പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പൻ; നിര്‍ണ്ണായക തീരുമാനം വെള്ളിയാഴ്ച
പാലാ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റ് സാധ്യതകളെ കുറിച്ച് ആലോചിക്കും . അധികം വൈകാതെ തീരുമാനം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പൻ
കൊച്ചി: പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പൻ. എൻസിപിക്ക് പാലാ മണ്ഡലം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് മാണി സി കാപ്പന്‍റെ പ്രതികരണം. മാണി സി കാപ്പന് വേണമെങ്കിൽ കുട്ടനാട് മത്സരിക്കാമെന്ന ഇടതുമുന്നണി വാദ്ഗാനവും മാണി സി കാപ്പൻ തള്ളി.
പാലാ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റ് സാധ്യതകളെ കുറിച്ച് ആലോചിക്കും . അധികം വൈകാതെ തീരുമാനം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. നിര്‍ണ്ണായക തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാ സീറ്റിന്റെ കാര്യത്തിൽ തീരുമാനം അറിയിച്ചത്. ഇതോടെ എൻസിപി മുന്നണി മാറ്റ ചര്‍ച്ചകൾ സജീവമാക്കിയിരിക്കുകയാണ്.
എൻസിപി ഇടതുമുന്നണി വിട്ടേക്കുമെന്ന ചര്‍ച്ച സജീവമാകുന്നതിനിടെ ഇന്ന് ടിപി പീതാംബരനെ ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ടിപി പീതാംബരനും മാണി സി കാപ്പനും ഒരുമിച്ചായിരിക്കും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുക. അതിനിടെ എൻസിപിയിലെ പിളപ്പും രൂക്ഷമായി. ഭൂരിപക്ഷം ജില്ല കമ്മിറ്റികളും ഒപ്പമുണ്ടെന്നാണ് എകെ ശശീന്ദ്രൻ വിഭാഗം അവകാശപ്പെടുന്നത്. പത്ത് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്നും അതുകൊണ്ട് തന്നെ മാണി സി കാപ്പൻ മുന്നണി വിട്ടാലും തിരിച്ചടിയാകില്ലെന്നും ശശീന്ദ്രൻ അനുകൂലികൾ പറയുന്നു