയെ തീരുമാനിക്കാനുള്ള അവസാനഘട്ട വോട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സീസണ്‍ 5 ടൈറ്റില്‍ വിജയിയെക്കുറിച്ചുള്ള തന്‍റെ പ്രവചനവുമായി എത്തിയിരിക്കുകയാണ് സീസണ്‍ 2 ലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്ന രജിത്ത് കുമാര്‍. മലയാളം ബിഗ് ബോസില്‍ ആദ്യമായി ഈ സീസണില്‍ ചലഞ്ചേഴ്സ് ആയി എത്തിയ നാല് മുന്‍ സീസണുകളിലെ മത്സരാര്‍ഥികളില്‍ ഒരാള്‍ രജിത്ത് ആയിരുന്നു. പൊതുസമൂഹത്തിന്‍റെ വിലയിരുത്തലില്‍ നിന്ന് വേറിട്ടൊരു വിജയിയെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പറയുന്നു രജിത്ത് കുമാര്‍. അതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നു അദ്ദേഹം. സീസണ്‍ 5 ഫിനാലെയ്ക്ക് തലേന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് രജിത്ത് കുമാര്‍.
"അഖിലിന്‍റെയും ശോഭയുടെയും പേര് പൊതുസമൂഹം മൊത്തത്തില്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആര്‍മികള്‍ പുറത്ത് ഇല്ലാത്ത രണ്ടു പേരാണ് എന്‍റെ മനസില്‍. മുഖ്യധാരയിലെ വിലയിരുത്തല്‍ പൊതുവെ വരാറ് യുട്യൂബേഴ്സും മറ്റും നടത്തുന്ന പോളുകള്‍ വച്ചിട്ടാണ്. അവിടെ 4 ലക്ഷം- 5 ലക്ഷം ആളുടെ അഭിപ്രായം മാത്രമാണ് നമ്മള്‍ കാണുക. അവരാണ് പോള്‍ ചെയ്യുക. അത്തരം പോളുകളില്‍ അഖിലിന്‍റെ, അല്ലെങ്കില്‍ ശോഭയുടെ ആര്‍മികള്‍ ചേരുമ്പോള്‍ അവര്‍ക്കായിരിക്കും ലീഡ് കൂടുതല്‍. പക്ഷേ മൂന്നര കോടി വരുന്ന ലോക മലയാളികളെ ഇവരില്‍ പലരും കാണുന്നില്ല. 2 കോടി ജനങ്ങള്‍ കണ്ട്, ഒരു കോടി പേര്‍ വോട്ട് ഇട്ടാല്‍ പോലും ഷിജുവിന് എത്ര കിട്ടുന്നുണ്ട്, അല്ലെങ്കില്‍ റെനീഷയ്ക്ക് എത്ര കിട്ടുന്നുണ്ട് എന്നൊന്നും മുഖ്യധാരയില്‍ പലരും അറിയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ കുറച്ച് പേര്‍ കാണിക്കുന്ന വോട്ടിംഗ് പാറ്റേണ്‍ വച്ചുകൊണ്ട് അവര്‍ അവരുടെ വശത്തേക്കാണ് ബിഗ് ബോസിന്‍റെ തീരുമാനത്തെ വഴിതെളിച്ച് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത്. പക്ഷേ അഖിലിന്‍റെയും ശോഭയുടെയും സോഷ്യല്‍ മീഡിയയിലെ പ്രചരണം മുന്‍പന്തിയില്‍ നില്‍ക്കുന്നതുകൊണ്ട് അത്രത്തോളം അറിയപ്പെടാതെ പോകുന്ന രണ്ട് നല്ല മത്സരാര്‍ഥികളാണ് ഷിജുവും റെനീഷ റഹ്‍മാനും."
