അസൗകര്യം പറഞ്ഞത് ശോഭ; തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് കെ സുരേന്ദ്രൻ
എല്ലാവരും മത്സരിക്കാൻ നിർബന്ധിച്ചതാണ് .ശോഭയാണ് അസൗകര്യം അറിയിച്ചത്.ഇത്തവണ ശോഭാ സുരേന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുമെന്നും കെ സുരേന്ദ്രൻ
പത്തനംതിട്ട: ശോഭ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിൽ തർക്കങ്ങൾ ഒന്നുമില്ല. പുറത്ത് വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദില്ലിക്ക് പുറപ്പെടും മുമ്പ് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകാൻ അസൗകര്യം ഉണ്ടെന്ന് അറിയിച്ചത് അവര്‍ തന്നെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങൾ ഉള്ളതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകും.
കഴക്കൂട്ടം മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം പാളിയതോടെ മണ്ഡലത്തിലേക്ക് ശോഭാ സുരേന്ദ്രന്‍റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട് . ഈ ഘട്ടത്തിൽ കൂടിയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
കെ മുരളീധരന്‍റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവര്‍ത്തിച്ചു. സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ് നേമത്ത് കെ മുരളീധരൻ സ്ഥാനാര്‍ത്ഥിയായത്. നേമത്ത് കഴിഞ്ഞ പ്രവശ്യത്തേക്കാൾ വലിയ തോൽവി കോൺഗ്രസിനുണ്ടാകും എന്നും കെ സുരേന്ദ്രൻ പറഞ്ഞു.