Asianet News MalayalamAsianet News Malayalam

ബിഗ്ബോസ് വീട്ടില്‍ നിന്നും മൂന്നാമനായി പുറത്തേക്ക് ജുനൈസ്; ജുനൈസിന്‍റെ പോരാട്ട വഴി

ഒരു ടാസ്കിലൂടെയാണ് ജുനൈസ് പുറത്തായത്. അവസാനം ബാക്കിയായ മൂന്നുപേര്‍ക്ക് നല്‍കിയ ഈ സീസണിലെ അവസാന ടാസ്കിലാണ് ജുനൈസ് പുറത്തായത്. 

bigg boss malayalam season 5 junaiz out from bigg boss house as second runner up vvk
Author
First Published Jul 2, 2023, 9:33 PM IST | Last Updated Jul 2, 2023, 10:14 PM IST

ബിഗ്ബോസ് മലയാളം ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനക്കാരനായി ജുനൈസ് പടിയിറങ്ങി. അവസാന അഞ്ചില്‍ എത്തിയ ജുനൈസ് വലിയ പോരാട്ടത്തിലൂടെയാണ് അവസാന മൂന്നില്‍ എത്തിയത്. മൂന്നാം സ്ഥാനത്ത് നിരന്തരമായ പോരാട്ടത്തിലൂടെയാണ് ജുനൈസ് വിപി എത്തിയത്. 

ഒരു ടാസ്കിലൂടെയാണ് ജുനൈസ് പുറത്തായത്. അവസാനം ബാക്കിയായ മൂന്നുപേര്‍ക്ക് നല്‍കിയ ഈ സീസണിലെ അവസാന ടാസ്കിലാണ് ജുനൈസ് പുറത്തായത്. ആക്ടിവിറ്റി ഏരിയയില്‍ വച്ച് ചിത്രമുള്ള കാര്‍ഡ് എടുക്കാന്‍ ബിഗ്ബോസ് പറഞ്ഞു. ഇത്തരത്തില്‍ കിട്ടിയ കാര്‍ഡിലെ ചിഹ്നം ബിഗ്ബോസ് അയച്ച ഡ്രോണില്‍ ലഭിച്ചയാള്‍ പുറത്തുപോകും എന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. അത്തരത്തില്‍ ഡയമണ്ട് ചിഹ്നം ലഭിച്ച ജുനൈസ് മൂന്നാമനായി ബിഗ്ബോസ് വീട്ടില്‍ നിന്നും വിടപറഞ്ഞു.

ബിഗ്ബോസ് വീട്ടില്‍ പുരോഗമനപരമായ കണ്ടന്റുകളും രസകരമായ അവതരണവും കൊണ്ട് ജുനൈസ് സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ടുതന്നെ ബിബി വീട്ടിലും അത് തുടരാന്‍ ജുനൈസിന് സാധിച്ചു. ജുനൈസ് ബിബി വീട്ടില്‍ എന്ത് റോൾ എടുക്കുമെന്ന പലരുടെയും ധാരണകളെ ശരിവയ്ക്കുന്ന പ്രകടനമാണ് ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ മൂന്നാംസ്ഥാനത്ത് നിന്നും ഇറങ്ങുമ്പോള്‍ 

പോസിറ്റീവ് ഇമ്പാക്റ്റിനൊപ്പം നെഗറ്റിവ് ഇമ്പാക്റ്റും ഉണ്ടാക്കിയ മത്സരാർത്ഥിയാണ് ജുനൈസ് എന്ന് പറയാം. എന്തൊക്കെ പറഞ്ഞാലും ഈ സീസണിൽ കണ്ടന്റിനും സ്ക്രീൻ സ്പെയിസിനും പഞ്ഞമില്ലാത്ത മത്സരാർത്ഥികളിൽ ഒരാൾ ജുനൈസ് തന്നെയായിരുന്നു. കുട്ടിത്തവും കുരുത്തക്കേടും കുത്തിത്തിരിപ്പും അങ്ങനെ എല്ലാമുള്ള മത്സരാർത്ഥി. 'ഇവിടെ ഞാൻ, ജുനൈസ്, നാദിറ അല്ലാതെ വേറെ ആര് എന്ത് കണ്ടന്റ് ഉണ്ടാക്കുന്നു ?' ഒരിക്കൽ അഖിൽ മാരാർ ഷിജുവിനോട് പറഞ്ഞ വാക്കുകള്‍ ഇതിന് ഏറ്റവും വലിയ തെളിവ്. 

