'ഭയന്നോടില്ല'; മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രന്‍
തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയതിന് പിന്നാലെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്റർ സാബു ജേക്കബ് പ്രഖ്യാപിച്ചത്
കൊച്ചി: ട്വന്റി ട്വന്റി മത്സരിക്കുമെന്ന് പറഞ്ഞതോടെ കുന്നത്തുനാട് മണ്ഡലം വിട്ട് സുരക്ഷിത മണ്ഡലം തേടിപ്പോകുമെന്ന അഭ്യൂഹങ്ങൾ പാടേ തള്ളി വിപി സജീന്ദ്രൻ എംഎൽഎ. മത്സരിക്കുന്നുണ്ടെങ്കില്‍ കുന്നത്തുനാട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് വിപി സജീന്ദ്രന്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയതിന് പിന്നാലെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്റർ സാബു ജേക്കബ് പ്രഖ്യാപിച്ചത്. ട്വന്‍റി ട്വന്‍റി ഭരണം നേടിയ നാല് പഞ്ചായത്തുകളും കുന്നത്തുനാട് നിയോജക മണ്ഡലത്തിലാണ്. ഇതോടെ കഴിഞ്ഞ തവണ മൂവായിരത്തിൽ താഴെ വോട്ട് മാത്രം നേടി വിജയിച്ച സജീന്ദ്രൻ സുരക്ഷിത മണ്ഡലം തേടുന്നുവെന്ന രീതിയിൽ പ്രചാരണം ഉണ്ടായി.
കോട്ടയത്തെ വൈക്കം, പാലക്കാട്ടെ കോങ്ങാട് മണ്ഡലങ്ങളിലേക്ക് സജീന്ദ്രന്‍ മാറുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അഭ്യൂഹങ്ങള്‍ വിപി സജീന്ദ്രന്‍ തന്നെ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് പോലയല്ല നിയമസഭ തെരഞ്ഞെടുപ്പെന്നായിരുന്നു വിപി സജീന്ദ്രന്റെ പ്രതികരണം. ഇടതുമുന്നണിയും വലതുമുന്നണിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റിക്ക് പ്രസക്തിയില്ലെന്നും സജീന്ദ്രന്‍ പറഞ്ഞു.