'ഒരു സീനിയര്‍ എന്ന നിലയില്‍ സന്തോഷം'; ബിഗ് ബോസ് സീസണ്‍ 5 ഫിനാലെ വീക്കില്‍ മണിക്കുട്ടന്‍ പറയുന്നു
"അമ്മയുടെ മീറ്റിംഗിന് വന്നപ്പോള്‍ ഇന്നലെ ലാല്‍ സാറിനെ കണ്ടിരുന്നു"
ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആണ് മണിക്കുട്ടന്‍. ഇപ്പോഴത്തെ സീസണ്‍ 5 ഫിനാലെ വീക്കിലേക്ക് പ്രവേശിക്കുമ്പോള്‍ ഷോ കൂടുതല്‍ ജനപ്രീതി നേടുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് മണിക്കുട്ടന്‍. സീസണ്‍ 5 ലെ വിജയിയെ പ്രവചിക്കുന്നോ എന്ന് ചോദിക്കുമ്പോള്‍ ബിഗ് ബോസ് എപ്പോഴും പ്രവചനാതീതമാണെന്ന് പറയുന്നു മണി. ഇന്നലെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിന് എത്തിയപ്പോഴും ബിഗ് ബോസിനെക്കുറിച്ചാണ് പലരും ചര്‍ച്ച ചെയ്തതെന്നും.
"അമ്മയുടെ മീറ്റിംഗിന് വന്നപ്പോള്‍ ഇന്നലെ ലാല്‍ സാറിനെ കണ്ടിരുന്നു. സിനിമയിലെ സഹപ്രവര്‍ത്തകരില്‍ പലരും ബിഗ് ബോസ് ഷോ കാണുന്നുണ്ട്. ചര്‍ച്ച ചെയ്യുന്നുണ്ട്. സീസണ്‍ 3 വിജയി ആയപ്പോള്‍ സന്തോഷം നേരിട്ട് അറിയിച്ച ഒരുപാട് പേരുണ്ട്. പക്ഷേ അഞ്ചാം സീസണിലേക്ക് എത്തിയപ്പോള്‍ ഷോ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ജിമ്മില്‍ പോവുമ്പോഴോ ഒരു വിവാഹച്ചടങ്ങില്‍ പോകുമ്പോഴോ ഒക്കെ ബിഗ് ബോസിനെക്കുറിച്ച് ആളുകള്‍ ചോദിക്കുന്നുണ്ട്", ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മണിക്കുട്ടന്‍ പറയുന്നു.
"സിനിമയില്‍ വരുന്നതിന് മുന്‍പ് പല സിനിമകളിലും കാണുമ്പോള്‍ അതിനെ നമ്മളായിട്ട് വിമര്‍ശിക്കുമായിരുന്നു, സുഹൃത്തുക്കളോടും മറ്റും. പക്ഷേ സിനിമയിലെത്തി, ഒരു അഭിനയ വിദ്യാര്‍ഥി ആയി മാറിയപ്പോഴാണ് ഓരോ സിനിമയ്ക്കും പിന്നിലുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കിത്തുടങ്ങിയത്. പിന്നീട് എല്ലാ സിനിമകളിലെയും പോസിറ്റീവ് വശം മാത്രമേ നമ്മള്‍ നോക്കാറുള്ളൂ. അതുപോലെയാണ് ബിഗ് ബോസിന്‍റെയും കാര്യം. മത്സരാര്‍ഥിയായി വരുന്നതിന് മുന്‍പ് ആദ്യത്തെ രണ്ട് സീസണുകളും കാണുമ്പോള്‍ നമ്മള്‍ കരുതും, ഇത് അങ്ങനെ ആയിരിക്കണം, ഇങ്ങനെ ആയിരിക്കണം എന്നൊക്കെ. പക്ഷേ മൂന്നാം സീസണില്‍ ഒരു മത്സരാര്‍ഥിയായി എത്തുമ്പോള്‍ നമ്മള്‍ ബിഗ് ബോസ് കുടുംബത്തിന്‍റെ ഭാഗമാവുകയാണ്. ഓരോ മത്സരാര്‍ഥിയെക്കുറിച്ച് പറയാനായി ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കല്‍ ബിഗ് ബോസ് ഹൌസിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ അവര്‍ തങ്ങളുടെ ജീവിതത്തില്‍ മറ്റൊരു പടിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. കാരണം അത്തരത്തിലുള്ള ഒരു പ്രശസ്തിയാണ് ഈ ഷോയിലൂടെ കിട്ടുന്നത്. പുതിയ സീസണിലെ എല്ലാ മത്സരാര്‍ഥികള്‍ക്കും എന്‍റെ ആശംസകള്‍. ബിഗ് ബോസ് ഓരോ സീസണും മുന്നോട്ട് പോകുമ്പോള്‍ പുതിയ താരോദയങ്ങളാണ് സംഭവിക്കുന്നത്. ബിഗ് ബോസിലെ ഒരു സീനിയര്‍ എന്ന നിലയില്‍ വലിയ സന്തോഷമാണ് അത്."
"ഞങ്ങളുടേത് സീസണ്‍ ഓഫ് ഡ്രീമേഴ്സ് ആയിരുന്നു. ഇത് സീസണ്‍ ഓഫ് ഒറിജിനല്‍സും. ജയിച്ചവര്‍ ഏറ്റവും വലിയ ഒറിജിനല്‍സ് എന്നല്ല, ഈ വന്നവര്‍ എല്ലാവരും ഒറിജിനല്‍സ് ആയതുകൊണ്ടാണ് അവരെ ഷോയിലേക്ക് വിളിച്ചത്. മുന്‍കൂട്ടിയുള്ള എന്തൊക്കെ തയ്യാറെടുപ്പുകളുമായി പോയാലും ബിഗ് ബോസിലെത്തുമ്പോള്‍ നമ്മളെ ഒരു ഒഴിഞ്ഞ പാത്രമാക്കും അവര്‍. എന്നിട്ട് നമ്മളിലേക്ക് പുതിയ കാര്യങ്ങള്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. വിജയി നമ്മള്‍ പ്രവചിക്കുന്നതുപോലെ ആവാം. അതേസമയം അവസാന നിമിഷം അതില്‍ വ്യത്യാസം സംഭവിക്കാനും സാധ്യതയുണ്ട്. ഈ അഞ്ച് സീസണുകളിലും വന്ന് പോയവരെല്ലാം വിജയികളാണ്. അതുപോലെ തന്നെയാണ് സീസണ്‍ 5 ലും", മണിക്കുട്ടന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു.
WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്