ധർമ്മടത്ത് മത്സരിക്കാനില്ല; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെ സുധാകരൻ
വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണക്കാത്തത് പ്രാദശിക വികാരം മനസ്സിലാക്കിയിട്ടാണെന്നും സി രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം നാളെ പ്രഖ്യാപിക്കുമെന്നും സുധാകരൻ അറിയിച്ചു.
കണ്ണൂർ: ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്നറിയില്ലെന്നും സുധാകരൻ പറഞ്ഞു.
സി രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം നാളെ പ്രഖ്യാപിക്കുമെന്നും സുധാകരൻ അറിയിച്ചു. വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണക്കാത്തത് പ്രാദശിക വികാരം മനസ്സിലാക്കിയിട്ടാണെന്നും സുധാകരൻ വിശദീകരിച്ചു.
സംസ്ഥാനത്ത് ധർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മണ്ഡലവും ഇടത് കോട്ടയുമായ ധർമ്മടത്ത് ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജന്‍റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത് എന്നാൽ സീറ്റ് ഏറ്റെടുക്കാൻ ദേവരാജൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ കൊടുക്കുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചത്. ഇതിനിടെയാണ് ഈ നീക്കതിനെതിരെ സി രഘുനാഥ് രംഗത്തെത്തിയത്.
വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കിൽ വിമതനായി മത്സരിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറിയായ സി രഘുനാഥ് നിലപാടെടുക്കുകയായിരുന്നു.