അരിതാ ബാബുവിനെതിരായ പരാമര്‍ശം: ആരിഫ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ചെന്നിത്തല
അരിതാ ബാബു മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയില്‍ അല്ലെന്ന എംപിയുടെ പരാമര്‍ശം വിലകുറഞ്ഞതാണ്. പാല്‍ വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശമെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ എം ആരീഫ് എംപി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിതാ ബാബു മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയില്‍ അല്ലെന്ന എംപിയുടെ പരാമര്‍ശം വിലകുറഞ്ഞതാണ്. പാല്‍ വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം. ഇതിന് കായംകുളം ജനത തക്കമറുപടി നല്‍കും. എംപിയുടെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നതായും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
കായംകുളത്ത് നടന്ന വനിതാ സംഗമത്തില്‍ പ്രസംഗിച്ചപ്പോഴായിരുന്നു ആരിഫിന്റെ വിവാദ പരാമർശം. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നാണ് ആരിഫ് എൽഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിച്ചത്. നവ മാധ്യമങ്ങളില്‍ ഉൾപ്പെടെ ആരിഫിനെതിരെ യുഡിഎഫ് പ്രവർത്തകർ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
ആരിഫിൻ്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്‍റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിത ബാബു പറഞ്ഞു.