ജോലിക്കായി യുവാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുദ്രാവാക്യം വിളിക്കേണ്ട അവസ്ഥ: സര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധി
കേരളത്തിൽ തൊഴിൽ കിട്ടുന്നത് ഇടതുപക്ഷകാര്‍ക്ക് മാത്രമാണെന്നും തൊഴിൽ കിട്ടാൻ ചെറുപ്പക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ പോയി മുദ്രാവാക്യം വിളിക്കേണ്ട അവസ്ഥയാണെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് - ബിജെപി ഒത്തുകളി ആരോപിച്ച് രാഹുൽ ഗാന്ധി. എന്നെ ബിജെപി നിരന്തരം വേട്ടയാടുകയാണ് എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. എന്തു കൊണ്ടാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. ബിജെപിയെ വിമർശിച്ചാൽ ബിജെപി നിങ്ങളെ വെറുതേ വിടില്ല. എന്നാൽ എൽഡിഎഫിൻ്റെ കാര്യം വരുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്.
കേരളത്തിൽ തൊഴിൽ കിട്ടുന്നത് ഇടതുപക്ഷകാര്‍ക്ക് മാത്രമാണെന്നും തൊഴിൽ കിട്ടാൻ ചെറുപ്പക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ പോയി മുദ്രാവാക്യം വിളിക്കേണ്ട അവസ്ഥയാണെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അഴിമതിക്കാരെ വിലങ്ങു വയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരെ അതിശക്തമായ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. പിണറായിക്ക് കടലിൻ്റെ മക്കൾ മാപ്പ് തരില്ല. കടലിൻ്റെ മക്കളെ മുഖ്യമന്ത്രി പിന്നിൽ നിന്ന് കുത്തിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പത്ത് വോട്ടിന് വേണ്ടി സിപിഎം വർഗീയത പറയുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കരവിറ്റ പിണറായി കടലും വിറ്റെന്നും സർവേകളിൽ യുഡിഎഫും എൽഡിഎഫും ഇപ്പോൾ ഒപ്പത്തിനൊപ്പമാണെന്നും എന്നാൽ ഇനി എൽഡിഎഫ് പൂജ്യത്തിലേക്ക് പോകുമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ -
ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ മത്സ്യത്തൊഴിലാളികൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുന്നു. തന്നെ എപ്പോഴും ആക്രമിക്കാൻ ബി ജെ പി ശ്രമിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. എന്തു കൊണ്ടാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. ബിജെപിയെ വിമർശിച്ചാൽ ബിജെപി നിങ്ങളെ വെറുതേ വിടില്ല.
കേരളത്തിൽ ഇടതുപക്ഷക്കാരന് മാത്രമാണ് ജോലി കിട്ടുന്നത്. കൊടി പിടിക്കാത്ത മലയാളി ആണെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ജോലിക്കായി മുദ്രാവാക്യം വിളിക്കണം. കോൺഗ്രസ് സിപിഎമ്മിൻ്റെ അക്രമത്തെ ഭയക്കില്ല. യുഡിഎഫ് പ്രകടനപത്രിക ജനങ്ങളുടെ പ്രകടന പത്രികയായിരിക്കും. എല്ലാവർക്കും സൗജന്യ ചികിത്സ യുഡിഎഫിൻ്റെ പ്രകടനപത്രികയിൽ ഉണ്ടാകും. യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ തൂത്ത് വാരും. കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന ന്യായ് പദ്ധതിയും പ്രകടനപത്രികയിൽ ഉണ്ടാകും. പ്രകടനപത്രികയിൽ മത്സ്യതൊഴിലാളികളെയും കൃഷിക്കാരെയും തകർക്കുന്ന ഒന്നും ഉണ്ടാകില്ല