സിന്ധുമോൾ ജേക്കബ്ബിനെ പുറത്താക്കിയ നടപടി; ഉഴവൂർ പ്രാദേശിക നേതൃത്വത്തെ തള്ളി സിപിഎം
പാർട്ടി അംഗത്തെ പുറത്താക്കേണ്ടത് ജില്ലാ കമ്മിറ്റിയാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു. ലോക്കൽ കമ്മിറ്റിയുടെ നടപടിയെക്കുറിച്ചുള്ള അറിയില്ല. ലോക്കൽ കമ്മിറ്റിയുടെ നടപടി പാർട്ടി പരിശോധിക്കുമെന്നും വാസവൻ പറഞ്ഞു.
കോട്ടയം: പിറവം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബ്ബിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റിയെ തള്ളി ജില്ലാ നേതൃത്വം. പാർട്ടി അംഗത്തെ പുറത്താക്കേണ്ടത് ജില്ലാ കമ്മിറ്റിയാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു. ലോക്കൽ കമ്മിറ്റിയുടെ നടപടിയെക്കുറിച്ചുള്ള അറിയില്ല. ലോക്കൽ കമ്മിറ്റിയുടെ നടപടി പാർട്ടി പരിശോധിക്കുമെന്നും വാസവൻ പറഞ്ഞു.
ജനപ്രതിനിധിയെന്ന നിലയിൽ സിന്ധുമോളുടേത് മികച്ച പ്രവർത്തനമാണ്. അവർ പിറവത്ത് യോജിച്ച സ്ഥാനാർത്ഥി തന്നെയാണെന്നും വാസവൻ പറഞ്ഞു. കേരളാ കോൺഗ്രസ് ടിക്കറ്റിലാണ് സിന്ധു പിറവത്ത് മത്സരിക്കുന്നത്. തങ്ങളോട് ചോദിക്കാതെ കേരളാ കോൺഗ്രസ് സിന്ധുവിനെ സ്ഥാനാർത്ഥിയാക്കിയെന്നതാണ് പ്രാദേശിക സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് സിന്ധുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ലോക്കൽ കമ്മിറ്റി സ്വീകരിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി എന്നായിരുന്നു ലോക്കൽ കമ്മിറ്റിയുടെ പ്രസ്താവന.
സിന്ധുവിനെതിരായ നടപടി പ്രാദേശികമായ എതിർപ്പ് മാത്രമാണെന്നാണ് സിപിഎം കോട്ടയം ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ നേരത്തെ പ്രതികരിച്ചത്. ഇത് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് വി എൻ വാസവൻ. അതേസമയം, സിന്ധുമോളുടെ സ്ഥാനാർത്ഥിത്വം സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് തന്നെയായിരുന്നെന്നും സൂചന ഉയരുന്നുണ്ട്. യാക്കോബായ സമുദായംഗം പിറവത്ത് സ്ഥാനാർത്ഥിയാകണമെന്ന് സിപിഎം കേരളാ കോൺഗ്രസിനോട് നിർദ്ദേശിച്ചിരുന്നതായാണ് സൂചന.