'ഗാട്ടാ ഗുസ്തിയല്ല,നേമത്ത് നടക്കുന്നത് രാഷ്ട്രീയ പോരാട്ടം'; കെ മുരളീധരൻ ചാഞ്ചാട്ടക്കാരനെന്നും ശിവൻകുട്ടി
വ്യക്തികൾ തമ്മിലുള്ള മത്സരം അളക്കാൻ ഇത് ഗാട്ടാ ഗുസ്തിയല്ല. സ്ഥാനാർത്ഥി ആരായാലും പ്രശ്നമില്ലെന്നും കെ സുരേന്ദ്രന് നേമത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്നും ശിവൻ കുട്ടി.
തിരുവനന്തപുരം: കെ മുരളീധരൻ ചാഞ്ചാട്ടക്കാരനെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. സിപിഎമ്മും ബിജെപിയും തമ്മിലാണ് നേമത്ത് ഇതുവരെ മത്സരം നടന്നത്. മുരളീധരൻ വരുന്നതോടെ ഇത്തവണ കോൺഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. വ്യക്തികൾ തമ്മിലുള്ള മത്സരം അളക്കാൻ ഇത് ഗാട്ടാ ഗുസ്തി അല്ലെന്നും ശിവൻ കുട്ടി കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി ആരായാലും പ്രശ്നമില്ല. കെ സുരേന്ദ്രന് നേമത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേമത്ത് കെ മുരളീധരന്റെ പേര് ഉയർന്ന വരുന്ന സാഹചര്യത്തിലാണ് ശിവൻകുട്ടിയുടെ വിമർശനം. അതേസമയം, നേമത്ത് താൻ സ്ഥാനാർത്ഥി ആക്കുമോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. സ്ഥാനാർത്ഥിയാക്കിയാൽ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്നും നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ വിജയമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.