ഇരട്ട വോട്ടുകൾ 38,586 മാത്രമെന്ന് തെര. കമ്മീഷൻ, ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ
ഇത്തരം വോട്ടുകൾ തടയാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവും നാലിന നിർദ്ദേശങ്ങൾ ഹൈക്കോടതിക്ക് സമർപ്പിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടപട്ടികയിൽ ഉൾപ്പെട്ട ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ നാളെ വിധി പറയും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
38,586 ഇരട്ട വോട്ടുകളാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. ബിഎൽഒമാരുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങൾ ബിഎൽഒമാർ പ്രിസൈഡിങ് ഓഫീസര്‍മാർക്ക് കൈമാറും. തെരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാൻ കമ്മിഷന് ബാധ്യതയുണ്ടെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്നും കോടതിയെ അറിയിച്ചു.
ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തല ഹൈക്കോടതിയിൽ
അതേ സമയം പ്രതിപക്ഷ നേതാവും നാലിന നിർദ്ദേശങ്ങൾ ഹൈക്കോടതിക്ക് സമർപ്പിച്ചു. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎൽഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണം. ഇതിന്‍റെ രേഖകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറണം, ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് സത്യവാങ്മൂലം നൽകണം. വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വറിൽ ശേഖരിക്കണമെന്നതടക്കമുള്ള നിർദ്ദേശമാണ് പ്രതിപക്ഷ നേതാവ് ഹൈ്കകോടതിയെ അറിയിച്ചത്.