ആരെയും ഞെട്ടിക്കുന്ന ജീവിതാനുഭവങ്ങളുമായാണ് ജുനൈസ് ബിഗ് ബോസ് വീട്ടിലേക്ക് കയറിവന്നത്. ഓമനത്തം തോന്നുന്ന മുഖവും ആത്മവിശ്വാസമില്ലാത്ത നിൽപ്പും ശരീരഭാഷയുമൊക്കെയായി ഒറ്റയടിക്ക് ആളുകൾക്കൊരു പാവം തോന്നുന്ന പ്രകൃതം. വന്ന ദിവസം തന്നെ അഖിൽ മാരാരെ തന്റെ എതിർപക്ഷത്തേക്ക് തെരഞ്ഞെടുത്ത മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ജുനൈസ്. അഖിലിനോടുള്ള നിലപാടിൽ അന്നുമുതൽ ഇന്നുവരെ ഉറച്ചുനിന്ന മത്സരാർത്ഥികളിൽ ഒരാളും ജുനൈസാണ്.

ജുനൈസിന്റെ വീട്ടിലെ ആദ്യ സുഹൃത്ത് സാഗർ സൂര്യയായിരുന്നു. എടുത്തുചാട്ടക്കാരായ  പ്ലസ് ടു മിഡിൽ ബെഞ്ചേഴ്‌സിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു ജുനൈസ് - സാഗർ കോംബോ. പിന്നെ ഇരുവരും ചേർന്നായി മാരാർക്കെതിരായ പോരാട്ടം. എന്തും അമിതമായി ചിന്തിച്ചു കൂട്ടുകയും ചെറിയ വിഷയങ്ങൾ പോലും പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന ജുനൈസിന് പക്ഷേ കാര്യങ്ങൾ കൃത്യമായി പറഞ്ഞുഫലിപ്പിക്കാനാവാത്തത് തുടക്കം മുതലേ ഉള്ള പ്രശ്നമായിരുന്നു. അഖിലിനും കൂട്ടർക്കുമെതിരെ പല ആരോപണങ്ങളും ഉയർത്താൻ ജുനൈസ് ശ്രമിച്ചെങ്കിലും ഒന്നും കാര്യമായ ഫലം കണ്ടില്ല. 

മുൻ സീസണിലെ റിയാസ് സലീമിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന ആരോപണമാണ് ഈ സമയത്ത് ജുനൈസിനെതിരെ പലയിടത്തും ഉയർന്നത്. ലൂപ്പ് ഹോൾ കണ്ടെത്താൻ നോക്കി അബദ്ധത്തിൽപെടുന്നത് ജുനൈസിന്റെയും സാഗറിന്റെയും പതിവായിരുന്നു. ചുരുക്കത്തിൽ തൊടുന്നതൊക്കെ അബദ്ധമാകുന്ന അവസ്ഥ. നിരന്തരം നോമിനേഷനുകളിൽ വരുന്ന ആൾ കൂടിയാണ് ജുനൈസ്.  എടുക്കാനാവാത്തത്ര ടെൻഷനും പേടിയുമായി എഴുന്നേറ്റ് നിൽക്കുന്ന ജുനൈസിനെയാണ് ഓരോ വീക്കെന്‍റിലും കണ്ടത്. 

പുറത്താകുമോ എന്ന ഭയം ജുനൈസിനെപ്പോലെ ഉണ്ടായിരുന്ന മറ്റാരും അവിടെയുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. പ്രേക്ഷകർ തനിക്കെതിരാകാൻ സാധ്യതയുണ്ടെന്ന് തോന്നിയിട്ടും ഗെയിം പ്ലാൻ മാറ്റാൻ ജുനൈസ് ശ്രമിച്ചതേയില്ല എന്ന് എടുത്ത് പറയണം.
ഒട്ടും ആത്മവിശ്വാസമില്ലാത്ത ശരീരഭാഷയും എവിക്ഷനോടുള്ള ഈ ഭയവും ഒക്കെക്കൊണ്ടാവണം, ദുർബലനായ ഒരു മത്സരാർത്ഥിയായാണ് പലരും ജുനൈസിനെ കണ്ടത്.

