'ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടിക വിപ്ലവം'; സുധാകരന്‍ സംസാരിക്കുന്നത് കാര്യങ്ങളറിയാതെ, മറുപടിയുമായി ചെന്നിത്തല
തര്‍ക്കമുണ്ടെങ്കില്‍ താനും ഉമ്മന്‍ചാണ്ടിയും തമ്മിലാണുണ്ടാകേണ്ടത്, അതുണ്ടായിട്ടില്ലെന്നും ചെന്നിത്തല
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടകിയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരന് മറുപടിയുമായി രമേശ് ചെന്നിത്തല. സുധാകരന്‍ കാര്യങ്ങളറിയാതെയാണ് സംസാരിക്കുന്നതെന്നും ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടിക വിപ്ലവമെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗ്രൂപ്പ് പരിഗണനയുണ്ടായില്ല. തര്‍ക്കമുണ്ടെങ്കില്‍ താനും ഉമ്മന്‍ചാണ്ടിയും തമ്മിലാണുണ്ടാകേണ്ടത്, അതുണ്ടായിട്ടില്ലെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നായിരുന്നു കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞത്. സ്ഥാനാർത്ഥിപ്പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്‍റെ പേരിൽ കെസി വേണുഗോപാലും ഇഷ്ടക്കാർക്ക് സീറ്റ് നൽകി. ഹൈക്കമാൻഡിന്‍റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നുമായിരുന്നു സുധാകരന്‍റെ ആരോപണം.