"ഷിജു 160 ഓളം സിനിമ ചെയ്ത ഒരു കലാകാരനാണ്, കലാപ്രകടനങ്ങളിലും ടാസ്കുകളിലും ഗെയിമുകളിലും മുന്‍പിലാണ്, രണ്ട് വട്ടം ക്യാപ്റ്റന്‍ ആയ ആളാണ്, ലീഡര്‍ഷിപ്പ് ക്വാളിറ്റിയുണ്ട്, പാചക കലയില്‍ മുന്നിലാണ്, സ്വഭാവത്തില്‍ ഏറെ മാന്യനായ മനുഷ്യനാണ്. ടൈറ്റില്‍ കിരീടം ചൂടാന്‍ ശേഷിയുള്ള ഒരാളാണ് ഷിജുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ തന്‍റെ സൌഹൃദത്തിന് ഏറെ മൂല്യം കൊടുക്കുന്നതുകൊണ്ടും ആത്മീയതയുടേതായ ഒരു തലം ഉള്ളതുകൊണ്ടും അഖിലിന് വേണ്ടി ചിലപ്പോള്‍ ഇറങ്ങിപ്പോവാനോ അഖിലിന്‍റെ പിറകില്‍ നില്‍ക്കാനോ ഉള്ള ഒരു വലിയ മനസ് ഷിജു കാണിച്ചുകൊണ്ടിരിക്കുന്നത് പലരും ശ്രദ്ധിക്കുന്നില്ല."
"അഹങ്കാരിയെന്ന പ്രതിച്ഛായ ആല്‍പമൊക്കെ ആദ്യം തോന്നിപ്പിച്ച ആളായിരുന്നു റെനീഷ റഹ്‍മാന്‍. എന്നാല്‍ കൊടുത്ത ഗെയിമുകളിലെല്ലാം ഗംഭീര പ്രകടനം ആയിരുന്നു. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മിടുക്കിയാണ്. ഗോസിപ്പ് പറയുന്ന കാര്യത്തില്‍ പിറകിലാണ്. പരദൂഷണപ്രിയ അല്ല. വേണ്ടാത്ത കാര്യങ്ങളില്‍ അനാവശ്യമായി സമയം ചിലവിടാറില്ല. എല്ലാ കാര്യങ്ങളിലും തലയിടണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് വന്നിരിക്കുന്നതുപോലെ പെരുമാറുന്ന ശോഭയില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് റെനീഷ. ശരിയോ തെറ്റോ എന്നുപോലും നോക്കാതെ തന്‍റേതായ അഭിപ്രായങ്ങള്‍ മറ്റാരോ പറഞ്ഞു വിട്ടിരിക്കുന്നത് പോലെ അടിച്ച് സ്ഥാപിക്കുന്ന ആളാണ് ശോഭ. പൊടിക്ക് കുറയ്ക്കണമെന്ന് ഹൌസില്‍ എത്തിയപ്പോള്‍ ശോഭയോട് ഞാന്‍ നേരിട്ട് പറഞ്ഞിരുന്നു. പക്ഷേ ശോഭ അത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അഖിലുമായി കൊമ്പ് കോര്‍ക്കുമ്പോള്‍ ആരുടെ പെരുമാറ്റമാണ് കൂടുതല്‍ മോശം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇരുവരും പെരുമാറിയിട്ടുള്ളത്. പിന്നീട് ടോം ആന്‍ഡ് ജെറി ശൈലിയില്‍ ഇരുവരും സൌഹൃദത്തിലേക്കും പോവും. പ്രേക്ഷകരെ വിഡ്ഢികളാക്കുന്നത് പോലെയാണ് എനിക്കിത് തോന്നിയത്. റെനീഷയെ സംബന്ധിച്ച് സഹോദരന്‍ വന്ന് ദുബൈ ചോക്ലേറ്റ് അധികം കഴിക്കേണ്ടെന്ന് പറയുമ്പോള്‍ കാര്യം മനസിലാക്കുന്നുണ്ട്. എന്നാല്‍ തന്‍റെ മൂല്യം ഇടിയുമോ എന്ന് കരുതി ആ സൌഹൃദം ചുമക്കുന്നതും കാണാം. അഖില്‍ മാരാരുടെയും ശോഭയുടെയും സോഷ്യല്‍ മീഡിയ തരംഗങ്ങളെ മാറ്റിവച്ച് നമ്മളൊന്ന് നോക്കിയാല്‍ നാല് മത്സരാര്‍ഥികള്‍ വളരെ മുന്നില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന് കാണാന്‍ പറ്റും. ഷിജു, റെനീഷ, അഖില്‍, ശോഭ എന്നിവരാണ് അവര്‍."
"ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 1 ലും ഞാന്‍ കയറിയ സീസണ്‍ 2 ലും പി ആര്‍ വര്‍ക്കുകാര്‍ എന്ന കച്ചവടക്കാര്‍ക്ക് ഒരു പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ഞാന്‍ ബിഗ് ബോസിലെ എന്‍റെ വിജയത്തിന് ആരെയെങ്കിലും പി ആര്‍ ഏല്‍പ്പിച്ചുവെന്ന് തെളിവ് സഹിതം കണ്ടെത്തുകയാണെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന്. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പിന്നില്‍ നിന്ന് വിലപേശി സോഷ്യല്‍ മീഡിയ വഴി പണമുണ്ടാക്കുന്ന പിആര്‍ ട്രെന്‍ഡ് തുടങ്ങിയത് മൂന്നാം സീസണ്‍ മുതലാണ്. സീസണ്‍ 4 ല്‍ അത് വളരെ കൂടുതലായി. പിആറുകാരുടെ വളര്‍ച്ചയ്ക്ക് ഒരു അടിയുണ്ടാവണം. അവര്‍ക്കൊരു കൊട്ട് കൊടുക്കാന്‍ ബിഗ് ബോസിന് കഴിയണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടുതന്നെ ഷിജുവും റെനീഷയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്നതില്‍ എനിക്ക് വളരെ താല്‍പര്യമുണ്ട്."
"അഖിലിനോടോ ശോഭയോടോ സ്നേഹക്കുറവ് ഉണ്ട് എന്ന് അര്‍ഥമില്ല. അഖിലുമായി ഭയങ്കര ബന്ധമാണ്. അഖിലിന്‍റെ അടുത്ത സിനിമയില്‍ എനിക്ക് ചാന്‍സ് തരുമെന്ന് പറഞ്ഞിരിക്കുകയാണ്. സ്വാഭാവികമായും ഞാന്‍ അഖിലിനെ പൊക്കി പറയേണ്ടതാണ്. പക്ഷേ നീതീപൂര്‍വ്വമായ ഒരു തീരുമാനം എടുക്കുമ്പോള്‍ പുറത്ത് പബ്ലിസിറ്റി ഇല്ലാത്ത, എന്നാല്‍ നല്ല രീതിയില്‍ ബിഗ് ബോസിന് വേണ്ടി നല്‍കിക്കൊണ്ടിരിക്കുന്ന വ്യക്തികള്‍ വിജയിച്ച് വരുമ്പോള്‍ മാത്രമാണ് പിആറിന് സ്കോപ്പ് ഇല്ലെന്നും ബിഗ് ബോസ് തീരുമാനങ്ങള്‍ എപ്പോഴും നീതിപൂര്‍വ്വവും വ്യത്യസ്തവും വികാരത്തിന്‍റെ പുറത്ത് ഉള്ളതല്ലെന്നും മറിച്ച് വിവേകത്തിന്‍റേതാണെന്നും നമുക്ക് പറയാന്‍ പറ്റുകയെന്നാണ് എനിക്ക് തോന്നുന്നത്."
"അപ്രതീക്ഷിതത്വം തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കോടതിയില്‍ വികാരം കൊണ്ട് ഇന്നയാള്‍ വിജയിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കും. പക്ഷേ കോടതിയുടെ തീരുമാനം മറ്റൊരു തലത്തിലാവും വരുന്നത്. അതുകൊണ്ട് വ്യത്യസ്‍തമായ ഒരു റിസല്‍ട്ട് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് വലിയ വിജയമായിരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു."
ALSO READ : 'സത്യം അറിയാതെ കടന്നാക്രമിക്കരുത്'; മിഥുനെ പിന്തുണച്ച് ബിഗ് ബോസില്‍ അഖില്‍ മാരാര്‍
WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