അഖിൽ മാരാരുടെ സംഘം ഏറ്റവും കൂടുതൽ ടാർഗെറ്റ് ചെയ്തതും ജുനൈസിനെ ആയിരുന്നു. പ്രത്യേകിച്ച് വിഷ്ണു ജോഷി. ജുനൈസിനെ മാനസികമായി തളർത്താൻ പലതും അവർ ചെയ്തുകൊണ്ടേയിരുന്നു. ഈ പരിഹാസങ്ങളും കുത്തിനോവിക്കലുകളും സാരമായി ബാധിച്ചപ്പോഴും തന്റെ ഗെയ്മിൽനിന്ന് അവൻ പിന്നോട്ടുപോയില്ല.

രജിത് കുമാറും റോബിനും ചലഞ്ചേഴ്‌സ് ആയെത്തിയ വീക്കിലി ടാസ്‌കാണ് ജുനൈസിന്റെയും ഒരു പരിധിവരെ വിഷ്ണുവിന്റെയും തലവര മാറ്റിയത്. അന്ന് ഹോട്ടൽ മാനേജർ സ്ഥാനം കിട്ടിയ ജുനൈസിനെ അനുസരിക്കാനോ അവന്റെ വാക്കുകൾക്ക് വില നൽകാനോ അഖിലും വിഷ്ണുവും തയാറായില്ല. വളരെ മോശമായി വിഷ്ണു ജുനൈസിനോട് ഇടപെട്ടു. കർക്കശക്കാരനായ മാനേജർ എന്ന ജുനൈസിന്റെ കഥാപാത്രത്തെ വിഷ്ണുവും അഖിലും ബുള്ളി ചെയ്തു. പക്ഷേ ഇതോടെ ജുനൈസിനോട് പ്രേക്ഷകർക്ക് ഒരടുപ്പം തോന്നുകയായിരുന്നു.

അവിടം മുതലാണ് ജുനൈസിന്‍റെ ഗ്രാഫ് ഉയർന്നത്. അഖിലിന്റെ പിന്തുണ മനസിലാക്കിയിട്ടോ എന്തോ ,സാഗറും ജുനൈസിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതുപോലെ ചില സംഭവങ്ങൾ കൂടി അരങ്ങേറിയതോടെ ജുനൈസ് പ്രേക്ഷകരുടെ ജുനൂക്ക ആയി മാറി. പിന്നാലെ സെറീനയോടുള്ള തന്റെ ഇഷ്ടം ജുനൈസ് തുറന്നുപറയുക കൂടി ചെയ്തതോടെ സാഗറും ജുനൈസും തമ്മിലെ സൗഹൃദം ഏറെക്കുറെ പൂർണമായി അവസാനിച്ചു.

ഫൈനൽ ഫൈവിലേക്കുള്ള ജുനൈസിന്റെ വരവ് അർഹതപ്പെട്ടതുതന്നെയെന്ന് വിമർശകരും സമ്മതിക്കും. കാരണം അഖിൽ മാരാർ കഴിഞ്ഞാൽ പിന്നെ അവിടെ തുടർച്ചയായി കണ്ടന്റുകൾ ഉണ്ടാക്കിയ ആ ആൾ, അത് ജുനൂക്ക തന്നെയായിരുന്നു. ഒടുവില്‍ മൂന്നാം സ്ഥാനം നേടി ജുനൈസ് വിപി ബിഗ്ബോസ് സീസണ്‍ 5 ല്‍ നിന്നും പുറത്തായി. 

സുരാജ് വെഞ്ഞാറന്‍മൂടിനോട് നന്ദിയുണ്ട്; ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഷിജു പറഞ്ഞത്.!

എന്തുകൊണ്ട് ബിഗ്ബോസ് മത്സരാര്‍ത്ഥികളോട് സൈബര്‍ ബുള്ളിയിംഗ് നടക്കുന്നു; വിശദീകരിച്ച് മോഹന്‍ലാല്‍

Latest Videos
Follow Us:
Download App:
  • android
  • ios