പാലക്കാട് നിന്ന് ഷാഫി പറമ്പിലിനെ നീക്കിയേക്കും, സീറ്റ് എവി ഗോപിനാഥിന് നൽകി അനുനയനീക്കത്തിന് സാധ്യത

വിമത ഭീഷണി ഉയർന്ന പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാൻ നേതൃത്വം ആലോചിക്കുന്നതായാണ് പുതിയ വിവരം.

shafi parambil palakkad seat congress assembly election

ദില്ലി: സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്കുള്ള ചർച്ചകളും അനുനയ നീക്കങ്ങളും ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിൽ അപ്രതീക്ഷിത നീക്കങ്ങൾക്കും മാറ്റങ്ങൾക്കും സാധ്യതയേറുന്നു. പാലക്കാട് മണ്ഡലത്തിലെ നിലവിലെ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം ആശങ്ക അറിയിച്ചു. വിമത ഭീഷണി ഉയർന്ന പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാൻ നേതൃത്വം ആലോചിക്കുന്നതായാണ് പുതിയ വിവരം.

പാലക്കാട് സീറ്റ് കോൺഗ്രസിന് നഷ്ടപ്പെടുത്തുന്നതിലേക്ക് വിമത നീക്കങ്ങളെത്തിക്കരുതെന്നാണ് സംസ്ഥാന നേതൃത്വവും കണക്കുകൂട്ടുന്നത്. ഇതോടൊപ്പം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പിന്തുണ വലിയ തോതിൽ ഷാഫിക്ക് ഇല്ലെന്നുള്ളതും നേതൃത്വം പരിഗണിക്കുന്നു. അതേ സമയം പാലക്കാട്ടെ സാധ്യതപട്ടികയിൽ വിമത നീക്കം നടത്തിയ എ വി ഗോപിനാഥും ഉൾപ്പെട്ടിട്ടുണ്ട്. ഗോപിനാഥ് ഉയർത്തിയ വിമത ഭീഷണിക്കിടെയാണ് സംസ്ഥാന നേതൃത്വം പാലാക്കാട് സീറ്റിൽ പുനരാലോചന നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.  

സ്ഥാനർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ദില്ലിയിൽ ചേരും. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കോൺഗ്രസ് അന്തിമ പട്ടിക തയ്യാറാക്കുക. ഇതനുസരിച്ച് കോൺഗ്രസ് എംപിമാർ തങ്ങളുടെ നിർദ്ദേശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റിയ്ക്ക് മുന്നിൽ വ്യക്തമാക്കിയതായാണ് വിവരം. 

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പ്രദേശിക തലത്തിൽ ഉയർന്ന തർക്കങ്ങളും എതിർപ്പുകളും തള്ളി കോന്നിയിൽ റോബിൻ പീറ്ററിനായി അടൂർ പ്രകാശ് എംപി ഇടപെട്ടു. കോന്നി ഉപതെരഞ്ഞെടുപ്പിൽ തന്റെ നിർദ്ദേശം തള്ളിയതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നും കോന്നിയിൽ റോബിൻ പീറ്ററിനെ പരിഗണിക്കണമെന്നുമുള്ള നിർദ്ദേശം അടൂർ പ്രകാശ് മുന്നോട്ട് വെച്ചതായാണ് വിവരം. സ്ക്രീനിംഗ് കമ്മിറ്റി മുൻപാകെയാണ് സ്ഥലം എംപി കൂടിയല്ലാത്ത അടൂർ പ്രകാശിന്റെ നിർദ്ദേശം. 

തൃശൂരിൽ മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പദ്മജയെ മത്സരിപ്പിക്കണമെന്ന് ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതേ സമയം കാസർകോട്ട് രാജ് മോഹൻ ഉണ്ണിത്താൻ ആരെയും നിർദേശിച്ചിട്ടില്ല. കാസർകോട്ടെ സ്ഥാനാർത്ഥികളെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ ഉണ്ണിത്താൻ സ്വീകരിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios