'വർഗീയതക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കൺകെട്ട് വിദ്യയല്ല': നേമത്തെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് പിണറായി

ധർമ്മടത്ത് ഏഴ് ദിവസമായി വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. എല്ലായിടത്തും ആവേശകരമായ പ്രതികരണം, വലിയ സ്ത്രീ പങ്കാളിത്തമെന്നും പിണറായി

Pinarayi Vijayan Meets media from Kannur on Kerala assembly election

കണ്ണൂർ: സംസ്ഥാനതലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനാധിപത്യത്തെ വിൽപ്പനചരക്കാക്കി, തങ്ങളെ തന്നെ വിലയ്ക്ക് വെച്ച കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കൺകെട്ട് വിദ്യയല്ല. അങ്ങിനെ എൽഡിഎഫ് അതിനെ കാണുന്നില്ലെന്നും പിണറായി നേമത്തെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസമായി പ്രചാരണത്തിന് ധർമ്മടത്ത് ആവേശകരമായ പ്രതികരണം കിട്ടി. ജനക്ഷേമ പരമായ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകുന്നു. എല്ലാ യോഗങ്ങളിലും വലിയ സ്ത്രീ പങ്കാളിത്തം ഉണ്ടായി. കടുത്ത ചൂട് കാലമായിട്ടും കുഞ്ഞുങ്ങൾ താത്പര്യപൂർവ്വം പങ്കെടുക്കുന്നു.

ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണ എതിരാളികളെ ആശങ്കയിലാക്കി. അതിനാലാണ് കൃത്രിമ പ്രതീകങ്ങൾ സൃഷ്ടിച്ച് ചർച്ച മാറ്റാൻ ശ്രമിക്കുന്നത്. നേമത്തെ മത്സരമാണ് ബിജെപിക്കെതിരായ തങ്ങളുടെ തുറുപ്പ് ചീട്ടെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നു. ആദ്യം മുൻ തെരഞ്ഞെടുപ്പിൽ ഒഴുകിപ്പോയ വോട്ടിനെ കുറിച്ച് പറയണം. അതെങ്ങോട്ട് പോയി? അത് കോൺഗ്രസ് തന്നെ വ്യക്തമാക്കണം. അത് മുഴുവൻ തിരിച്ചുപിടിച്ചാലേ കഴിഞ്ഞ തവണ എൽഡിഎഫ് എത്തിയ നിലയുടെ ഏഴയലത്ത് എങ്കിലും എത്താനാവും. 

കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്നു. സംസ്ഥാന തലത്തിൽ കോൺഗ്രസ്-ബിജെപി-യുഡിഎഫ് തമ്മിൽ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ കുറേ കാലത്തെ കാര്യങ്ങളിൽ നിന്ന് വ്യക്തമാകും. ഒരു കക്ഷി രാവിലെ ഒരു ആരോപണം ഉന്നയിക്കും. മറ്റേ കക്ഷിയുടെ നേതാക്കൾ അത് വൈകീട്ട് ആരോപിക്കും. ഇത് നാട് തന്നെ ശ്രദ്ധിച്ച കാര്യമാണ്. കേരളത്തിൽ നടന്ന പ്രധാന കാര്യങ്ങൾ മറച്ചുവെക്കാൻ ഇരു കൂട്ടരും പരസ്പര ധാരണയിൽ പ്രവർത്തിക്കുന്നു. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചെറുപ്പക്കാർക്ക് ജോലി നൽകുന്നതിൽ സർക്കാർ താത്പര്യം കാണിക്കുന്നില്ലെന്ന പ്രതീതിയുണ്ടാക്കാൻ പിഎസ്‌സിക്കെതിരെ കടുത്ത ആക്രമണം ഈ വിഭാഗം അഴിച്ചുവിട്ടു.

കേരള ചരിത്രത്തിലെ നിയമന ഉത്തരവ് നൽകുന്നതിൽ പിഎസ്‌സി റെക്കോർഡ് സൃഷ്ടിച്ചു. 158000 പേർക്ക് പിഎസ്സി നിയമന ഉത്തരവ് നൽകി. ഇത് സർവകാല റെക്കോർഡാണ്. അത്തരം നേട്ടം പിഎസ്‌സി ഉണ്ടാക്കിയപ്പോൾ ഇവർ അഭിനന്ദിക്കുന്നതിന് പകരം അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. 

