'പു.ക.സ ആ വീഡിയോകൾ പിൻവലിച്ചതെന്തുകൊണ്ട്?'; പ്രതികരിച്ച് ഷാജി എൻ കരുൺ
വീഡിയോകൾ നിർമിച്ചവരുടെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമില്ല എങ്കിലും, കൈകാര്യം ചെയ്ത രീതിയിൽ പിഴവുണ്ടായിട്ടുണ്ടെന്നും ഷാജി എൻ കരുൺ പറഞ്ഞു.
പുരോഗമന കലാ സാഹിത്യ സംഘം എറണാകുളം ജില്ലാകമ്മിറ്റി പുറത്തിറക്കിയ, തിരഞ്ഞെടുപ്പു പ്രചാരണ വീഡിയോകൾ പിൻവലിച്ചത്, അവയ്ക്ക് ഗുണനിലവാരം ഇല്ലെന്നുള്ള തിരിച്ചറിവിന്റെ പുറത്താണെന്ന വിശദീകരണവുമായി പുകസ സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുൺ. "ഓരോ തിരഞ്ഞെടുപ്പിലും അതാത് ജില്ലാ കമ്മിറ്റികളിൽ കലാകാരന്മാരിൽ നിന്ന് ഇത്തരത്തിലുള്ള സൃഷ്ടികൾക്കുള്ള ആശയങ്ങൾ ഉയർന്നു വരാറുണ്ട്. ഇത്തവണയും അതുണ്ടായി. അക്കൂട്ടത്തിൽ പെട്ട, എറണാകുളം ജില്ലാ കമ്മിറ്റി നിർമിച്ച ചില പ്രചാരണ വീഡിയോകൾ പബ്ലിഷ് ചെയ്ത നിമിഷം തൊട്ടുതന്നെ അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ശരിയല്ല എന്ന രീതിയിൽ വളരെ വ്യാപകമായ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടായിരുന്നു. അപ്പോൾത്തന്നെ ആ വീഡിയോകൾ പിൻവലിക്കാൻ പുകസ തീരുമാനിക്കുകയുമായിരുന്നു" - അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
വീഡിയോകൾ നിർമിച്ചവരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ല എങ്കിലും, ആ വിഷയത്തെ കൈകാര്യം ചെയ്ത രീതിയിൽ കാര്യമായ പിഴവുണ്ടായിട്ടുണ്ടെന്നും, ഭാവിയിൽ ഇത്തരത്തിലുള്ള വിഷയങ്ങളെ സമീപിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നുള്ള തിരിച്ചറിവായി ഇത്തരത്തിലുള്ള വിമർശനങ്ങളെ പുകസ കണക്കാക്കുന്നു എന്നും ഷാജി എൻ കരുൺ പറഞ്ഞു.
തിരഞ്ഞെടുപ്പുസമയത്ത് ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടാണ് പുകസ എറണാകുളം ജില്ലാ കമ്മിറ്റി ഒരു പരമ്പര പോലെ നിരവധി ഹ്രസ്വ വീഡിയോകൾ നിർമിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ ഉള്ളടക്കത്തിലെ 'പിന്തിരിപ്പൻ' സ്വഭാവത്തെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്നതോടെ പ്രസ്തുത വീഡിയോകൾ പിൻവലിക്കാൻ സംഘടന നിർബന്ധിതമാവുകയായിരുന്നു.
കോമാളിയും പൂജാരിയും പിന്നെ ഉമ്മയും
ചാർളി ചാപ്ലിനെപ്പോലെ കോട്ടും സ്യൂട്ടും തൊപ്പിയുമൊക്കെ ധരിച്ച ഒരു കോമാളിവേഷക്കാരനാണ് ഈ വീഡിയോകളിലെല്ലാം പൊതു കഥാപാത്രമായിട്ടുള്ളത്. കലാഭവൻ റഹ്‌മാനാണ് ഈ വേഷം അവതരിപ്പിച്ചത്. നാട്ടിലും വീട്ടിലുമായി ഇറങ്ങി നടക്കുന്ന ഈ കോമാളി കണ്ടുമുട്ടുന്ന, ക്ഷേത്രത്തിലെ പൂജാരി(സന്തോഷ് കീഴാറ്റൂർ), മുസ്ലിം സ്ത്രീ(തെസ്നി ഖാൻ) എന്നിങ്ങനെ പലരും ഈ പ്രചാരണ വീഡിയോകളുടെ ഭാഗമാകുന്നുണ്ട്.
സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷന്റെ ഗുണഭോക്താവായ മുസ്ലിം സ്ത്രീ, വാർധക്യത്തിൽ തന്നെ അവഗണിച്ച് തന്നെ പരിഗണിക്കാൻ കൂട്ടാക്കാതെ വേറിട്ട് കഴിയുന്ന മകനെ, അവനു കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണ് എന്നറിഞ്ഞ്, സ്വന്തം പെൻഷനിൽ നിന്ന് നീക്കിവെച്ച് പണം കൊണ്ടുകൊടുക്കാൻ വേണ്ടി പോകും വഴിക്കാണ് കോമാളിയെ കണ്ടുമുട്ടുന്നതും സംഭാഷണത്തിൽ ഏർപ്പെടുന്നതും. ഉമ്മയുടെ ഒരു മകൻ രാജ്യദ്രോഹിയാണ് എന്നും അവന്റെ മൃതദേഹം പോലും കാണേണ്ട എന്ന് പറഞ്ഞവരാണ് ഈ ഉമ്മ എന്നുമൊക്കെ കോമാളി പ്രേക്ഷകരോട് പറയുന്നുണ്ട്. മുസ്ലിം ഉമ്മയുടെ മകനെ ഒരു തീവ്രവാദിയാക്കാൻ വളരെ എളുപ്പത്തിൽ തന്നെ പുരോഗമികൾ എന്ന് പേരിൽ തന്നെ അവകാശപ്പെടുന്ന പുകസയ്ക്ക് സാധിച്ചു എന്നും, അതേ ലാഘവത്തോടെ അവർക്ക് പൂജാരിയുടെ കഥാപാത്രത്തിന്റെ മകനെ തീവ്രവാദിയാക്കാൻ കഴിയില്ല എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അതിരൂക്ഷമായി പ്രതികരിച്ചവർ പലരും അഭിപ്രായപ്പെട്ടു. ഇതുപോലുള്ള വീഡിയോകൾ പുറത്തിറക്കുമ്പോഴെങ്കിലും പേരിന്റെ കൂടെയുള്ള 'പുരോഗമനം' ഒഴിവാക്കണം എന്നും ചിലർ പറഞ്ഞു.
'ഇത് നവഹിന്ദുത്വവൽക്കരണത്തിന്റെ ലക്ഷണം' - ഡോ. ആസാദ്
എന്നാൽ, ഇത് പുകസയുടെ മാത്രം പ്രശ്നമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ.ആസാദ് അഭിപ്രായപ്പെട്ടത്. "ഒരു വ്യക്തി അല്ലെങ്കിൽ പാർട്ടി നിത്യജീവിതത്തിൽ പുലർത്തുന്ന സമീപനത്തിൽ നിന്ന് അതിന്റെ പ്രത്യയശാസ്ത്രത്തെ നിശ്ചയിക്കാൻ കഴിയും. നമുക്ക് പ്രത്യയ ശാസ്ത്രത്തിനനുസരിച്ച് ജീവിക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ ജീവിതരീതി പ്രത്യയശാസ്ത്രമായി മാറും. അത് വ്യക്തികളുടെ കാര്യത്തിലും സംഘടനകളുടെ കാര്യത്തിലും ഒക്കെ സംഭവിക്കുന്ന അപചയമാണ്. ഇപ്പോൾ ഇടതു പക്ഷം, പ്രത്യേകിച്ച് സിപിഎം കടന്നു പോകുന്നത് ഒരു നവഹിന്ദുത്വപാതയിലൂടെ തന്നെയാണ്. മുമ്പ്, വിശ്വഹിന്ദു പരിഷത്തോ ആർഎസ്എസോ ഒക്കെ ആരംഭിച്ചിരുന്നതാണ് രാമായണമാസം ആചരണമെങ്കിൽ ഇന്നത് നടത്തിക്കൊടുക്കുന്നത് സിപിഎം നേരിട്ടാണ്. ക്ഷേത്ര കമ്മിറ്റികളിൽ സജീവമാകുന്നതും, ശോഭായാത്ര നടത്തുന്നതും ഒക്കെ ഇന്ന് സിപിഎം പ്രവർത്തകർ തന്നെയാണ്. ഇതൊക്കെ ഒരു നവഹിന്ദുത്വവൽക്കരണം തന്നെയാണ്. ഇക്കാര്യത്തിൽ അവർ ആർഎസ്എസ്സുമായി മത്സരിക്കുകയാണ്. ഞങ്ങൾക്കു തന്നെ ഇതൊക്കെ ചെയ്യാനാവും എങ്കിൽ പിന്നെ നിങ്ങളുടെ ആവശ്യമെന്ത്? എന്ന മട്ടിലാണ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ പ്രവർത്തനങ്ങൾ. സിപിഎമ്മിന്റെ നിത്യജീവിതത്തിലെ നയങ്ങളിലുണ്ടായ ഈ ഒരു പിന്മടക്കത്തിന്റെ ഏറ്റവും പുതിയ ലക്ഷണമാണ്, പുകസയിൽ നിന്ന് ഇപ്പോൾ ഉണ്ടായ ഇത്തരം സൃഷ്ടികൾ'...' ഡോ. ആസാദ് പറഞ്ഞു.