തിരുവല്ലയിൽ 'താമര' വിരിയുമോ? ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാൻ ബിജെപി
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ മാത്രം കെ സുരേന്ദ്രൻ നേടിയ 40186 വോട്ടുമാണ് ബിജെപി ക്യാമ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ഇത് മുൻനിർത്തിയാണ് ഘടകക്ഷിയുടെ അക്കൗണ്ടിലുള്ള മണ്ഡലത്തിൽ താമര പരീക്ഷണമെന്ന ആവശ്യവുമായി ബിജെപി ബിഡിജെഎസിന് മുന്നിലെത്തിയത്.
പത്തനംതിട്ട: തിരുവല്ല മണ്ഡലം ഇത്തവണ ബിഡിജെഎസിൽ നിന്ന് ബിജെപി ഏറ്റെടുക്കും. മണ്ഡലം വിട്ട് നൽകാൻ തയ്യാറാണെന്ന് ബിഡിജെഎസ് ബിജെപിയെ അറിയിച്ചു. പകരം പത്തനംതിട്ട ജില്ലയിലെ മറ്റൊരു മണ്ഡലം ആവശ്യപ്പെടും.
പാർട്ടിക്കുള്ളിലെ കണക്ക് കൂട്ടലുകളിൽ ബിജെപിക്ക് കാര്യമായ പ്രതീക്ഷ നൽകുന്ന മണ്ഡലമാണ് തിരുവല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ മാത്രം കെ സുരേന്ദ്രൻ നേടിയ 40186 വോട്ടുമാണ് ബിജെപി ക്യാമ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ഇത് മുൻനിർത്തിയാണ് ഘടകക്ഷിയുടെ അക്കൗണ്ടിലുള്ള മണ്ഡലത്തിൽ താമര പരീക്ഷണമെന്ന ആവശ്യവുമായി ബിജെപി ബിഡിജെഎസിന് മുന്നിലെത്തിയത്.
കഴിഞ്ഞ തവണ ബിഡിജെഎസ് ടിക്കറ്റിൽ ഇറങ്ങി 31439 വോട്ട് നേടിയ അക്കീരമൺ കാളിദാസ ഭട്ടതിരി പാർട്ടി വിട്ടതോടെ ബിഡിജെഎസും മണ്ഡലം വിട്ടുനൽകാമെന്ന നിലപാടിലാണ്. ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാർത്ഥിയെ ഇറക്കാനാണ് ബിജെപി തീരുമാനം. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഏറെകുറെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. അനൂപിനെ അപ്പുറത്തേക്ക് മറ്റ് പേരുകൾ ഒന്നും ചർച്ചയിലില്ല. കേന്ദ്ര സർക്കാരിന്റെ ജനസേവനം ഫൗണ്ടേഷൻ ഹെൽപ്പ് ഡസ്ക് പ്രവർത്തനങ്ങളുമായി അനൂപ് ആന്റണി മാസങ്ങൾക്ക് മുമ്പേ മണ്ഡലത്തിൽ സജീവമാണ്. കെ സുരേന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ കോന്നി സീറ്റ് വേണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം. പക്ഷേ ഇക്കാര്യത്തിൽ കടുംപിടുത്തം ഉണ്ടാവില്ല.