പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു

കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥികളായി രണ്ടില ചിഹ്നത്തിലാണ് പി.ജെ.ജോസഫും മോൻസ് ജോസഫും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. 

PJ Joseph and Monce joseph resigned MLA Posts


തിരുവനന്തപുരം: പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കർക്ക് നൽകി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപായാണ് ഇരുവരും രാജി വച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനായിട്ടാണ് ജോസഫും മോൻസും രാജിവച്ചത് എന്നാണ് സൂചന. 

കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥികളായി രണ്ടില ചിഹ്നത്തിലാണ് പി.ജെ.ജോസഫും മോൻസ് ജോസഫും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. കഴിഞ്ഞ ദിവസം പി.സി.തോമസ് നയിക്കുന്ന കേരള കോൺ​ഗ്രസിൽ പി.ജെ.ജോസഫ് വിഭാ​ഗം ലയിച്ചിരുന്നു. പുതിയ പാർട്ടിയിൽ ലയിച്ച ശേഷവും കേരള കോൺ​ഗ്രസ് എം എംഎൽഎമാരായി തുടരുന്നതിലെ നിയമപ്രശ്നം ഒഴിവാക്കാനാണ് രാജിവയ്ക്കുന്നതാണ് നല്ലത് എന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരും രാജിവച്ചത്. ഇരുവരുടേയും രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

അതേസമയം പാർട്ടി ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനാൽ പി.ജെ.ജോസഫ് വിഭാ​ഗം സ്ഥാനാർത്ഥികൾ ഇതുവരെ നാമനി‍ർദേശക പത്രിക സമർപ്പിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ മാത്രമേ നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധിക്കൂ. നാളെ മുതൽ പത്രികകളുടെ സൂക്ഷമപരിശോധന ആരംഭിക്കുകയാണ്. കേരള കോൺ​ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നം നേരത്തെ സൈക്കിളായിരുന്നു. എന്നാൽ ദേശീയ പാർട്ടിയായ എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും സൈക്കിളായതിനാൽ മറ്റേതെങ്കിലും ചിഹ്നമായിരിക്കും പി.ജെ.ജോസഫ് ചെയർമാനും മോൻസ് ജോസഫ് വൈസ് ചെയർമാനും പിസി തോമസ് ഡെപ്യൂട്ടി ചെയർമാനുമായ പുതിയ പാർട്ടിക്ക് ലഭിക്കുക.  
 

Latest Videos
Follow Us:
Download App:
  • android
  • ios