'ഒരാളെ വേദനിപ്പിക്കലാണോ ഈ ഗെയിം'? മോഹന്‍ലാലിനോട് ഭാഗ്യലക്ഷ്‍മി
ഈ വിഷയം ഫിറോസ് ഖാനോട് തന്നെ ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആരംഭിച്ചത്. ഇപ്പോഴും അങ്ങനെ എഴുതുമോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് എഴുതുന്ന പുസ്‍തകത്തില്‍ സത്യസന്ധത വേണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് ഞാന്‍ അങ്ങനെ എഴുതുമെന്നായിരുന്നു ഫിറോസിന്‍റെ മറുപടി
കഴിഞ്ഞ ദിവസത്തെ മോണിംഗ് ആക്റ്റിവിറ്റിയില്‍ ഭാഗ്യലക്ഷ്‍മിയെയും കിടിലം ഫിറോസിനെയും 'വിഷക്കടലുകള്‍' എന്നു വിശേഷിപ്പിച്ച ഫിറോസ് ഖാനെ തിരുത്തി മോഹന്‍ലാല്‍. ബിഗ് ബോസ് വീട്ടിലെ ഓര്‍മ്മകളെക്കുറിച്ച് എപ്പോഴെങ്കിലും ഒരു പുസ്‍തകം എഴുതുകയാണെങ്കില്‍ ആ പുസ്‍തകത്തില്‍ നിങ്ങളെക്കൂടാതെ ഈ വീട്ടിലെ ആരെല്ലാമായിരിക്കും പ്രധാന കഥാപാത്രങ്ങളെന്നും അത് എന്തുകൊണ്ടെന്നും വിശദീകരിക്കലായിരുന്നു ആക്റ്റിവിറ്റി. എന്നാല്‍ ഈ ആക്റ്റിവിറ്റിയില്‍ പങ്കെടുത്ത ഫിറോസ് ഖാന്‍ ഭാഗ്യലക്ഷ്‍മിക്കും കിടിലം ഫിറോസിനുമെതിരെ മോശം പരാമര്‍ശം നടത്തുകയായിരുന്നു. ഇരുവരും 'വിഷക്കടലുകള്‍' ആണെന്നും 'പാലരുവികളെ'പ്പോലും ഇവര്‍ വിഷലിപ്തമാക്കുന്നുവെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. ഫിറോസ് ഖാന്‍റെ പരാമര്‍ശത്തില്‍ പിന്നീട് പൊട്ടിക്കരഞ്ഞ ഭാഗ്യലക്ഷ്‍മി ബിഗ് ബോസില്‍ തനിക്ക് തുടരാന്‍ കഴിയില്ലെന്ന് പല തവണ ആവര്‍ത്തിച്ചിരുന്നു.
ഈ വിഷയം ഫിറോസ് ഖാനോട് തന്നെ ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആരംഭിച്ചത്. ഇപ്പോഴും അങ്ങനെ എഴുതുമോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് എഴുതുന്ന പുസ്‍തകത്തില്‍ സത്യസന്ധത വേണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് ഞാന്‍ അങ്ങനെ എഴുതുമെന്നായിരുന്നു ഫിറോസിന്‍റെ മറുപടി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഒരാളെ വിലയിരുത്താന്‍ നമുക്ക് ആവില്ലെന്നും ഉപയോഗിക്കുന്ന വാക്കുകള്‍ കുറച്ചുകൂടി സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ബിഗ് ബോസ് ഒരുപാട് പേര്‍ കാണുന്ന പരിപാടിയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിന്നീട് ഈ വിഷയത്തില്‍ സങ്കടങ്ങളൊന്നും വേണ്ടെന്ന് ഭാഗ്യലക്ഷ്‍മിയോടും മോഹന്‍ലാല്‍ പറഞ്ഞു.
എന്നാല്‍ ഭാഗ്യലക്ഷ്‍മി തന്‍റെ ഭാഗം വ്യക്തമാക്കി. "സാറ് പറഞ്ഞതുപോലെ ഇതൊരു ഗെയിം ആണ്. ആ ഗെയിമില്‍ ചതിയും വഞ്ചനയും ഉണ്ടാവരുത് എന്ന് എനിക്കൊരു ആഗ്രഹമുണ്ട്. ഇനിയിപ്പൊ ഒരു ടാസ്‍ക് വരുമ്പോള്‍ എന്ത് ചതിയില്‍ക്കൂടിയും ശ്രമിച്ച് ആ ടാസ്‍കില്‍ വിജയിക്കാന്‍ നമുക്ക് ശ്രമിക്കാം. എന്നാല്‍ ഇത് ഒരു മോണിംഗ് ആക്റ്റിവിറ്റി ആയിരുന്നു. അദ്ദേഹം പറയുന്നത് താന്‍ ഈ വീട്ടിലേക്ക് വരുമ്പോള്‍ വളരെ പ്രതീക്ഷയോടെ കണ്ട രണ്ട് വ്യക്തികളാണ് ഭാഗ്യലക്ഷ്‍മിയും കിടിലം ഫിറോസും, പക്ഷേ ഇന്ന് എനിക്ക് പറയാന്‍ തോന്നുന്നത് ഇവര്‍ രണ്ടുപേരും വിഷക്കടലുകളാണ് എന്നാണ്. ഇതേ വ്യക്തി ഈ വീട്ടിനുള്ളില്‍ കയറി നാല് മണിക്കൂറിനകമാണ് ഇവിടെ യുദ്ധം തുടങ്ങിയത്. അപ്പോള്‍ യഥാര്‍ഥത്തില്‍ വന്നത് യുദ്ധം ചെയ്യാനാണോ. അങ്ങനെയാണെങ്കില്‍ ഒരാളെ വേദനിപ്പിക്കലാണോ ഈ ഗെയിം. ഒരാളെ അപമാനിക്കുകയാണ്. വെടക്കാക്കി തനിക്കാക്കുക എന്ന് പറയുന്നതുപോലെ. ഇതല്ല ഗെയിം. എനിക്ക് എന്‍റെ ജീവിതത്തില്‍ കളിക്കാന്‍ കിട്ടിയിരിക്കുന്ന ഏറ്റവും മനോഹരമായ ഒരു പ്ലാറ്റ്ഫോം ആണ്. ഞാന്‍ ഇതുവരെ ഗെയിമില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ ഇത് വല്ലാത്തൊരു അവസ്ഥയിലേക്കാണ് എന്നെ കൊണ്ടുപോകുന്നത്", ഭാഗ്യലക്ഷ്‍മി പറഞ്ഞു.
എന്നാല്‍ ബിഗ് ബോസ് നിയമ പുസ്‍തകം എല്ലാവരും ഒന്നുകൂടി വായിച്ചുനോക്കൂ എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. "ജീവിതത്തില്‍ തന്നെ ഒരുപാട് നിയമങ്ങള്‍ ഉണ്ട്. ശാരീരികമായും മാനസികമായും മറ്റൊരാളെ വേദനിപ്പിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. അത് ലോകനിയമമാണ്", മോഹന്‍ലാല്‍ പറഞ്ഞു.