നേമത്ത് വി.ശിവൻ കുട്ടി മത്സരിക്കാൻ സാധ്യത, അരുവിക്കരയിൽ എ.എ.റഹീമിൻ്റെ പേര് സിപിഎം പരിഗണനയിൽ
അതിശക്തമായ മത്സരം നടക്കുന്ന നേമത്ത് പ്രബലനായ സ്ഥാനാര്‍ത്ഥി വേണം എന്ന അഭിപ്രായമാണ് ശിവൻ കുട്ടിക്ക് അനുകൂലമായി നിൽക്കുന്നത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണ. കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരം നടക്കുന്ന നേമത്ത് മുൻ എംഎൽഎയും മേയറുമായ വി.ശിവൻ കുട്ടി മത്സരിച്ചേക്കും. ശിവൻ കുട്ടി, ആര്‍.പാര്‍വ്വതി ദേവി എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചതെങ്കിലും ശിവൻകുട്ടിയുടെ പേരിനാണ് മുൻതൂക്കം. അതിശക്തമായ മത്സരം നടക്കുന്ന നേമത്ത് പ്രബലനായ സ്ഥാനാര്‍ത്ഥി വേണം എന്ന അഭിപ്രായമാണ് ശിവൻ കുട്ടിക്ക് അനുകൂലമായി നിൽക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും കെ.എൻ.ബാലഗോപാലും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ പ്രതിനിധീകരിക്കുന്ന അരുവിക്കര മണ്ഡലത്തിൽ ശക്തനായ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണം എന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ പൊതുവികാരം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിൻ്റെ പേരാണ് നിലവിൽ ഇവിടേക്ക് പരിഗണിക്കുന്നത്. എന്നാൽ ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീമിനെ ഇറക്കണം എന്നൊരു അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥി വന്നാൽ അരുവിക്കരയിൽ വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ് എന്നാണ് സിപിഎം വിലയിരുത്തൽ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ഷൈലജ ബീഗം, മുൻഎസ്എഫ്ഐ പ്രസിഡൻ്റ് ഷിജു ഖാൻഎന്നിവരുടെ പേരുകളും അരുവിക്കരയിൽ പരിഗണനയിലുണ്ട്.
ആറ്റിങ്ങലിൽ സിറ്റിംഗ് എംഎൽഎ ബി. സത്യൻ ഇപ്രാവശ്യം മത്സരരംഗത്ത് നിന്നും മാറി നിന്നേക്കും. രണ്ട് തവണ ജയിച്ച അദ്ദേഹത്തിന് പകരം ഇത്തവണ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വിനീഷിനെയാണ് പാര്‍ട്ടി ആ സീറ്റിൽ പരിഗണിക്കുന്നത്. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം അംബികാദേവിയുടെ പേരും പരിഗണനയിലുണ്ട്.