ഗ്രൂപ്പിസം അവസാനിപ്പിക്കൂ പ്ലീസ്! ; ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും ശശിതരൂർ

കോൺഗ്രസ്സിൽ ഉയരുന്ന തരൂർ റേറ്റിംഗിലെ ചോദ്യങ്ങളെല്ലാം വിശ്വപൗരൻ നാളത്തെ മുഖ്യമന്ത്രിയാകുമോ എന്നതാണ്. മുഖ്യമന്ത്രിയാകണോ എന്ന് പാർട്ടിയും ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്ന് തരൂര്‍ പറയുന്നു

Shashi Tharoor on congress groupism

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് ശശി തരൂർ. ഗ്രൂപ്പ് അടിസ്ഥാനം ആക്കിയാകരുത് പാര്‍ട്ടി പരിഗണനകൾ. ഗ്രൂപ്പ് മാനദണ്ഡം ആകുമ്പോഴാണ് പാർട്ടി കെട്ടുറപ്പ് നഷ്ടമാകുന്നതെന്നും അത് ഒഴിവാക്കി മുന്നോട്ട് പോാകാനാകണമെന്നും ആണ് ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഉള്ള ശശി തരൂരിന്‍റെ അഭ്യർത്ഥന. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രൊഫഷണൽ സമീപനത്തിലൂന്നിയ കാഴ്ചപ്പാടുകൾ തരൂര്‍ പങ്കുവച്ചത്. 

നേമം ഗുജറാത്താകില്ലെന്നും കിറ്റ് കൊടുക്കുന്നതല്ല സർക്കാറിൻറെ ഉത്തരവാദിത്വമെന്നും തരൂർ പറഞ്ഞു. ഹൈക്കമാൻഡ് സർവ്വെയിൽ കണ്ട ജനപ്രീതിയാണ് തരൂരിനെ പ്രകടനപത്രികയുടെ മുഖ്യചുമതല വഴി നേതൃനിരയിലേക്കെത്തിച്ചത്. വിവാദങ്ങൾ മാത്രം പറയുന്ന പ്രതിപക്ഷത്തിൻറേത് നെഗറ്റീവ് രാഷ്ട്രീയമെന്ന സർവ്വ വിലയിരുത്തലുകളോടുള്ള തരൂരിൻറെ മറുപടി കൂടിയാണ് പൊസീറ്റീവ് പത്രിക. ന്യായും സമഗ്രവിദ്യാഭ്യാസപരിഷ്ക്കരണവുമെല്ലാം ലക്ഷ്യമിടുന്നത് അപ്ഡേറ്റിംഗ് കേരള മോഡൽ ആണെന്നും ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു.

കേരളം പിന്തുടരുന്നത് 19 ആം നൂറ്റാണ്ടിലെ തത്വശാസ്ത്രമെന്ന് പറഞ്ഞാണ് സംസ്ഥാന സർക്കാറിനെതിരായ വിമർശനം. നേമത്തിറങ്ങാൻ പറഞ്ഞെങ്കിൽ സ്വീകരിക്കുമായിരുന്നു. നേമത്തെ മുരളിയുടെ വരവ് ബിജെപിക്കെതിരെ കോൺഗ്രസ് നൽകുന്ന വ്യക്തമായ സന്ദേശമാണ്. കോൺഗ്രസ്സിൽ ഉയരുന്ന തരൂർ റേറ്റിംഗിലെ ചോദ്യങ്ങളെല്ലാം വിശ്വപൗരൻ നാളത്തെ മുഖ്യമന്ത്രിയാകുമോ എന്നതാണ്. 
മുഖ്യമന്ത്രിയാകണോ എന്നത് പാർട്ടിയും ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നാണ് ഇതിനുള്ള മറുപടി. 

പാർട്ടി ദേശീയതലത്തിൽ കലാപക്കൊടി ഉയർത്തിയ ജി. 23 ഗ്രൂപ്പ് നീക്കളിലെ മുൻനിരക്കാരനായ തരൂർ ആഭ്യന്തരചർച്ചകളെല്ലാം തെരഞ്ഞെടുപ്പിന് ശേഷമാണെന്നും നയം വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios