ടീമംഗം മാറിയതിലെ ആശയക്കുഴപ്പം; ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയില്‍ കൂട്ടപ്പൊരിച്ചില്‍
അഡോണി, റംസാന്‍, ലക്ഷ്മി, സൂര്യ, നോബി, റിതു, അനൂപ് തുടങ്ങിയവരൊക്കെ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ ബഹളം വെക്കാതെ നയപരമായി ഇടപെട്ടത് മണിക്കുട്ടനായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 3 ആദ്യവാരം മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയത്. എന്നാല്‍ ആ സ്ഥിതി പൂര്‍ണ്ണമായും മാറിയതുപോലെയാണ് ഈ ആഴ്ചയിലെ കാര്യങ്ങള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന മിഷേനിലും ഡിംപലിനുമിടയിലുണ്ടായ സംഘര്‍ഷമായിരുന്നു ഇന്നലെ ഹൗസിനെ മുഖരിതമാക്കിയതെങ്കില്‍ ഇന്ന് മിക്കവാറും മത്സരാര്‍ഥികള്‍ പങ്കെടുത്ത വലിയ തര്‍ക്കം അരങ്ങേറി.
കിച്ചണ്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യലക്ഷ്മി ശാരീരിക അവശത മൂലം തനിക്ക് ടീമില്‍ നിന്ന് മാറിയാല്‍ കൊള്ളാമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അതുപ്രകാരം മറ്റൊരു ടീമിലുണ്ടായിരുന്ന ലക്ഷ്മി ജയന്‍ പകരം എത്താന്‍ സന്നദ്ധത അറിയിച്ചു. ലക്ഷ്മി മാറിയതോടെ മറ്റ് ടീമുകളിലും ചില ഒഴിവുകളും ഒഴിവു നികത്തലുകളും സംഭവിച്ചതില്‍ ചില അംഗങ്ങള്‍ നീരസം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് സ്ഥിതി വിഷളായത്. അടുക്കളയില്‍ പാത്രം കഴികുന്ന ടീമിലേക്ക് ഒരാളുടെ കുറവ് വന്നപ്പോള്‍ ടോയ്‍ലറ്റ് ക്ലീനിംഗ് ടീമിലുള്ള റിതു മന്ത്രയോട് അടുക്കളയിലേക്കു ചെയ്യാല്‍ ക്യാപ്റ്റനായ സൂര്യ പറയുകയായിരുന്നു. അവരെ സഹായിക്കാനായി ചെല്ലാനാണ് സൂര്യ പറഞ്ഞതെങ്കിലും ടോയ്‍ലറ്റ് ടീം ക്യാപ്റ്റനായ റംസാനോട് റിതു പറഞ്ഞത് താന്‍ ടീം മാറിയെന്നായിരുന്നു. ഇക്കാര്യം ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ റംസാന്‍ ഉന്നയിച്ചതോടെയാണ് കൂട്ടത്തര്‍ക്കത്തിലേക്ക് എത്തിയത്.
അഡോണി, റംസാന്‍, ലക്ഷ്മി, സൂര്യ, നോബി, റിതു, അനൂപ് തുടങ്ങിയവരൊക്കെ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ ബഹളം വെക്കാതെ നയപരമായി ഇടപെട്ടത് മണിക്കുട്ടനായിരുന്നു. എല്ലാവരും പറയുകയും ആരും കേള്‍ക്കാനില്ലാത്ത അവസ്ഥയും ഉണ്ടായിരുന്നു പലപ്പോഴും. ഈ ദൃശ്യത്തിലേ ഇല്ലാതെ മാറി ഇരിക്കുകയായിരുന്നു കിടിലം ഫിറോസ്. ഡിംപലും മജിസിയയുമൊക്കെ ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞും നിന്നു. ഏതായാലും രണ്ടാംവാരം എത്തുമ്പോഴേക്ക് ബിഗ് ബോസ് ഹൗസ് മുഖരിതമായിക്കഴിഞ്ഞു.