പിണറായിക്ക് പ്രിയപ്പെട്ടവനായിരുന്നു; പക്ഷെ പാലാ ചങ്കാണ് എന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ
ജൂനിയര്‍ മാൻഡ്രേക്ക് എന്ന സിനിമ കാണണമെന്ന് പിണറായി വിജയനെ ഉപദേശിച്ച് മാണി സി കാപ്പൻ. യുഡിഎഫ് ഏറെ സന്തോഷത്തോടെയാണ് ജോസ് കെ മാണിയെ എൽഡിഎഫിന് കൊടുത്തതെന്ന് മറക്കരുതെന്നും മാണി സി കാപ്പൻ
കോട്ടയം/ പാലാ: പാലാ വിട്ട് ഒന്നും ചെയ്യാനില്ലെന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ യുഡിഎഫ് വേദിയിൽ. പാലാ നഗരത്തിലെ ശക്തി പ്രകടനത്തിന് ശേഷം ഐശ്വര്യ കേരള യാത്രയിൽ അണിചേര്‍ന്നായിരുന്നു മാണി സി കാപ്പൻ നയം പ്രഖ്യാപിച്ചത്. പാലായിലെ വികസനത്തിന് ജോസ് കെ മാണിയും സിപിഎം ജില്ലാ സെക്രട്ടറിയും തുരങ്കം വയ്ക്കുകയായിരുന്നു എന്ന് ആരോപിച്ച മാണി സി കാപ്പൻ പ്രതിസന്ധികൾക്ക് ഇടയിലും പാലായുടെ വികസനത്തിന് പരമാവധി കാര്യങ്ങൾ ചെയ്യാനായെന്നും ഓര്‍മ്മിപ്പിച്ചു.
പാലായുടെ വികസനത്തിന് ഒപ്പം നിന്ന പിണറായി വിജയന് നന്ദി രേഖപ്പെടുത്തിയാണ് മാണി സി കാപ്പൻ പ്രസംഗം തുടങ്ങിയത്. കെ എം മാണിക്കെതിരെ മത്സരിക്കാൻ ആരുമില്ലാതിരുന്ന കാലത്താണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച് തുടങ്ങിയത്. വോട്ട് വ്യത്യാസം ഓരോ തവണയും കുറച്ച് കുറച്ച് വന്നാണ് പാലായിൽ ജയിച്ച് കയറിയത്.
ഇടതുമുന്നണിക്ക് പ്രിയപ്പെട്ടവനായിരുന്നു, പിണറായിയുടെ അടുത്ത ആളായിരുന്നു. പാലാ കൊടുക്കാം എന്ന് വാദ്ഗാനം ചെയ്താണ് ജോസ് കെ മാണിയെ ഇടതുമുന്നണിയിലെത്തിച്ചതോടെ ജോസ് കെ മാണി പാലായിൽ പ്രവര്‍ത്തനം തുടങ്ങി. പാലാ കേരള കോൺഗ്രസിന്റെ വത്തിക്കാൻ എന്ന് ജോസ് കെ മാണി പറഞ്ഞു. പക്ഷെ പോപ്പ് വേറെ ആണെന്ന് അദ്ദേഹം മറന്നു. കഴിഞ്ഞ 25 കൊല്ലം ചോരയും നീരും പണവും ഇടതുമുന്നണിക്ക് വേണ്ടി ചെലവഴിച്ചതാണ്. അത് തിരിച്ച് വേണം എന്നല്ല പറയുന്നത്. എംഎൽഎ സ്ഥാനം രാജിവക്കണം എന്ന് പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഇടതു മുന്നണിയിലേക്ക് മാറി അഞ്ച് മാസം കഴിഞ്ഞാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചത്. യുഡിഎഫ് വോട്ട് കൊണ്ട് ജയിച്ച റോഷി അഗസ്റ്റിനും ചാഴിക്കാടനും എൻ ജയരാജും എല്ലാം രാജിവയ്ക്കേണ്ടേ എന്നും മാണി സി കാപ്പൻ ചോദിച്ചു.
പ്രസംഗത്തിൽ ജൂനിയര്‍ മാൻഡ്രേക്ക് എന്ന സിനിമ കാണണമെന്ന് പിണറായി വിജയനെ ഉപദേശിക്കുകയും ചെയ്തു മാണി സി കാപ്പൻ. യുഡിഎഫ് ഏറെ സന്തോഷത്തോടെയാണ് ജോസ് കെ മാണിയെ എൽഡിഎഫിന് കൊടുത്തതെന്ന് മറക്കരുതെന്നും മാണി സി കാപ്പൻ പറഞ്ഞു. യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണെന്നും കാപ്പൻ ഐശ്വര്യകേരള യാത്രാ വേദിയിൽ പറഞ്ഞു.