'കുലംകുത്തിയെ തിരിച്ചറിയണം' ; ജോസ് കെ മാണിക്കെതിരെ പാലായില്‍ പോസ്റ്റര്‍
കുലംകുത്തിയെ തിരിച്ചറിയണം എന്ന് എഴുതിയാണ് സേവ് സിപിഎം ഫോറം എന്ന സംഘടനയുടെ പേരിൽ പാലായിൽ പോസ്റ്ററൊട്ടിച്ചത്.
കോട്ടയം: പാലാ നഗരസഭയിൽ കഴിഞ്ഞ ദിവസം നടന്ന കയ്യാങ്കളിക്ക് പിന്നാലെ ജോസ് കെ മാണിക്കെതിരെ പാലാ നഗരത്തിൽ പോസ്റ്റര്‍. കുലംകുത്തിയെ തിരിച്ചറിയണം എന്ന് എഴുതിയാണ് പാലായിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോളിംഗ് ബൂത്തിൽ ജോസ് കെ മാണിക്ക് തിരിച്ചടി നൽകണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. സേവ് സിപിഎം ഫോറം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍.
അതേസമയം പാലായിലെ എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. നഗരസഭയിലെ കൈയ്യാങ്കളി വ്യക്തിപരമായ വിഷയമാണ്. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒന്നും അതിലില്ല. സിപിഎമ്മും കേരളാ കോൺഗ്രസും തമ്മിൽ പ്രശ്നം ഇല്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
പാലാ നഗരസഭയിലെ കൈയ്യാങ്കളി സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്ന് സിപിഎം ജില്ലാ നേതൃത്വവും നിലപാടെടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി എവി റസ്സല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കയ്യാങ്കളി സംഭവത്തിൽ എൽഡിഎഫ് കൗൺസിലർമാരെ താക്കീത് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.