'അമ്മമാരുടെ കണ്ണീരിന് മുമ്പില്‍ കടകംപള്ളി മുട്ടുമടക്കും'; വിശ്വാസി സമൂഹം എന്‍ഡിഎയ്ക്ക് ഒപ്പമെന്ന് ശോഭ
കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ശബരിമല വിഷയം ഉയർത്തി ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു ശോഭയുടെ പ്രതികരണം. വിശ്വാസികൾ വിജയിക്കുക എന്നതാണ് പ്രധാനം. കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
വി മുരളീധരൻ അല്ലെങ്കിൽ കെ സുരേന്ദ്രൻ രണ്ടിലൊന്നിൽ മാത്രമായിരുന്നു ബിജെപിയുടെ എപ്ലസ് മണ്ഡലത്തിൽ ഒരാഴ്ച മുമ്പ് വരെയും പ്രവർത്തകരുടെ കാത്തിരിപ്പ്. ഔദ്യോഗിക വിഭാഗത്തിന്‍റെ തട്ടകത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ എതിർപ്പ് മറികടന്ന് ഒടുവിൽ ശോഭ സുരേന്ദ്രൻ എത്തി. ശോഭയെ വെട്ടാൻ തുഷാർ വെള്ളാപ്പള്ളിയെ രംഗത്തിറക്കാൻ ആലോചിച്ചെങ്കിലും ഔദ്യോഗിക വിഭാഗത്തിന്‍റെ നീക്കം പാളി. ഒടുവിൽ പ്രധാന മന്ത്രിയുടെ ഓഫീസ് കൂടി ഇടപെട്ടതോടെ കഴക്കൂട്ടത്ത് ശോഭയെ ഉറപ്പിക്കുകയായിരുന്നു.