ഡിംപല്‍ പറയുന്ന അനുഭവത്തില്‍ എത്രത്തോളം സത്യമുണ്ട്? ജൂലൈറ്റിന്‍റെ മാതാപിതാക്കള്‍ പറയുന്നു
"ഏഴ് മാസമേ ഒരുമിച്ച് ഉണ്ടായിരുന്നുള്ളെങ്കിലും അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും ആ സ്കൂളില്‍ പുതിയതായിരുന്നു. ജൂലൈറ്റ് ഇരട്ടയാര്‍ സ്കൂളില്‍നിന്നു വന്നു, ഡിംപല്‍ ദില്ലിയില്‍ നിന്നു വന്നു", ജൂലൈറ്റിന്‍റെ മാതാപിതാക്കള്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പറയാനുള്ള ടാസ്‍കില്‍ ഡിംപലിന് ബിഗ് ബോസ് നല്‍കിയ വിഷയം 'ആത്മ സുഹൃത്ത്' എന്നതായിരുന്നു. ഏഴാം ക്ലാസില്‍ ഏഴ് മാസം മാത്രം തന്നോടൊപ്പമുണ്ടായിരുന്ന, മരണപ്പെട്ട സുഹൃത്ത് ജൂലൈറ്റ് തനിക്ക് എത്രത്തോളം പ്രിയപ്പെട്ട ആളാണെന്നാണ് ഡിംപല്‍ പറയാന്‍ ശ്രമിച്ചത്. 20 വര്‍ഷത്തിനു ശേഷം ജൂലൈറ്റിന്‍റെ വീട്ടില്‍ എത്തി മാതാപിതാക്കളെ കണ്ടതും ജൂലൈറ്റിന്‍റെ സ്കൂള്‍ യൂണിഫോം ധരിച്ചതുമൊക്കെ ഡിംപല്‍ വിശദീകരിച്ചു. ഡിംപല്‍ തന്നെ ആ സമയത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളും ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ ഒരു ഭാഗത്ത് ഡിംപലിന് ആരാധകര്‍ കൂടിയപ്പോള്‍ മറുഭാഗത്ത് സംശയദൃഷ്ടികളും ഉയര്‍ന്നു. ഡിംപല്‍ പറഞ്ഞ വൈകാരിക അനുഭവം കെട്ടിച്ചമച്ചതാണെന്നും ബിഗ് ബോസില്‍ ജനപ്രീതി നേടിയെടുക്കാനുള്ള അടവാണെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ആ സംശയങ്ങള്‍ക്ക് ഉത്തരം പറയുകയാണ് ജൂലൈറ്റിന്‍റെ മാതാപിതാക്കള്‍. കേരളീയം ന്യൂസ് എന്ന യുട്യൂബ് ചാനലിനോടാണ് അവരുടെ പ്രതികരണം.
"അവര്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഇരട്ടയാര്‍ വരെ നടന്നുപോകണമായിരുന്നു. ബസ് ഇല്ലായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു. ഏഴ് മാസമേ ഒരുമിച്ച് ഉണ്ടായിരുന്നുള്ളെങ്കിലും അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും ആ സ്കൂളില്‍ പുതിയതായിരുന്നു. ഇവള്‍ ഇരട്ടയാര്‍ സ്കൂളില്‍നിന്നു വന്നു, ഡിംപല്‍ ദില്ലിയില്‍ നിന്നു വന്നു", ഡിംപലിന്‍റെ മാതാപിതാക്കള്‍ പറയുന്നു. കൂട്ടുകാരിയുടെ ഏഴാം ക്ലാസിലെ യൂണിഫോം ഡിംപലിന് എങ്ങനെ പാകമാവും എന്ന ചോദ്യത്തിന് ജൂലൈറ്റിന്‍റെ പൊക്കത്തെക്കുറിച്ച് പറയുന്നു അവര്‍. "മോളുടെ നീളം 5.10' ആയിരുന്നു, ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ. വോളിബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ആയിരുന്നു. ഡിംപലിനും അന്ന് പൊക്കം ഉണ്ടായിരുന്നു", അവര്‍ പറയുന്നു.
സ്കൂളില്‍ പഠിക്കുന്ന കാലത്തും ഡിംപല്‍ വീട്ടില്‍ വരുമായിരുന്നെന്നും പിന്നീട് ദീര്‍ഘകാലം കാണാന്‍ പറ്റിയിട്ടില്ലെന്നു പറയുന്ന അവര്‍ അതിന്‍റെ കാരണവും പറയുന്നു. "ജൂലൈറ്റിന്‍റെ മരണശേഷം ഡിംപലിനെ അങ്ങനെ കാണാന്‍ പറ്റിയില്ല. ഡിംപലിന്‍റെ വല്യമ്മയാണ് അവളെ വളര്‍ത്തിക്കൊണ്ടിരുന്നത്. ഈ സംഭവം കഴിഞ്ഞപ്പോഴാണ് ഡിംപലിന് അസുഖമായത്. വല്യമ്മയ്ക്ക് അതില്‍ എന്തോ ഭയം പോലെ ഉണ്ടായിരുന്നു. എന്നെ കണ്ടാല്‍പ്പോലും വല്യമ്മ മിണ്ടില്ലായിരുന്നു. ഡിംപലിനെ കാണാന്‍ നോക്കിയിട്ട് പറ്റുന്നുണ്ടായിരുന്നില്ല. കാണാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. 20 വര്‍ഷം കഴിഞ്ഞപ്പോഴാണ് കാണുന്നത്. വലിയ സന്തോഷം തോന്നി. നാല് തവണ വന്നിരുന്നു". ഡിംപല്‍ പറയുന്നത് സത്യമാണോ എന്ന് ഫോണ്‍ വിളിച്ച് പലരും തിരക്കാറുണ്ടെന്നും പറയുന്നു ജൂലൈറ്റിന്‍റെ അച്ഛനും അമ്മയും. ജൂലൈറ്റിന്‍റെ ഏഴാം ക്ലാസിലെ യൂണിഫോം അണിഞ്ഞ ഡിംപലിന്‍റെ ചിത്രത്തെക്കുറിച്ച് ജൂലൈറ്റിന്‍റെ അമ്മ ഇങ്ങനെ പറയുന്നു. "മോള്‍ടെ സ്കൂള്‍ യൂണിഫോം ഡിംപലിന് ഞാന്‍ എടുത്തുകൊടുത്ത് ഇടീപ്പിച്ചതാണ്. എനിക്കൊന്നു കാണണമെന്നു പറഞ്ഞ്. അല്ലാതെ ഡിംപല്‍ ചോദിച്ചതല്ല". ഡിംപല്‍ ഉള്ളതുകൊണ്ട് ബിഗ് ബോസ് കാണാറുണ്ടെന്നും അവളെ ഒന്നുകൂടി കാണാമല്ലോ എന്നോര്‍ത്താണ് ഷോ കാണുന്നതെന്നും ജൂലൈറ്റിന്‍റെ അമ്മ പറയുന്നു.