'മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു', എന്താണ് സംഭവിച്ചതെന്ന് അറിയില്ല': ശോഭാ സുരേന്ദ്രൻ
കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കി.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാത്ഥിപട്ടിക പുറത്ത് വന്നതോടെ പരിഹാസവുമായി ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരമെന്നും രണ്ട് സീറ്റുകളിലും വിജയാശംസകളെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് കെ. സുരേന്ദ്രന് ലഭിച്ചത്. രണ്ട് സീറ്റുകളിലും അദ്ദേഹത്തിന്വിജയാശംസകൾ നേരുകയാണ്. കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലായിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയടക്കം നേരത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാൽ താൻ മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. പിന്നീട് തന്റെ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല. പാർട്ടി തന്നെ ഒതുക്കിയെന്ന തോന്നലില്ല. പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും ശോഭ വ്യക്തമാക്കി.
കേരളത്തിലെ 112 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കഴക്കൂട്ടം ഉൾപ്പടെ മൂന്നിടത്ത് തീരുമാനം ആയില്ല. ദേശീയ നേതൃത്വത്തിന്‍റെ പ്രത്യേക തീരുമാനം അനുസരിച്ചാണ് കോന്നിക്കൊപ്പം മഞ്ചേശ്വരത്തും കെ.സുരേന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നത്. കഴിഞ്ഞ തവണ നിസാരവോട്ടിന് കൈവിട്ടുപോയ മഞ്ചേശ്വരം കെ.സുരേന്ദ്രനിലൂടെ തന്നെ പിടിച്ചെടുക്കാനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ശോഭസുരേന്ദ്രനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ദേശീയ നേതാക്കളുടെ നിര്‍ദ്ദേശത്തെ സംസ്ഥാന നേതൃത്വം ശക്തമായി എതിര്‍ത്തു. ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നാണ് സംസ്ഥാന നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.