പി.എം.മനോജും പുത്തലത്ത് ദിനേശനുമടക്കം ഏഴ് പേരെ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി ഉത്തരവിറങ്ങി
ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയി.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഏഴ് പേരുടെ നിയമനം ക്രമപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, പ്രസ് അഡ്വൈസർ പ്രഭാവർമ, പ്രസ് സെക്രട്ടറി പി.എം.മനോജ്, പൊളിറ്റിക്കൽ സെക്രട്ടറിയുടെ കീഴിൽ ജോലി ചെയ്യുന്ന നാല് ജീവനക്കാർ എന്നിവരെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയി. മന്ത്രിസഭ ചട്ടം ദേദഗതി ചെയ്താണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 37 ആയി ഉയര്‍ത്തിയിരിക്കുന്നത്. വിരമിക്കുമ്പോൾ പെൻഷൻ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നാണ് ആക്ഷേപം. രണ്ട് വര്‍ഷത്തിലേറെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചട്ടപ്രകാരം ഭാവിയിൽ പെൻഷന് അവകാശമുണ്ട്.