കേന്ദ്രസർക്കാർ എട്ട് ലക്ഷം തസ്തികകളിൽ നിയമനം നടത്തിയില്ല. എട്ട് ലക്ഷം പേർക്ക് നിയമനം തടഞ്ഞു. ബിജെപിക്ക് അതിനെതിരെ സംസാരിക്കാനുള്ള പ്രയാസം മനസിലാക്കാം. അവരുടെ സർക്കാരിനെതിരെ പരസ്യ നിലാപാടെടുക്കാൻ അവർക്ക് കഴിയില്ല. എന്താണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രശ്നം? എട്ട് ലക്ഷം തസ്തിക ഒഴിഞ്ഞാൽ നിയമനം നടത്തണമെന്ന് ആവശ്യപ്പെടാൻ അവർക്ക് കഴിയണ്ടേ? കേന്ദ്ര ബിജെപി ഭരണത്തെ കുറിച്ച് ഗൗരവമായ വിമർശനം പോലും ഉന്നയിക്കാത്തത് കേരള തല ധാരണയുടെ ഭാഗമാണെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല.

കൊവിഡ് കാലത്ത് കിറ്റ് നൽകിയത് കേന്ദ്രസർക്കാരിന്റെ കിറ്റാണെന്ന് ചിലർ പറയുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും അത് കൊടുത്തിട്ടുണ്ടോ? കാര്യങ്ങളെ വക്രീകരിക്കാനാണ് ശ്രമം. ഇതാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും നേതാക്കൾ ചെയ്യുന്നത്. സംസ്ഥാനത്തായാലും രാജ്യത്തായാലും വർഗീയതയ്ക്ക് എതിരെ ഉറച്ച നിലപാടെടുക്കണം. അത് ജനം കൃത്യമായി വിലയിരുത്തുന്നുണ്ട്. മതനിരപേക്ഷതയുടെ സംരക്ഷണം, അതിന്റെ അടിസ്ഥാനം വർഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് നിന്ന് കൂട്ടത്തോടെ എംപിമാർ പാർലമെന്റിലേക്ക് പോയി. ഇപ്പോൾ നടക്കുന്ന കർഷക സമരം ബിജെപി സർക്കാരിനെതിരെയാണ്. ആ സമരം 100 ദിവസം പിന്നിട്ടു. കോൺഗ്രസ് എംപിമാരിൽ എത്ര പേരാണ് ആ സമരത്തിൽ പങ്കെടുത്തത്? എന്തേ ആ സമരത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് എംപിമാർക്ക് മനസ് വരാത്തത്? ഇടതുപക്ഷം ആ സമരത്തിന്റെ നേതൃ നിരയിൽ തന്നെയുണ്ട്. ഇത്തരം കാര്യങ്ങളിലെ വ്യത്യാസം ബിജെപിയോടുള്ള സമീപനത്തിൽ തന്നെ പ്രകടമാണ്. ബിജെപിയെ ചെറുക്കാൻ നമ്മുടെ രാജ്യത്തെ ജനം പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ വിജയിപ്പിക്കുന്ന നില സ്വീകരിച്ചിട്ടുണ്ട്. അവർക്കുണ്ടായ അനുഭവം എന്താണ്. ജയിച്ച കോൺഗ്രസ് എന്ത് നിലപാടാണ് എടുത്തത്? ജനഹിതം അട്ടിമറിച്ച് തങ്ങളെ തന്നെ ബിജെപിക്ക് വിൽക്കുന്ന കാഴ്ചയാണ് കണ്ടത്.

ഗോവയിൽ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസായിരുന്നു വലുത്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം പോലും അവർക്ക് ലഭിച്ചു. എന്നാൽ ജയിച്ചുവന്ന കോൺഗ്രസ് എംഎൽഎമാർ ഇരുന്നില്ല. അതിന് മുൻപ് തന്നെ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയി. ബിജെപി സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ബലം കോൺഗ്രസ് ഉണ്ടാക്കിക്കൊടുത്തു. ഇത് ഗോവയുടെ കാര്യത്തിൽ മാത്രമല്ല. മണിപ്പൂർ, മധ്യപ്രദേശ്, കർണാടക, മാഹി ഉൾപ്പെട്ട പുതുച്ചേരി അങ്ങിനെ എത്ര? പുതുച്ചേരിയിൽ എത്ര പ്രധാനികൾ ബിജെപിയിൽ പോയി? ത്രിപുര, മേഘാലയ തുടങ്ങി എല്ലായിടത്തും വ്യത്യസ്ത രീതികൾ അരങ്ങേറിയതാണ് രാജ്യത്തിന്റെ അനുഭവം. ഇന്ത്യൻ ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങുന്ന വിൽപ്പന ചരക്കാക്കി ബിജെപി മാറ്റി. വിലയ്ക്ക് വാങ്ങാവുന്ന വസ്തുവായി കോൺഗ്രസ് തങ്ങളെ ചുരുക്കി. 

