മധ്യപ്രദേശിൽ മാറ്റത്തിനുള്ള വികാരം പ്രകടം, രാജസ്ഥാനിൽ തിരിച്ചടി മറികടക്കാൻ കിണഞ്ഞു പരിശ്രമിച്ച് ബിജെപി
മധ്യപ്രദേശിലെ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ കോൺഗ്രസ് ക്യാംപിൽ നല്ല പ്രതീക്ഷയാണ് ദൃശ്യമാകുന്നത്. ജനങ്ങൾ പരസ്യമായി തന്നെ സർക്കാരിനെതിരെ സംസാരിക്കുന്ന കാഴ്ച മധ്യപ്രദേശിലെ എല്ലാ മേഖലകളിലും കാണാമായിരുന്നു. രാജസ്ഥാനിൽ കഷ്ടിച്ചൊരു വിജയമേ ബിജെപി അവകാശപ്പെടുന്നുള്ളൂ.
ദില്ലി: മധ്യപ്രദേശിലെ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ കോൺഗ്രസ് ക്യാംപിൽ നല്ല പ്രതീക്ഷയാണ് ദൃശ്യമാകുന്നത്. ജനങ്ങൾ പരസ്യമായി തന്നെ സർക്കാരിനെതിരെ സംസാരിക്കുന്ന കാഴ്ച മധ്യപ്രദേശിലെ എല്ലാ മേഖലകളിലും കാണാമായിരുന്നു. ബിജെപിക്കൊപ്പമുള്ള പരമ്പരാഗത വിഭാഗങ്ങളിലും രോഷം പ്രകടമാണ്. ഈ ജനസംസാരത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ കോൺഗ്രസ് മധ്യപ്രദേശിൽ നല്ല വിജയം നേടണം. മാറ്റത്തിനു വേണ്ടിയുള്ള സംസാരം അവസാന നാളുകളിൽ കോൺഗ്രസ് അനുകൂല വികാരമായി മെല്ലെ മാറുകയും ചെയ്തു.
എന്നാൽ ഈ ബിജെപി വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതേസമയം സർക്കാരിനെതിരെ നിൽക്കുന്നവരെ പൂർണ്ണമായും ബുത്തിലെത്തിച്ച വോട്ടു ചെയ്യിക്കാനുള്ള സംഘടനാ ശേഷി കോൺഗ്രസിൽ പ്രകടമായില്ല. വിഭവവും സംഘടനാ ശക്തിയും ബിജെപിക്ക് ധാരാളം ഉണ്ടായിരുന്നു. ആർഎസ്എസ് ശാഖകൾ സർക്കാർ ഓഫീസുകളിൽ നിരോധിക്കുമെന്ന വാഗ്ദാനം കോൺഗ്രസ് മുന്നോട്ടു വച്ചതോടെ സംഘപരിവാർ അണികൾ തെരഞ്ഞെടുപ്പിൽ സജീവമായി. മഹാരാജാവിനെതിരെ ശിവരാജ് എന്ന മുദ്രാവാക്യം ബിജെപി അവസാനനാളുകളിൽ സജീവമാക്കി. ഒപ്പം ബിഎസ്പിയുടെ സാന്നിധ്യം ഇരുപതോളം മണ്ഡലങ്ങളിൽ കോൺഗ്രസിന് തലവേദനയായി. ഇപ്പോൾ സംസ്ഥാനത്ത് കാണുന്ന ജനവികാരം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ കോൺഗ്രസിന് ഇനിയൊരു തിരിച്ചു വരവ് അസാധ്യമാകും.
"
മധ്യപ്രദേശിൽ ആശങ്കയിലായ ബിജെപിയുടെ എല്ലാ ശ്രദ്ധയും ഇനി രാജസ്ഥാനിലേക്ക് തിരിയും. ഇപ്പോൾ രാജസ്ഥാനിൽ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. എന്നാൽ ഇരുപാർട്ടികൾക്കും ഇടയിലുണ്ടായിരുന്ന അന്തരം കുറച്ചു കൊണ്ടു വരാൻ കഴിഞ്ഞ ഒരാഴ്ചയിൽ കഴിഞ്ഞു എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. നരേന്ദ്രമോദിയുടെ റാലികൾ മധ്യപ്രദേശിനെക്കാൾ രാജസ്ഥാനിൽ ബിജെപിക്ക് ഗുണം ചെയ്യുന്നുണ്ട്. വിദേശസന്ദർശനത്തിന് പോകുന്ന മോദി രണ്ടാം തിയതി മടങ്ങിയെത്തിയാൽ അവസാന മൂന്നു ദിവസവും സംസ്ഥാനത്ത് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തെ നിശ്ചയിച്ചതിനെക്കാൾ മൂന്നോ നാലോ റാലികളിൽ കൂടി മോദി പങ്കെടുക്കണം എന്നാണ് സംസ്ഥാന ഘടകത്തിൻറെ ആവശ്യം. അമിത് ഷാ രാജസ്ഥാനിൽ തങ്ങി പ്രചരണത്തിന്‍റെ കടിഞ്ഞാൺ കൈയ്യിലെടുക്കും. ആർഎസ്എസും വസുന്ധരയുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റിവച്ചു പ്രചരണത്തിൽ സജീവമായി തുടങ്ങി. മൂന്നക്ക സീറ്റു കിട്ടാനുള്ള സാഹചര്യം മെല്ലെ ഉരുത്തിരിയുന്നു എന്നാണ് രാജസ്ഥാന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പറയുന്നത്. അതായത് രാജസ്ഥാനിൽ കഷ്ടിച്ചൊരു വിജയമേ ബിജെപി അവകാശപ്പെടുന്നുള്ളൂ.