ബിജെപി വോട്ട് വാങ്ങണോ ? കോൺഗ്രസിൽ തമ്മിൽതല്ല്; തലശ്ശേരിയിൽ തീരുമാനം ഇല്ലാതെ ബിജെപി
കണ്ണൂര്‍ ജില്ലയിൽ തന്നെ ഏറ്റവും അധികം വോട്ടുള്ള മണ്ഡലത്തിൽ പിന്തുണക്കാൻ സ്വതന്ത്രൻ പോലുമില്ലാത്ത സാഹചര്യമാണ് ബിജെപി നേതൃത്വത്തെ കുഴക്കുന്നത്.
തലശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ അടക്കം കേരളത്തിലേക്ക് എത്തുമ്പോഴും പത്രിക തള്ളിപ്പോയി സ്ഥാനാര്‍ത്ഥി ഇല്ലാതായ തലശ്ശേരിയിൽ ബിജെപിയുടെ ആശയക്കുഴപ്പം തുടരുകയാണ്. സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ ജില്ലയിൽ തന്നെ ഏറ്റവും അധികം വോട്ടുള്ള മണ്ഡലത്തിൽ പിന്തുണക്കാൻ സ്വതന്ത്രൻ പോലുമില്ലാത്ത സാഹചര്യമാണ് ബിജെപി നേതൃത്വത്തെ കുഴക്കുന്നത്. അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് മാത്രമാണ് ഇക്കാര്യത്തിൽ നേതാക്കളുടെ പ്രതികരണം.
ബിജെപി പത്രിക തള്ളിയത് വോട്ട് കച്ചവടത്തിൻറെ ഭാഗമാണെന്ന് കോൺഗ്രസ്സും സിപിഎം പരസ്പരം ആരോപണം തുടരുകയാണ്. അതിനിടെ, തലശേരിയിൽ ബിജെപി വോട്ട് സ്വീകരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കടുത്ത ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ചെന്നിത്തല പറഞ്ഞപ്പോൾ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് എം.എം ഹസൻ തിരുത്തി.
പത്രിക തള്ളിയ ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായരെ പിന്തുണയ്ക്കാനാണ് ബിജെപി നീക്കം