കോൺഗ്രസിന്റെ സിഎഎ നിലപാട് വിശ്വസിക്കാനാവില്ല. എപ്പോൾ വേണമെങ്കിലും ബിജെപി നിലപാടിന് ഒപ്പം നിൽക്കാൻ തയ്യാറാവുന്നവരുടെ ഇപ്പോഴത്തെ നിലപാടിനെ വിശ്വസിക്കാനാവുമോ? കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാം സിഎഎക്കെതിരെ പ്രമേയം പാസാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങൾ കോൺഗ്രസിനെ കുറിച്ച് ചിന്തിക്കുന്നവരുടെ മുന്നിലുണ്ട്. വർഗീയതയോട് സമരസപ്പെടാൻ കാണിക്കുന്ന വ്യഗ്രതയാണ് കോൺഗ്രസിന്. അത് കേരളത്തിലും വന്നുതുടങ്ങുന്നു.

പ്രളയം വന്നപ്പോൾ ആയിരം വീട് നിർമ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചു. 100 വീടെങ്കിലും നിർമ്മിച്ച് നൽകിയോ? ഇത്തരം ആവശ്യത്തിന് വേണ്ടി നാട്ടിൽ നിന്ന് പിരിച്ച തുക എന്തിന് വേണ്ടി ചിലവാക്കി? ആ കണക്കിനെ കുറിച്ച് പിന്നീട് കേട്ടോ? ഇതൊക്കെയാണ് കോൺഗ്രസിന്റെ കാര്യം. കത്വയിലെ പെൺകുട്ടിക്ക് വേണ്ടി പിരിച്ച തുക പ്രസിദ്ധപ്പെടുത്തിയില്ല എന്ന കാര്യത്തിൽ ലീഗിനെതിരെ വിമർശനം ഉണ്ട്. സാധാരണക്കാരായ കോൺഗ്രസുകാരും ലീഗുകാരും ഇത്തരം കാര്യങ്ങളിൽ അതൃപ്തിയുള്ളവരാണ്. ഇത്തരമാളുകൾ പലതും ഗൗരവത്തോടെ എടുക്കുന്നില്ല. അണികളിൽ അതൃപ്തി രൂക്ഷമാണ്.

നേമത്ത് പുതിയ ശക്തനെ ഇറക്കിയത് തന്നെ യഥാർത്ഥ പോരാട്ടത്തിനാണോ അല്ല ഇവർ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോയെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ. നേമത്തെ നേരത്തെയുള്ള അനുഭവം വിഷമകരമാണ്. കേരളത്തിൽ ആദ്യമായി ബിജെപിക്ക് സീറ്റുണ്ടാക്കിയത്, താമര വിരിയാൻ അവസരമൊരുക്കിയത് ആരാണ്. സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്ത് കോൺഗ്രസാണ് അവസരം ഒരുക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് യുഡിഎഫിന് ലഭിച്ച വോട്ട് എത്രയാണെന്ന് ചിന്തിക്കണം. 2011 ൽ കിട്ടിയ വോട്ട് 2016 ൽ എന്തുകൊണ്ട് ലഭിച്ചില്ല? തങ്ങളുടെ വോട്ട് കൊണ്ടാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചതെന്ന് കോൺഗ്രസിന് സമ്മതിക്കേണ്ടി വരികയല്ലേ? കോൺഗ്രസിന്റെ വേറൊരാളെ ജയിപ്പിക്കാൻ വേണ്ടിയുള്ള ശ്രമമാണിത്.

