ബിജെപി സിപിഎം ധാരണക്ക് അടിവരയിട്ട് ആര്‍ ബാലശങ്കര്‍; ഒത്തുകളി ആക്ഷേപത്തിൽ ഉടക്കി മുന്നണികൾ
- പരിശോധിക്കാൻ ബിജെപി ദേശീയ നേതൃത്വം
- ഏത്ര സീറ്റിൽ ധാരണയുണ്ടെന്ന് ചെന്നിത്തല
- വെട്ടിലായി സംസ്ഥാന ബിജെപിയും സിപിഎമ്മും
- വികാരപ്രകടനം മാത്രമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: പതിവ് ആരോപണ പ്രത്യാരോപണങ്ങളിലും രാഷ്ട്രീയ വിവാദങ്ങളിലും ചുറ്റിത്തിരിഞ്ഞ് നിന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പൊടുന്നനെ ഉണ്ടായ ട്വിസ്സ് ആയിരുന്നു ഡോ. ആര്‍ ബാലശങ്കര്‍ ഉന്നയിച്ച ഒത്തുകളി ആക്ഷേപം. നിമയസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍റെ വെളിപ്പെടുത്തലോടെ വലിയ രാഷ്ട്രീയപ്പോരിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിട്ടുള്ളത്.
വിവാദ വെളിപ്പെടുത്തലിൽ ആകെ പ്രതിരോധത്തിലായ ബിജെപിയും സിപിഎമ്മും പ്രസ്ഥാവന പാടെ നിഷേധിക്കുമ്പോൾ ഇരുമുന്നണികൾക്കും എതിരെ നിലപാട് കടുപ്പിച്ചെത്തുകയാണ് യുഡിഎഫ്. അതേ സമയം പറഞ്ഞതെല്ലാം ശരിയാണെന്ന് ആര്‍ ബാലശങ്കറും ഉറച്ച് നിൽക്കുന്നു. സ്വതവേവെ തീപാറുന്ന പോരാട്ടം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കളത്തിൽ പുതിയ സംഭവവികാസങ്ങൾ സമാനതകളില്ലാത്ത ചര്‍ച്ചകൾക്കാണ് വഴിയൊരുക്കുന്നത്.
കോന്നിയിൽ കെ സുരേന്ദ്രന് ജയിക്കാൻ ആറൻമുളയിലും ചെങ്ങന്നൂരും സിപിഎം ബിജെപി ഒത്തുകളിയുണ്ടെന്നായിരുന്നു ആര്‍ ബാലശങ്കര്‍ ആക്ഷേപം ഉന്നയിച്ചത്. കേരളത്തിലെ ബിജെപി നേതൃത്വം മാഫിയാ സംഘമാണെന്നും പ്രസ്ഥാനത്തിന് വേണ്ടി നീണ്ട 40 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ആക്ഷേപിച്ച ബാലശങ്കര്‍ ബിജെപി ഏറെ സാധ്യത കൽപ്പിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിൽ പോലും അപ്രസക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയെന്നും തുറന്നടിച്ചു.
ആര്‍എസ് എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുൻ എഡിറ്ററും ദേശീയ നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയുമാണ് ആര്‍ ബാലശങ്കറെന്നിരിക്കെ വലിയ കോളിളക്കമാണ് ഈ തുറന്ന് പറച്ചിൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയത്. എതിര്‍ത്തും അനുകൂലിച്ചും ആയുധമാക്കിയും പലതരം പ്രതികരണങ്ങൾക്കിടെ ഏറെ പ്രതിരോധത്തിലായത് കെ സുരേന്ദ്രന് കീഴിൽ കേരളത്തിൽ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപി തന്നെയാണ്. ബാലശങ്കറിന്‍റേത് സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തിയെന്നും മത്സരിക്കാനുള്ള ആഗ്രഹം തന്നോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു കെ. സുരേന്ദ്രന്‍റെ പ്രതികരണം.
