'കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടില്ലെന്ന വാദം തെറ്റ്, മന്ത്രിയുടേത് വെള്ള പൂശൽ', പിയുഷ് ഗോയലിനെതിരെ പിണറായി

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല എന്നതിന്റെ തെളിവാണ് പിയൂഷ് ഗോയലിൻ്റെ പ്രസ്താവന.

pinarayi vijayan against piyush goyal on nun attack case

തിരുവനന്തപുരം: കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രി പിയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്തീകൾ ആക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന് പിണറായി പ്രതികരിച്ചു. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താൽ ആക്രമണം നടന്നു. അതിനെ കേന്ദ്രമന്ത്രി ന്യായീകരിക്കുകയാണെന്നും അക്രമികളെ വെള്ള പൂശുകയാണെന്നും പിണറായി വിമർശിച്ചു. 

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല എന്നതിന്റെ തെളിവാണ് പിയൂഷ് ഗോയലിൻ്റെ പ്രസ്താവന. എന്തിനാണ് മതം മാറ്റത്തിന് ശ്രമിക്കുന്നു എന്ന് പറഞ്ഞു കന്യാസ്ത്രീകളെ തടഞ്ഞുവച്ചത്?  അക്രമികൾക്ക് വെള്ള പൂശുകയാണോ കേന്ദ്രമന്ത്രി ചെയ്യേണ്ടത്? മതനിരപേക്ഷ ശക്തികൾ ഇതിനെ ചെറുക്കും. അതിന് കേരളം മുന്നിലുണ്ടാകുമെന്നും പിണറായി പറഞ്ഞു. 

കോൺഗ്രസ് ബിജെപിക്കൊപ്പം ചേർന്ന് എൽഡിഎഫിനെ ആക്രമിക്കാനാണ് താൽപര്യം കാണിക്കുന്നത്. വിക്സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നടപ്പിലാക്കും എന്ന് കേന്ദ്രം പറയുന്നു. നടപ്പാക്കില്ല എന്ന് തന്നെയാണ് കേരളത്തിന്റെ നിലപാട്. ജനം വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണ്.

എൽഡിഎഫിന് അനുകൂലമായ വലിയ ജനവികാരം എല്ലാ ജില്ലയിലും കാണുന്നു. 5 വർഷം മുൻപത്തേക്കാൾ ഉജ്ജ്വല വിജയം നേടും. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൌരൻമാർ വരെ എല്ലാ ജനവിഭാഗങ്ങളിലും വലിയ സ്വീകാര്യതയാണ് എൽഡിഎഫിനുള്ളത്. നേമത്തെ ബിജെപി അക്കൗണ്ട് ഞങ്ങൾ ക്ലോസ് ചെയ്യും. ബിജെപി വോട്ട് വിഹിതം കുറയും. പ്രകൃതിദുരന്തം പകർച്ചാവ്യാധി ഉണ്ടായില്ലായിരുന്നെങ്കിൽ നമ്മൾ ഇതിലും മുന്നോട്ട് പോയേനെയെന്ന് പറഞ്ഞ മുഖ്യമന്ത്രി വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണെന്നും ചില മാധ്യമങ്ങളും ഇതിന് തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനഹിതം അട്ടിമറിക്കാൻ അക്രമങ്ങളും അപവാദ പ്രചാരണവും അഴിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ട്. ഒരു പ്രമുഖ മാധ്യമം യു ഡി എഫിനായി അന്തം വിട്ട കളി കളിക്കുന്നു. കോതമംഗലത്ത് എൽഡ‍ിഎഫ് സ്ഥാനാർത്ഥിയെ ആക്രമിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ വലിയ പ്രകോപനം ഉണ്ടായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  
 

Latest Videos
Follow Us:
Download App:
  • android
  • ios