ലതികാ സുഭാഷിന്‍റെ രാജി; ശരിയായില്ലെന്ന് ദീപ്തി മേരി വര്‍ഗീസ്, വേദനയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെയാണ് മഹിളാ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചത്.

responses on  lathika subhash controversy

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച സംഭവത്തില്‍ പ്രതികരിച്ച് വനിതാ നേതാക്കളും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും. സീറ്റ്‌ കിട്ടാത്തതിന്റെ പേരിൽ പരസ്യ പ്രതിഷേധം നടത്തിയത് ശരിയായില്ല എന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

'പരാതി ഉണ്ടെങ്കിൽ നേതൃത്വത്തിനു മുന്നിലായിരുന്നു പ്രതിഷേധിക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ ഈ പ്രതിഷേധം പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതാണ്. ലതികാ സുഭാഷ് സീറ്റ്‌ ലഭിക്കേണ്ട ആളുതന്നെയാണ്. ഏറ്റുമാനൂർ തന്നെ വേണമെന്ന് വാശി പിടിച്ചത് കൊണ്ടാണ് സീറ്റ്‌ കിട്ടാതെ പോയത്'- ദീപ്തി മേരി വർഗീസ് പറയുന്നു. ലതികയ്ക്കും ബിന്ദുവിനും സീറ്റ്‌ നൽകണം എന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് മെയിൽ അയച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ലതികാ സുഭാഷിന്‍റെ തല മുണ്ഡനം മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയെന്ന് എഐസിസി വിചാര്‍ വിഭാവ് സെക്രട്ടറി സ്വപ്ന പെട്രോണിക്സ് പ്രതികരിച്ചു. ഇതിന്‍റെ പ്രതികരണം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലതിക സുഭാഷിന്‍റെ പ്രതിഷേധം ദുഖകരമെന്ന് മുൻ കൊച്ചി മേയര്‍ സൗമിനി ജെയിൻ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയിൽ വനിതകൾക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഐശ്വര്യ കേരള യാത വിജയിപ്പിക്കാനായി ഓടി നടന്നയാളാണ് ലതിക സുഭാഷ്. മാറ്റിവച്ച സീറ്റുകളിൽ ലതിക സുഭാഷിനെ പരിഗണിക്കണമെന്നും സൗമിനി ജെയിൻ ആവശ്യപ്പെട്ടു. പ്രതിഷേധം സ്ത്രീകൾക്ക് വലിയ വേദനയുണ്ടാക്കി. ഇനി എങ്കിലും ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. എഐസിസി മുന്നോട്ടുവച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അവ‍ര്‍ കൂട്ടിച്ചേര്‍ത്തു.

ലതികാ സുഭാഷിന്റെ രാജിയില്‍ വേദനയുണ്ടെന്നും രാഷ്ട്രീയത്തിലെ പുരുഷന്മാരായ മുഴുവന്‍ ആളുകളും പുനര്‍വിചിന്തനത്തില്‍ തയാറാകുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ലതികാ സുഭാഷിനെ പിന്തുണച്ച് എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തി. സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ്സിനു വേണ്ടി പണിയെടുക്കുന്ന ലതികയുടെ ഇന്നത്തെ വികാരം ഞങ്ങള്‍ക്കു മനസ്സിലാകും. ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യത. എല്ലാ രാഷ്ട്രീയ പാർട്ടിയിലെ ആൺ നേതാക്കളും ഇതു കാണുക. ലജ്ജിക്കുക, തല താഴ്ത്തുക എന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

തല മുണ്ഡനം ചെയ്യുന്ന ലതികാ സുഭാഷിന്‍റെ ദൃശ്യം അസ്വസ്ഥയാക്കിയെന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ പി ഗീത തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. താങ്കളുടെ ഈ പ്രതിഷേധത്തിന്‍റെ രാഷ്ട്രീയം തിരിച്ചറിയണമെങ്കിൽ കേരളത്തിലെ പുരുഷന്മാർ ഏഴു ജന്മം ഇനിയും ജനിക്കണമെന്നും അവര്‍ കുറിച്ചു. 

സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്ത ഒരു ദേശീയ പാര്‍ട്ടിയുടെ മഹിളാ സംഘടനയുടെ അധ്യക്ഷ,  പാര്‍ട്ടി ആസ്ഥാനത്തു വച്ചു തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതു കാണേണ്ടി വരുന്നതു സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മേനി പറയുന്ന നമ്മുടെയൊക്കെ  ദുര്യോഗം എന്ന് എഴുത്തുകാരി കെ ആര്‍ മീര തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 'ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചൊരു സംഘടിത ശക്തിയായി തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി വിലപേശുന്ന കാലം വരെയേയുള്ളൂ ആണത്തത്തിന്റെ പേരിലുള്ള അധീശത്വം. അങ്ങനെയൊരു കാലം വരാതിരിക്കില്ല. കുറച്ചു വൈകിയാലും. അതുവരെ, ഇടതും വലതും തീവ്രവലത്തും നിലകൊള്ളുന്ന ഒരുപാടു സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യുദ്ധം ചെയ്യേണ്ടി വരും. ഒറ്റയ്ക്കു യുദ്ധം ചെയ്യാന്‍ തീരുമാനിക്കുന്നതു തന്നെ ഒരു രാഷ്ട്രീയ വിജയമാണ്'- മീര കുറിച്ചു. 

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെയാണ് മഹിളാ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചത്. വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരി​ഗണിക്കണമെന്നും പറഞ്ഞ ലതികാ സുഭാഷ് താൻ തിരുത്തൽ ശക്തിയായി തുടരുമെന്നും പ്രഖ്യാപിച്ചു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധമാണ് നടത്തിയത്. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ വച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത്.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios