പ്രതിപക്ഷത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ധര്‍മ്മടത്ത് മണ്ഡലപര്യടനം

സിപിഎമ്മിനായി ധർമ്മടത്ത്  ഞാൻ തന്നെ മത്സരിക്കണമെന്നാണ് പാർട്ടി തീരുമാനിച്ചത്. നാടിൻ്റെ പേര് ചീത്തയാക്കുന്ന ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല. തുടർന്നും പിന്തുണ വേണമെന്നും വോട്ടര്‍മാരോട് പിണറായി

Pinarayi vijayan started campaign dharmadam

കണ്ണൂർ: ധര്‍മ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടര്‍മാരെ കാണാനുള്ള മണ്ഡലപര്യടനം ആരംഭിച്ചു. ധര്‍മ്മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്. 

ബജറ്റ് പദ്ധതികൾക്കപ്പുറം കേരളത്തിൽ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാൽ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. ഓഖി ദുരന്തം വന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അതിനെതിരേയും പാര വയ്ക്കാനാണ് ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി. 

പ്രസംഗത്തിനൊടുവിൽ ജനങ്ങളോട് മുഖ്യമന്ത്രി വോട്ട് തേടുകയും ചെയ്തു. സിപിഎമ്മിനായി ധർമ്മടത്ത്  ഞാൻ തന്നെ മത്സരിക്കണമെന്നാണ് പാർട്ടി തീരുമാനിച്ചത്. നാടിൻ്റെ പേര് ചീത്തയാക്കുന്ന ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല. തുടർന്നും പിന്തുണ വേണമെന്നും പിണറായി വോട്ടർമാരോട് അഭ്യര്‍ത്ഥിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ -
ഈ ശാപം ഒഴിഞ്ഞു പോയാൽ മതി എന്നായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ജനം ചിന്തിച്ചത്. ബജറ്റിന് പുറത്ത് 50,000 കോടിയുടെ വികസനം നടപ്പാക്കാനാണ് കിഫ്ബി വഴി സർക്കാർ ശ്രമിച്ചത്. നാടിൻ്റെ വികസനം തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോ​ഗിക്കുന്നു. പ്രതിപക്ഷമാവട്ടെ കിഫ്ബിക്കെതിരെ പടപ്പുറപ്പാട് നടത്തുകയാണ്.  നാട് ദുരന്തം നേരിടുമ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ല.

നോട്ട് നിരോധന സമയത്ത് ബിജെപിയെ എതിക്കാൻ ഒരുമിച്ചു നിൽക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. പക്ഷേ അതിന് പോലും കെപിസിസി കൂടെ നിന്നില്ല. കേരളം എന്നത് കൊലക്കളമാണെന്നൊരു പ്രചാരണം ദേശീയ തലത്തിൽ ബിജെപി നടത്തിയിരുന്നു. കേരളത്തെ അപമാനിക്കാനുള്ള രാഷ്ട്രീയ ക്യാംപെയ്നായിരുന്നു അത്. ഇതിനെ എതിർക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല.

ഓഖി ദുരന്തം വന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അതിനെതിരേയും പാര വയ്ക്കാനാണ് ശ്രമിച്ചത്. ഓഖിയിൽ കേന്ദ്ര പാക്കേജിന് സംസ്ഥാനം ആവശ്യപ്പെട്ടപ്പോഴും പ്രതിപക്ഷം പിന്തുണച്ചില്ല. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഉണ്ടായപ്പോൾ അത് ഡാം തുറന്നു വിട്ടതു കൊണ്ടാണെന്ന് പ്രചരിപ്പിച്ചു.  ദുരന്തത്തിൽ സഹായിക്കാൻ രാജ്യങ്ങൾ തയ്യാറായപ്പോൾ കേന്ദ്രം തടസ്സം നിന്നു. എൽഡിഎഫ് ഭരിക്കുമ്പോൾ കേരളം നശിക്കട്ടെ എന്ന സാഡിസ്റ്റ് മനോഭാവമായിരുന്നു അന്ന് പ്രതിപക്ഷത്തിനുണ്ടായിരുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios