കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ - സീവോട്ടർ സർവേ
യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ ഫലം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം 77 സീറ്റിൽ വിജയിച്ച് അധികാരം നേടും. അതേസമയം യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.
സംസ്ഥാനത്ത് ഇടതുമുന്നണിക്ക് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ൽ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാവും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും. 2016 നെ അപേക്ഷിച്ച് വോട്ട് വിഹിതം ബിജെപിക്ക് ഉയർന്നതാവുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 71 മുതൽ 83 വരെ സീറ്റ് നേടും. യുഡിഎഫിന് 56 മുതൽ 68 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.
പശ്ചിമ ബംഗാളിൽ ബിജെപിയുമായി ശക്തമായ മത്സരം നടക്കുമെങ്കിലും തൃണമൂൽ കോൺഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സർവേ, മമത ബാനർജിക്ക് നേരിയ മുൻതൂക്കമാണ് ഉണ്ടാവുകയെന്നും പറയുന്നുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ്-ഇടത് സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എൻഡിഎ അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നുണ്ട്.