'എല്ലാവരെയും സ്‍നേഹിക്കുകയെന്നതായിരുന്നു സ്‍ട്രാറ്റജി', കൊച്ചിയിലെത്തിയ അഖിലിന്റെ ആദ്യ പ്രതികരണം
ബിഗ് ബോസ് ജേതാവായി തിരിച്ചെത്തിയ അഖിലിന് വമ്പൻ സ്വീകരണം.
ബിഗ് ബോസ് ജേതാവിന്റെ തിളക്കത്തോടെ അഖില്‍ മാരാര്‍ കൊച്ചിയില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ ഒട്ടേറെ പേരാണ് അഖിലിനൊപ്പം ഫോട്ടോ എടുക്കാനും അഭിനന്ദനങ്ങള്‍ നേരാനും തിരക്കുകൂട്ടിയത്. പുറത്തേയ്‍ക്ക് ഇറങ്ങിയ അഖിലിനെ വൻ ജനാവലിയാണ് സ്വീകരിച്ചത്. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നായിരുന്നു അഖിലിന്റെ ആദ്യ പ്രതികരണം.
പൊന്നാണടയണിയിച്ചും ബൊക്കെ നല്‍കിയുമൊക്കെയാണ് ആരാധകര്‍ അഖിലിനെ സ്വീകരിച്ചത്. എല്ലാവരെയും സ്‍നേഹിക്കുക എന്നതായിരുന്ന സ്‍ട്രാറ്റജിയെന്ന് അഖില്‍ വ്യക്തമാക്കി. 11 കിലോ കുറഞ്ഞിട്ടു വരികയാണ്. എല്ലാവര്‍ക്കും ഒരായിരം നന്ദിയെന്നും പറഞ്ഞ അഖില്‍ പിന്നീട് കാണാമെന്ന് വ്യക്തമാക്കി വാഹനത്തില്‍ കയറിപ്പോകുകയും ചെയ്‍തു.
ബിഗ് ബോസിലെ കംപ്ലീറ്റ് എന്റര്‍ടെയ്‍നറായിട്ടായിരുന്നു അഖിലിനെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസിലെ ഗെയ്‍മുകളിലും വിവിധ ടാസ്‍കുകളിലും മുന്നേറാനും കഴിഞ്ഞ ഒരു മത്സരാര്‍ഥി എന്നതിനാല്‍ അഖില്‍ മാരാര്‍ ഇത്തവണ കപ്പുയര്‍ത്തുമെന്ന കാര്യം ഷോ അറുപത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഉറപ്പായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാത്ത സ്വഭാവ രീതികളാല്‍ അഖിലിനെ പുറത്താക്കുമോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് ആശങ്കകളുണ്ടായത്. സഭ്യേതര പ്രവര്‍ത്തിയും ഫിസിക്കല്‍ അസാള്‍ട്ടുമടക്കമുള്ള ആരോപണങ്ങള്‍ മാര്‍ക്കെതിരെ ഉണ്ടാകുകയും ചെയ്‍തിരുന്നു. എന്നാല്‍ ആ വിഷയങ്ങളില്‍ ക്ഷമ പറഞ്ഞ് പിന്നീട് മുന്നേറുകയും ചെയ്യുന്ന മത്സാര്‍ഥിയായി മാരാര്‍ മാറി. അഖില്‍ മാരാറിന്റെ ചുറ്റിപ്പറ്റിയാണ് ഇത്തവണത്തെ ഷോ പുരോഗിമിച്ചത്. പുറത്തുപോയ മത്സരാര്‍ഥികളുടെയും പിന്തുണ ലഭിച്ചത് അഖിലിന് ആയിരുന്നുവെന്നത് ശ്രദ്ധേയം.
ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നേ തന്നെ പ്രശസ്‍തനായിരുന്നു അഖില്‍ മാരാര്‍. 'ഒരു താത്വിക അവലോകന'മെന്ന സിനിമയുടെ സംവിധായകനായിട്ടാണ് അഖിലിനെ പ്രേക്ഷകര്‍ക്ക് പരിചയം. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായ അഖിൽ സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മടികാട്ടാത്ത ഒരു സിനിമാക്കാരൻ കൂടിയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു മാരാര്‍ 'പേരറിയാത്തവര്‍' എന്ന സിനിമയിൽ സഹ സംവിധായകനായും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കൊല്ലം ഫാത്തിമ കോളജിൽ നിന്ന് അഖില്‍ ബിഎസ്‌സി മാത്ത്‍സ് ബിരുദം നേടുകയും പിന്നീട് മെഡിക്കൽ റെപ്പായി ജോലി നോക്കുകയും ചെയ്‍തു. പിന്നീട് അതുപേക്ഷിച്ച് കോട്ടാത്തലയിൽ ആൽകെമിസ്റ്റെന്ന പേരിൽ സ്വന്തമായി ജ്യൂസ് കട തുടങ്ങുകയും ചെയ്‍തിരുന്നു അഖില്‍ മാരാര്‍. എന്നാൽ, അവിടെയും അഖിൽ ഒതുങ്ങിയില്ല. പിഎസ്‍സി പരീക്ഷകൾ എഴുതി. വനംവകുപ്പിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും അതും വേണ്ടെന്ന് വെച്ചു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞതിനു ശേഷമാണ് അഖില്‍ എഴുത്തിന്റെയും സാംസ്‍കാരിക പ്രവര്‍ത്തനങ്ങളുടെ വഴിയിലേക്കും സിനിമയിലേക്കും എത്തിയത്.
Read More: 'റിനോഷ് ആര്‍മി എന്നെ കൊന്നു കൊലവിളിക്കുന്നു', പ്രതികരിച്ച് മനീഷ
മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്