തിരുവനന്തപുരത്തെ മത്സരചിത്രം മാറുന്നു; മണ്ഡലത്തില്‍ കടുത്ത ത്രികോണപ്പോര്, ചങ്കിടിപ്പേറി മുന്നണികൾ
മണ്ഡലപുനർനിർണ്ണയ ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളും ജയിച്ചു കയറി ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോൾ ശിവകുമാർ നേരിടുന്നത് കടുത്ത മത്സരമാണ്.
തിരുവനന്തപുരം: അവസാന ലാപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം മുറുകി. മണ്ഡലം പിടിക്കാനും നിലനിർത്താനും ഇടതും വലതും പോരാടുമ്പോൾ ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ബിജെപി. മണ്ഡലപുനർനിർണ്ണയ ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളും ജയിച്ചു കയറി ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോൾ ശിവകുമാർ നേരിടുന്നത് കടുത്ത മത്സരമാണ്. തുടർച്ചയായ രണ്ടാം തവണയും ശിവകുമാർ-ആന്‍റണി രാജു പോര്.
അഴിമതി ആരോപണങ്ങളും ബിജെപിയുമായുള്ള ഒത്ത് കളി ആക്ഷേപവും തിരുവനന്തപുരത്ത് വളർന്നുവരുന്ന ബിജെപി വോട്ടുകളുമെല്ലാം വെല്ലുവിളിയാണ്. പക്ഷെ, പ്രതിസന്ധികളെ മറികടക്കുന്ന ശിവകുമാർ തന്ത്രങ്ങളിലൂടെ മണ്ഡലം നിലനിർത്താനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. പത്ത് വർഷത്തെ വികസനനേട്ടങ്ങളും ദേവസ്വം മന്ത്രി എന്ന നിലയിൽ ശബരിമലപ്രശ്നത്തിൽ നൽകിയ സത്യവാങ്മൂലവുമെല്ലാം പറഞ്ഞാണ് വോട്ട് ചോദ്യം.
തീരത്താണ് ശിവകുമാറിൻ്റെ വലിയപ്രതീക്ഷ. തീരത്തിന് മാത്രമായി പ്രത്യേക വികസനരേഖയിറക്കിയാണ് പ്രചാരണം. തീരത്തെയും നഗരത്തിലെയും വ്യക്തിബന്ധങ്ങളും ഇടത് സംഘടന സംവിധാനങ്ങളുടെ കരുത്തിലുമാണ് ആൻ്റണി രാജു അട്ടിമറി ലക്ഷ്യമിടുന്നത്. ശിവകുമാറിനെതിരായ അഴിമതി ആരോപണങ്ങളടക്കം ശക്തമായി ഉന്നയിക്കുന്നു.
കഴിഞ്ഞ തവണ ശ്രീശാന്ത് 35000 ത്തിലേറെ വോട്ട് നേടിയ സ്ഥാനത്ത് ടെലിവിഷൻ താരമായ കൃഷ്ണകുമാറിലൂടെ ജയം മാത്രമാണ് ബിജെപി ലകഷ്യമിടുന്നത്. പരിചയ സമ്പന്നർക്കിടയിൽ വേറിട്ട രീതിയിലെ കൃഷ്ണകുമാർ പ്രചാരണത്തിൽ ഇടത് വലതുമുന്നണികൾക്ക് ആശങ്കയുണ്ട്. ഇതിനകം പല സർവ്വെകളും കൃഷ്ണകുമാറിന് ജയം വരെ പ്രവചിക്കുന്നു. ശിവകുമാറിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന സിപിഎം സീറ്റ് ഘടകകക്ഷിക്ക് നൽകി മത്സരം ലഘുവാക്കിയത് ഒത്തുകളിക്കാണെന്ന് വരെ ബിജെപി ആരോപിക്കുന്നു. ന്യൂനപക്ഷങ്ങൾ നിർണ്ണായകമായ തീരത്തെ വാർഡുകൾ എന്നും ബിജെപിക്ക് വെല്ലുവിളിയാണ്.