സര്‍വ്വേകളിൽ ശശി തരൂരിൻ്റെ ജനപ്രീതി: അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം, നേമത്ത് മത്സരിപ്പിക്കണമെന്ന് നിര്‍ദേശം?

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നടത്തിയ രഹസ്യസ‍ർവ്വെയിൽ പല കോണ്‍ഗ്രസ് നേതാക്കളെക്കാൾ വോട്ട് വീണത് തരൂരിനാണ്. 

shashi tharoor proves his popularity in asianet news survey

തിരുവനന്തപുരം: തിരുവനന്തപുരം എംപി ശശി തരൂരിൻ്റെ ജനപ്രീതിയിൽ അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേയിലെ ചോദ്യത്തിന് രമേശ് ചെന്നിത്തലയേക്കാൾ വോട്ടുകിട്ടിയത് ശശി തരൂരിനാണ്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിനും ഉമ്മൻ ചാണ്ടിക്ക് തൊട്ടുപിന്നിലെത്തി തരൂർ. ഈ ജനപ്രീതി കണ്ടതിന്‍റെ അമ്പപ്പിലാണ് സംസ്ഥാന കോൺഗ്രസിലെ പ്രമുഖ വിഭാഗം. നിയമസഭയിലേക്ക് തരൂരിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം വരെ ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നു.

ഭരണത്തുടർച്ചക്കൊപ്പം പ്രതിപക്ഷനേതാവിനെയും ഐഗ്രൂപ്പിനെയും ഏറ്റവും അധികം ഞെട്ടിച്ച സർവ്വെ വിവരമാണ് തരൂരിനുള്ള വൻപിന്തുണ. കോൺഗ്രസ്സിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനെന്ന ചോദ്യത്തിൽ ഉമ്മൻചാണ്ടി കഴിഞ്ഞാൽ പിന്നിൽ തരൂരിൻ്റെ പേരാണ് ഉയര്‍ന്നു വന്നത്.  ആരാകണം സംസ്ഥാനത്തെ അടുത്തമുഖ്യമന്ത്രി എന്ന ചോദ്യത്തിനും ചെന്നിത്തലയെ കടത്തിവെട്ടി തരൂർ. 

ചെന്നിത്തല സർവ്വെ തള്ളിയതിനാൽ ഉള്ളിൽ സന്തോഷമെങ്കിലും പ്രതികരിക്കാതെ തന്ത്രപരമായ നിലപാടാണ് ശശി തരൂർ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നടത്തിയ രഹസ്യസ‍ർവ്വെയിൽ പല കോണ്‍ഗ്രസ് നേതാക്കളെക്കാൾ വോട്ട് വീണത് തരൂരിനാണ്. യുവാക്കളിലും ന്യൂനപക്ഷങ്ങൾക്കുമിടയിൽ ശശി തരൂരിനുള്ള പിന്തുണ മുതലാക്കാനാണ് എഐസിസിസി പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല നൽകി അദ്ദേഹത്തെ മുൻനിരയിലേക്കെത്തിച്ചത്. 

സംസ്ഥാനത്തുടനീളം നടത്തിയ ടോക്ക് ടു തരൂർ -പത്രിക ചർച്ചകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മത്സരിക്കുമ്പോഴും അല്ലാത്തപ്പോഴും സംസ്ഥാനനേതൃത്വത്തിൽ നിന്നും വേറിട്ട വഴിയിലൂ‍ടെ ഒറ്റക്കുള്ള തരൂരിൻറെ സഞ്ചാരം എന്നുമെത്തിയത് വിജയലക്ഷ്യത്തിലാണ്. എതിർഗ്രൂപ്പ് നേതാക്കളെ മറികടന്നുള്ള തരൂർ‍ പിന്തുണയിൽ എ ഗ്രൂപ്പിന് ഇപ്പോൾ ഉള്ളത് സന്തോഷം. പക്ഷേ ഗ്രൂപ്പുകൾക്ക് അതീതനായി ചർച്ചയാകുന്ന തരൂർ ഫാക്ടർ നാളെ ഭീഷണിയാകുമോ എന്ന ആശങ്ക എ ഗ്രൂപ്പിനുമുണ്ട്. 

അതിനിടയിലാണ് നേമമോ വട്ടിയൂ‍ർകാവോ പിടിക്കാൻ കരുത്തനെന്ന ചർച്ചയിലേക്ക് സംസ്ഥാനത്തെ ചില നേതാക്കൾ തരൂരിൻറെ പേര് കൂടി ചേർത്ത് ചർച്ചയാക്കുന്നത്. എംപിമാരിൽ തരൂരിന് മാത്രം ഇളവ് നൽകുന്നതും തിരുവന്തപുരം ലോക്സഭാ സീറ്റ് നിലനിർത്തുന്നതിലെ വെല്ലുവിളിയുമൊക്കെയാണ് നെഗറ്റീവായുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios