'ബാലമുരളി എന്നാണ് വാളയാർ ജോയിന്റ് കൺവീനറായത്? സിപിഎമ്മിനുള്ള ചാരപ്പണി', വിമശിച്ച് സമരസമിതി രക്ഷാധികാരി
ബാലമുരളി എന്നാണ് ജോയിന്റ് കൺവീനറായതെന്ന് അറിയില്ലെന്നും കഴിഞ്ഞ ആറ് മാസമായി വാളയാറിലെ അമ്മ സമരം നടത്തുമ്പോൾ ബാലമുരളിയെ കണ്ടിട്ടില്ലെന്നും നീലകണ്ഠൻ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ധര്‍മ്മടത്ത് നിന്നും മത്സരിക്കാനുള്ള വാളയാർ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ സമര സമിതി ജോയിന്‍റ് കണ്‍വീനര്‍ ബാലമുരളിയെ തള്ളി വാളയാർ സമരസമിതി രക്ഷാധികാരി സി ആർ നീലകണ്ഠൻ. ബാലമുരളി എന്നാണ് ജോയിന്റ് കൺവീനറായതെന്ന് അറിയില്ലെന്നും കഴിഞ്ഞ ആറ് മാസമായി വാളയാറിലെ അമ്മ സമരം നടത്തുമ്പോൾ ബാലമുരളിയെ കണ്ടിട്ടില്ലെന്നും നീലകണ്ഠൻ പറഞ്ഞു.
ബാലമുരളി സമരസമിതിയുടെ ആരുമല്ല. ചതിക്കാനാണ് അടുത്തത്. സിപിഎമ്മിനെ രക്ഷിക്കാനുള്ള ചാര പണിയാണിത്. നാമനിർദേശ പത്രിക കൊടുത്തതിന് തൊട്ടുപിന്നാലെയുള്ള പ്രസ്താവനക്ക് പിന്നിൽ സിപിഎം അജണ്ടയാണെന്നും സമരസമിതി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വാളയാര്‍ പെൺകുട്ടികളുടെ അമ്മ പിന്മാറണമെന്നും പിന്മാറിയില്ലെങ്കിൽ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സമര സമിതി ജോയിന്‍റ് കണ്‍വീനര്‍ ബാലമുരളി ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. സമര സമിതിയിലെ ചിലർക്ക് കോൺഗ്രസ്സുമായി അവിശുദ്ധ ബന്ധമുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് വിലക്കെടുത്തെന്നുമായിരുന്നു ബാലമുരളിയുടെ ആരോപണം.
'വാളയാർ അമ്മയെ യുഡിഎഫ് വിലക്കെടുത്തു'; മത്സരിക്കരുതെന്ന് സമരസമിതി ജോയിന്‍റ് കണ്‍വീനര്‍