പുതിയൊരു സാഹചര്യത്തിൽ ആ തെറ്റ് ഏറ്റുപറയാൻ കോൺഗ്രസ് തയ്യാറായിട്ടുണ്ടോ? മതനിരപേക്ഷ കേരളത്തിന്റെ പ്രതിച്ഛായ തകർക്കാനാണ് കോൺഗ്രസ് കൂട്ടുനിന്നത്. കോൺഗ്രസ് കേരളത്തോട് മാപ്പുപറയണം. ചില ഭാഗത്ത് വ്യക്തതയില്ല. തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസ് സീറ്റുകൾ എവിടെ? എന്താണ് സംഭവിക്കുന്നത്? തങ്ങളുടേതെല്ലാം ബിജെപിക്ക് സമ്മാനിച്ച് ബിജെപിയെ വളർത്തി എന്ന് കുറ്റസമ്മതം നടത്താൻ കോൺഗ്രസ് തയ്യാറാകുമോ? നേമത്ത് നെടുങ്കാട് ഡിവിഷനിൽ 1669 വോട്ട് കിട്ടിയ സ്ഥലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 74 വോട്ടാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും നേമത്ത് വർഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ പോരാടി. കഴിഞ്ഞ തവണ എൽഡിഎഫ് വോട്ട് വർധിച്ചു. അത് നിരന്തര പോരാട്ടത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. കഴിഞ്ഞ തവണ നേമത്ത് യുഡിഎഫിന് കിട്ടിയത് 13860 വോട്ടാണ്. രണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് ചോർന്നത് 47260 വോട്ട്. ഇതൊക്കെ സംസാരിക്കുന്ന കണക്കുകളാണ്, ഇവയിൽ എല്ലാമുണ്ടെന്നും പിണറായി പറഞ്ഞു.

നേമത്ത് ആരാണ് മുന്നിലെന്നും ആരാണ് ശക്തനായ സ്ഥാനാർത്ഥിയെന്നും പ്രത്യേകം പറയണ്ട. കടുത്ത പോരാട്ടം എൽഡിഎഫ് തന്നെയാണ് കാഴ്ചവെക്കുന്നത്. വർഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കൺകെട്ട് വിദ്യയല്ല. അങ്ങിനെ എൽഡിഎഫ് അതിനെ കാണുന്നില്ല. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിരന്തര പോരാട്ടത്തിന്റെ ഭാഗമാണ്. മതനിരപേക്ഷ കേരളം അഭിമാനപൂർവം രാജ്യത്തിന് മുന്നിൽ സമർപ്പിക്കാനാവുന്ന ഒന്നാണ്. അതിനെ തകർക്കാൻ ആര് വന്നാലും സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതാണ് മതേതര കേരളത്തിന് ഇടതുപക്ഷം നൽകുന്ന ഉറപ്പ്.