തുടര്‍ന്ന് വായിക്കാം: സിപിഎം ബിജെപി ധാരണ: ബാലശങ്കറിനെ തള്ളി കെ സുരേന്ദ്രൻ, നടക്കുന്നത്
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പം കേന്ദ്ര മന്ത്രി വി.മുരളീധരനും ബാലശങ്കറിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചു, സീറ്റ് കിട്ടാത്തതിലുള്ള വികാര പ്രകടനമെന്ന പരാമര്‍ശത്തോടെ ആര്‍.ബാലശങ്കറിന്‍റെ ആരോപണങ്ങളെ വി മുരളീധരനും തള്ളി.സീറ്റ് ആരും കയ്യിൽ നിന്ന് എടുത്ത് കൊടുക്കുന്നതല്ല .സീറ്റ് കിട്ടാത്തതിലുള്ള പ്രതികരണമാണ് ആര്‍ ബാലശങ്കറിന്റേത് എന്നും അതിനപ്പും പ്രാധാന്യം അതിന് നൽകേണ്ടതില്ലെന്നുമാണ് വി മുരളീധരന്‍റെ പ്രതികരണം.
ബിജെപി നേതാക്കൾ കൂട്ടത്തോടെ എതിര്‍ത്ത് എത്തിയെങ്കിലും പറഞ്ഞതെല്ലാം ആര്‍ ബാലശങ്കര്‍ ആവര്‍ത്തിക്കുകയാണ്. സ്ഥാനമോഹിയെന്ന് വിളിച്ച് ആക്ഷേപിച്ച് പ്രസ്താവന തള്ളിക്കളഞ്ഞ ബിജെപി നേതാക്കളോട് ആവശ്യമെങ്കിൽ ഇതിലും നേരത്തെ തനിക്ക് സീറ്റ് കിട്ടുമായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് വായിക്കാം: സിപിഎം ബിജെപി ഒത്തുകളിയിൽ ഉറച്ച് ഡോ. ആര്‍ ബാലശങ്കര്‍; സ്ഥാനാർത്ഥികളെ കെട്ടിയിറക്കി...
ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയെ ഇറക്കാത്തതും ഹരിപ്പാട്ടെ തട്ടിക്കൂട്ട് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിന് തെളിവാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോഴാണ് ബിജെപിക്കും സിപിഎമ്മിനും എതിരെ കോണ്‍ഗ്രസ് ആര്‍.ബാലശങ്കറിനെ ഒരുപോലെ ആയുധമാകുന്നത്. ബിജെപിക്കെതിരായ ന്യൂനപക്ഷത്തിന്‍റെയടക്കമുള്ള വോട്ടുകളിൽ ആശയകുഴപ്പമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. എത്ര സീറ്റിൽ ധാരണയുണ്ടെന്ന ചോദ്യവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎമ്മിനും ബിജെപിക്കും എതിരെ ആഞ്ഞടിച്ചത്.
''അദ്ദേഹം ഒരു വിടുവായനല്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. കോന്നിയിൽ മുമ്പ് മത്സരിച്ചിട്ടുള്ളതാരാണ്? ബിജെപിയുടെ സംസ്ഥാനപ്രസിഡന്‍റല്ലേ? ചെങ്ങന്നൂരിൽ ഇതിന് മുമ്പ് മത്സരിച്ചിട്ടുള്ളത് ബിജെപിയുടെ മുൻ പ്രസിഡന്‍റാണ്. വോട്ട് കച്ചവടമൊക്കെ ഇവിടെ ആര് ആർക്കാണ് നടത്തിയതെന്ന് എല്ലാവർക്കുമറിയാം'',- അഞ്ച് മണ്ഡലങ്ങളിൽ ബിജെപി സിപിഎം ബന്ധമുണ്ടെന്ന് ആര് ബാലശങ്കര്‍ ആരോപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട് ഉറക്കെ ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.
അതേസമയം വിവാദം രാഷ്ട്രീയ കേരളത്തിൽ ആളിപ്പടരുമ്പോൾ സംസ്ഥാനത്തെ സംഭവവികാസങ്ങളിൽ കടുത്ത കടുത്ത അതൃപ്തിയാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് ഉള്ളത് എന്നാണ് വിവരം. ശോഭ സുരേന്ദ്രന്‍റെ സീറ്റിനെ ചൊല്ലിയുള്ള വിവാദം, മാനന്തവാടിയിലെ സ്ഥാനാര്‍ത്ഥിയുടെ പിന്മാറ്റം, ബാലശങ്കറിന്‍റെ തുറന്നുപറച്ചിൽ തുടങ്ങി എല്ലാറ്റിനും അടിസ്ഥാനം പാര്‍ടിയിലെ ഗ്രൂപ്പുപോരാണെന്ന വിലയിരുത്താലാണ് പൊതുവായുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം ഉണ്ടായാൽ സംസ്ഥാന ബിജെപിയെ കാത്തിരിക്കുന്നതും കടുത്ത നടപടികളായിരിക്കും.