ചോദ്യങ്ങളോട് പ്രതികരണം

  • ഇതൊരു പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ ആ പാർട്ടിയുടെ മഹിളാ വിഭാഗത്തിന്റെ സംസ്ഥാന നേതാവ് പ്രതികരണം ഒരു രാഷ്ട്രീയ നേതാവിന്റെ പക്വതയോടെയായിരുന്നോയെന്ന് എനിക്ക് സംശയമുണ്ട്. മറ്റ് കാര്യങ്ങൾ പറയാൻ ഞാനളല്ല.
  • കോന്നിയിൽ മുൻപ് മത്സരിച്ചത് ബിജെപിയുടെ പ്രസിഡന്റാണ്. ചെങ്ങന്നൂരിൽ മത്സരിച്ചത് മുൻ പ്രസിഡന്റാണ്. വർഗീയ ശക്തികളെ നാല് വോട്ടിന് വേണ്ടി സമരസപ്പെടുത്തുന്ന അൽപ്പത്തരവും ഞങ്ങൾ ചിന്തിക്കില്ല. ബാലശങ്കർ വിടുവായൻ അല്ല എന്നാണ് തനിക്കറിയാവുന്നത്. ഇപ്പോൾ എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു എന്ന് അറിയില്ല.
  • കുറ്റ്യാടിയിലെ പ്രാദേശിക വികാരം കണ്ട് കേരള കോൺഗ്രസ് എം തന്നെ സീറ്റ് തിരികെ നൽകി. ഉദാരമനസ്കരായി അവർ സ്വീകരിച്ച നിലപാട് വളരെ നല്ല മനോഭാവമാണ്. അങ്ങിനെ വന്നപ്പോ പ്രാദേശിക നേതൃത്വം നൽകിയ സ്ഥാനാർത്ഥിയെ തന്നെ പരിഗണിക്കുകയായിരുന്നു.
  • ധർമ്മടത്ത് ആർക്കും മത്സരിക്കാം. വാളയാർ പ്രശ്നത്തിൽ ആ അമ്മയുടെ വികാരത്തിനൊപ്പം അവർ എന്താണോ ആവശ്യപ്പെട്ടത് അതനുസരിച്ചാണ് നിലപാടെടുത്തത്. അവരെ ഒരു ഘട്ടത്തിലും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവർ എന്തെങ്കിലും തരത്തിൽ നിലപാട് എടുക്കുന്നുണ്ടെങ്കിൽ എടുക്കട്ടെ. സിബിഐ അന്വേഷണത്തിന് കാര്യങ്ങൾ വിട്ടു. അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുന്നു. വാളയാർ കേസിൽ ഇനി സിബിഐ അന്വേഷണമാണ് നടക്കേണ്ടത്.
  • വ്യക്തികൾ പലതരക്കാരാണ്. അപചയം കണ്ടാൽ അവരെ ശാസിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കും. എന്നിട്ടും നന്നായില്ലെങ്കിൽ പുറത്താക്കും. അവർ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പോയാൽ അതിൽ പാർട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
  • ഞങ്ങൾ ഇവിടെ ബിജെപിക്കും കോൺഗ്രസിനും എതിരാണ്. ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളാണ് രണ്ട് പേരുടേതും. രണ്ട് പേരെയും എതിർക്കുക എന്നതാണ് ഇവിടുത്തെ നിലപാട്. ഇവിടെ യുഡിഎഫിനെ പരാജയപ്പെടുത്തും. ബിജെപിയെ വളർത്താതിരിക്കും.

കൊവിഡ് വ്യാപനത്തെ കുറിച്ച് മുഖ്യമന്ത്രി

ഒരാഴ്ചയായിട്ട് രോഗികളുടെ എണ്ണത്തിൽ 31 ശതമാനത്തിന്റെ കുറവുണ്ടായി. സംസ്ഥാനത്ത് 14 ലക്ഷത്തിലേറെ അളുകൾക്ക് വാക്സിനേഷൻ നൽകാനായി. ഏറ്റവും വേഗത്തിൽ വാക്സിനേഷൻ നൽകുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. കൊവിഡ് മഹാമാരി നമ്മളെ വിട്ടുപോയിട്ടില്ല. എളുപ്പത്തിൽ രോഗം വിട്ടുപോകില്ല. എന്നാൽ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാനാവും എന്ന് ഉറപ്പിച്ച് പറയാനാവും. നാട്ടിലെ എല്ലാവർക്കും ഉചിതമായ ചികിത്സയും സുരക്ഷയും നൽകാൻ വേണ്ട ശേഷി ആർജ്ജിച്ചിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ കേരളം കാണിച്ച മികവ് കേന്ദ്ര സർക്കാരും അംഗീകരിച്ചിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ ടെസ്റ്റ് നടന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ബ്രേക്ക് ദി ചെയിൻ ക്യാംപെയിൻ തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി. ബ്രേക്ക് ദി ചെയിൻ പദ്ധതി രോഗ പ്രതിരോധ പ്രവ‍ർത്തനം ഫലപ്രദമാക്കി. 

കൊവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് ജനം പരസ്പരം ഇടപെടുന്ന തോത് വർധിക്കും. ഓരോ ഇടപെടലും ജാഗ്രതയോടെ വേണം. തന്നിൽ നിന്ന് രോഗം പകരില്ലെന്ന നിർബന്ധബുദ്ധി ഓരോരുത്തരും കാണിക്കണം. അന്തരീക്ഷത്തിൽ ചൂട് വർധിക്കുന്നു. പകൽ സമയത്ത് താപനില കൂടുതലാണ്. പലവിധത്തിലുള്ള ആരോഗ്യപ്രശ്നത്തിന് കാരണമായേക്കും. ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനമാണ് കേരളം. സൂര്യാഘാതം, സൂര്യതാപം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പകൽ സമയത്ത് 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കുടിവെള്ളം കൈയ്യിൽ കരുതണം, ശുദ്ധജലം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest Videos
Follow Us:
Download App:
  • android
  • ios